തൃശ്ശൂർ: ലാഭകരമല്ലാത്ത എടിഎമ്മുകൾ രാത്രി സമയങ്ങളിൽ അടച്ചിടാൻ ബാങ്കുകൾ ഒരുങ്ങുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ബാങ്കുകൾ എടിഎമ്മിന്റെ രാത്രി കാല സേവനങ്ങൾ അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. കിട്ടാക്കടം പെരുകുകയും ലാഭം കുറയുകയും ചെയ്ത ബാങ്കുകളോട് ചെലവ് ചുരുക്കാനുള്ള നടപടിയെടുക്കാൻ റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു. ഇതിന് പുറമേ ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ നിർേദശത്തിന്റെയും ഭാഗമായാണിത്.

ചെറുകിട ബാങ്കുകളും നഷ്ടത്തിലുള്ള ബാങ്കുകളുമാണ് ഇത് ഉടൻ നടപ്പാക്കുക. ബാങ്ക് ഓഫ് ഇന്ത്യയോട് ലാഭകരമല്ലാത്ത 700 എ.ടി.എമ്മുകൾ പൂട്ടാൻ ഡിസംബറിൽ നിർദേശിക്കുകയുണ്ടായി. രാത്രി പത്തുമുതൽ രാവിലെ എട്ടുവരെ ശരാശരി പത്ത് ഇടപാടുകൾ നടക്കാത്ത എ.ടി.എമ്മുകൾ ഈ സമയത്ത് തുേെറക്കണ്ടന്നാണ് തീരുമാനം. ഏറെ ശാഖകളില്ലാത്ത ചില ബാങ്കുകൾ തീരുമാനം നടപ്പാക്കിത്തുടങ്ങി.

ചെലവ് ചുരുക്കാനുള്ള പഠനം നടത്താനായി ചില ബാങ്കുകൾ കോസ്റ്റ് ബെനിഫിറ്റ് എക്സ്പൻഡിച്ചർ കമ്മിറ്റിയെ നിയമിച്ചിരുന്നു. ഈ സമിതിയാണ് ഇടപാട് കുറഞ്ഞ എ.ടി.എമ്മുകൾ രാത്രി അടച്ചിടാൻ ശുപാർശ നല്കിയത്. ലാഭത്തിലുള്ള ബാങ്കുകളും ചെലവ് ചുരുക്കലിനായി പഠന കമ്മിറ്റിയെ നിയോഗിച്ചിരുന്നു. രാത്രി ഇടപാടുകൾ കുറവുള്ള എ.ടി.എമ്മുകൾ കണ്ടെത്താനായി മൂന്നു മാസമായി രാത്രിയിലെ ഇടപാടിന്റെ കണക്കെടുത്തിരുന്നു.

രാത്രി കാവൽക്കാരനെ ഒഴിവാക്കാം. വൈദ്യുതി ബില്ലിലും ലാഭമുണ്ടാക്കാം. ഈ സമയം ക്യാമറ പ്രവർത്തിപ്പിക്കേണ്ടാത്തതിനാൽ അതിന്റെ ചെലവും ലാഭിക്കാം. മോഷണത്തിനും യന്ത്രം കേടാക്കാനുമുള്ള സാധ്യതയും കുറയും. അതേസമയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെലവ് ചുരുക്കലിന്റെ ഭാഗമായി എ.ടി.എമ്മുകൾ രാത്രിയിൽ പൂട്ടിയിടില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.