ലണ്ടൻ: ഒരുപക്ഷേ നിങ്ങളുടെ വിമാനയാത്ര ഒരു അത്യാവശ്യത്തിനായിരിക്കും. ലഗേജ് ഒന്നുമില്ലാത പെട്ടെന്ന് പോയിവരാൻ ഇറങ്ങിയാലും വിമാനക്കൂലിയിൽ കുറവൊന്നും ഉണ്ടാവില്ല. നിങ്ങൾക്ക് അവകാശപ്പെട്ട 30 കിലോ ലഗേജിന്റെ നിരക്കുകൂടി ആ ടിക്കറ്റിൽ ഉൾപ്പെടുകയാണ് പതിവ്. എന്നാൽ ആ പതിവ് തെറ്റിക്കുകയാണ് ബ്രിട്ടീഷ് എയർവേയ്‌സ്. ലഗേജ് ഇല്ലാത്തവർക്ക് നിരക്ക് കുറച്ചുകൊണ്ടാണ് തുടക്കം. ഇത് വിജയിച്ചാൽ എല്ലാ വിമാനക്കമ്പനികളും പിൻതുടർന്നേക്കുമെന്ന പ്രതീക്ഷയാണ് വിമായയാത്രക്കാർക്കുള്ളത്.

ബജറ്റ് നിരക്കിൽ വിമാനയാത്ര സാധിക്കുന്ന തരത്തിലേക്കാണ് അത്യാവശ്യക്കാരെ സഹായിക്കാനുള്ള ബ്രിട്ടീഷ് എയർവേയ്‌സിന്റെ പദ്ധതി. ലഗേജൊന്നുമില്ലാതെ യാത്ര ചെയ്യുന്നവർക്ക് അവർക്ക് കൊണ്ടുപോകാവുന്ന 30 കിലോ ലഗേജിന്റെ തുക ടിക്കറ്റ് നിരക്കിൽത്തന്നെ കുറച്ചുകൊടുക്കുന്നതാണ് പദ്ധതി. ടിക്കറ്റ് നിരക്കിൽ 60 പൗണ്ടുവരെ ഈ രീതിയിൽ കുറവുവരും. ഡൽഹി, ഓസ്റ്റിൻ, ബോസ്റ്റൺ, ഡെൻവർ, ദുബായ്, ഹോങ്കോങ്, ഓക്ക്‌ലൻഡ്, ഫിലാഡൽഫിയ, പുന്റ കാന, സിംഗപ്പുർ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകളിൽ ഈ കുറഞ്ഞ നിരക്ക് ബാധകമാണ്.

മടക്കയാത്രയ്ക്കുകൂടി ടിക്കറ്റ് എടുത്തവർക്കാണ് ഈ പ്രത്യേക നിരക്ക് ബാധകമാവുക. മടക്കടിക്കറ്റിലാണ് ലഗേജിന്റെ പൈസ കുറവുവരുന്നതും. 80 പൗണ്ടാണ് ആകെ കുറവുവരുന്നത്. അതിൽ 20 പൗണ്ട് സീറ്റ് തിരഞ്ഞെടുക്കുന്നതിന് നൽകേണ്ടിവരും. ശേഷിച്ച തുക ടിക്കറ്റ് നിരക്കിൽ കുറവുവരും. യാത്രയിൽ 23 കിലോ വീതമുള്ള രണ്ട് ഹാൻഡ് ലഗേജുകൾ കൊണ്ടുപോകാനുള്ള അനുമതിയും ഈ യാത്രക്കാർക്കുണ്ടാകും. ഭക്ഷണവും യാത്രയിൽ ലഭിക്കും. ബ്രിട്ടീഷ് എയർവേയ്‌സിന്റെ പദ്ധതി ഇപ്പോൾത്തന്നെ മറ്റ് വിമാനക്കമ്പനികളും പിന്തുടർന്ന് തുടങ്ങിയിട്ടുണ്ട്. അമേരിക്കൻ എയർലൈൻസും ഫിന്നെയറുമാണ് സമാന നിരക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

ചെറിയനിരക്ക് ഏർപ്പെടുത്തി ലോകോസ്റ്റ് വിമാനക്കമ്പനികൾ യാത്രക്കാരെ ആകർഷിക്കുന്നത് തടയുന്നതിനാണ് ബ്രിട്ടീഷ് എയർവേയ്‌സിന്റെ ഈ നീക്കം. നിലവിൽ മേൽപ്പറഞ്ഞ റൂട്ടുകളിൽ ഡൽഹിയൊഴികയുള്ള നഗരങ്ങളിലേക്ക് നോർവീജിയൻ എയർലൈൻസ് കുറഞ്ഞ നിരക്കിൽ വിമാനസർവീസുകൾ നടത്തുന്നുണ്ട്. ഗാറ്റ്‌വിക്കിൽനിന്നാണ് ഈ സർവീസുകൾ. ചെക്കിൻ ലഗേജില്ലാത്ത യാത്രക്കാർക്ക് പ്രത്യേക നിരക്ക് ഏർപ്പെടുത്തുമെന്ന കാര്യം വിർജിൻ അറ്റ്‌ലാന്റിക്കും കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബ്രിട്ടീഷ് എയർവേയ്‌സ് ബേസിക് ഫെയർ പദ്ധതി അവതരിപ്പിക്കുന്നത്.

യാത്രക്കാർക്കുള്ള സേവനങ്ങൾ വെട്ടിച്ചുരുക്കുന്നതിന് എപ്പോഴും പഴികേൾക്കേണ്ടിവരുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യവും ബ്രിട്ടീഷ് എയർവേയ്‌സിനുണ്ട്. ചെറിയ റൂട്ടുകളിൽ ഫ്രീ മീൽ ഒഴിവാക്കിയതുൾപ്പെടെയുള്ള കാര്യങ്ങളിൽ കമ്പനി കടുത്ത വിമർശനം നേരിട്ടിരുന്നു. സീറ്റുകളുടെ അകലം കുറച്ച് ദീർഘദൂര സർവീസുകളിൽ കൂടുതൽ സീറ്റുകൾ ഉൾപ്പെടുത്തിയതും വിമർശനത്തിന് വഴിവെച്ചു. സർവേകളിൽ ബ്രിട്ടീഷ് എയർവേയ്‌സിനെതിരായ യാത്രക്കാരുടെ എണ്ണം പെരുകിയതും പുതിയ തീരുമാനത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.