ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് മലയാളികളും മത്സരിക്കുന്നു. ബെംഗളൂരുവിൽ നിന്നാണ് ഈ മൂന്ന് മലയാളികളും ജനവിധി തേടുന്നത്. ശാന്തിനഗർ മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസിലെ എൻ.എ. ഹാരിസ്, സർവജ്ഞാനനഗറിൽ മത്സരിക്കുന്ന കോൺഗ്രസ് മന്ത്രി കെ.ജെ. ജോർജ്, ബൊമ്മനഹള്ളിയിൽ സ്വതന്ത്രസ്ഥാനാർത്ഥി അനിൽകുമാർ എന്നിവരാണ് പോരാട്ടത്തിനൊരുങ്ങുന്നത്.

കർണാടക രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചവരാണ് ഈ മൂന്ന് മലയാളികളും. ഇതിൽ എൻ.എ. ഹാരിസും കെ.ജെ. ജോർജും സിറ്റിങ് എംഎ‍ൽഎ.മാരാണ്. കോട്ടയം ചിങ്ങവനം സ്വദേശിയായ കെ ജെ ജോർജ് കർണാടകത്തിൽ സ്ഥിരതാമസക്കാരനാണ്. ദശാബ്ദങ്ങളായി കർണാടക രാഷ്ട്രീയത്തിൽ സജീവമണ് അദ്ദേഹം. മൂന്ന് മന്ത്രി സഭകളിൽ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1985-ലാണ് ആദ്യമായി ഭാരതിനഗർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 80-കളുടെ അവസാനത്തിലും 90-കളുടെ ആദ്യത്തിലും വീരേന്ദ്രപാട്ടീൽ മന്ത്രിസഭയിൽ ഗതാഗതമന്ത്രിയും ബംഗാരപ്പ മന്ത്രിസഭയിൽ നഗരവികസന മന്ത്രിയുമായി. 2013-ലെ തിരഞ്ഞെടുപ്പിൽ സർവജ്ഞാനനഗർ മണ്ഡലത്തിൽനിന്ന് ബിജെപി.യുടെ പത്മനാഭ റെഡ്ഡിയോട് 69,673 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

സിദ്ധരാമയ്യ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന ജോർജ് മുതിർന്ന നേതാവ് പരമേശ്വരയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിനായി ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിഞ്ഞുകൊടുത്തു. പിന്നീട് ബെംഗളൂരു നഗരവികസനമന്ത്രിയായി ചുമതലയേറ്റു. തുടർന്ന് ഡിവൈ.എസ്‌പി. എം.കെ. ഗണപതിയുടെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട ആരോപണത്തിൽ മന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതിനെത്തുടർന്ന് പദവിയിൽ തിരിച്ചെത്തി.

പൊതുപ്രവർത്തനരംഗത്ത് സജീവമായ ഡോ. എൻ.എ. മുഹമ്മദിന്റെ മകനാണ് കാസർകോട് അടിവേരുകളുള്ള എൻ.എ. ഹാരിസ്. ശാന്തിനഗറിലെ സിറ്റിങ് എംഎ‍ൽഎ.യായ ഇദ്ദേഹത്തിന്റെ പേര് അവസാന ലിസ്റ്റിലാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഈയിടെ മകൻ മുഹമ്മദ് ഹാരിസിനെതിരായ കേസിനെത്തുടർന്ന് പ്രഖ്യാപനം വൈകുകയായിരുന്നു. ശാന്തിനഗറിൽനിന്ന് രണ്ടുതവണ മത്സരിച്ച് ജയിച്ചയാളാണ് അദ്ദേഹം. മണ്ഡലത്തിൽ നടപ്പാക്കിയിട്ടുള്ള വികസനപ്രവർത്തനങ്ങൾ വോട്ടാക്കിമാറ്റി ഇത്തവണയും ജയമുറപ്പിക്കാനാണ് ഹാരിസിന്റെ ശ്രമം.

തിരുവനന്തപുരം കാട്ടാക്കട ആമച്ചൽ സ്വദേശിയായ അനിൽകുമാർ ദീർഘകാലം കോൺഗ്രസിൽ പ്രവർത്തിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് വ്യവസായിയായ അനിൽകുമാർ സാമൂഹിക സേവനരംഗത്തും സജീവമാണ്. ബൊമ്മനഹള്ളി സിങ്ങസാന്ദ്രയിലാണ് താമസം. അനിൽകുമാറിനും ഭാര്യക്കും കൂടി 339 കോടി രൂപയുടെ ആസ്തിയുള്ളതായി പത്രികയ്ക്കൊപ്പം സമർപ്പിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു.