ന്യൂഡൽഹി: അസഹിഷ്ണുത പടർന്ന് പിടിക്കുകയാണ് ഇന്ത്യൻ സമൂഹത്തിലിപ്പോൾ. സോഷ്യൽ മീഡിയയും ഈ അസഹിഷ്ണുത വളർത്തുന്നതിൽ വലിയൊരു ഘടകമാണ്. ഡ്രൈവർ മുസ്ലീമായതുകൊണ്ട് ഓല ടാക്‌സിയിൽ കയറില്ലെന്ന വിശ്വഹിന്ദു പരിഷത്ത് ഉപദേശകന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിന് വേദിയായി. പരിഷത്തിന്റെ സോഷ്യൽ മീഡിയ ഉപദേഷ്ടാവ് അഭിഷേക് മിശ്രയുടേതാണ് വിവാദ ട്വീറ്റ്.

അഭിഷേകിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്കിടയാക്കി. ട്വിറ്ററും ഓലയും അഭിഷേകിന്റെ അക്കൗണ്ടുകൾ റദ്ദാക്കണമെന്ന് ആവശ്യവും ശക്തമായി ഉയർന്നു. തങ്ങളുടേത് തികച്ചും മതേതരമായ ഇടമാണെന്നും സമൂഹത്തിന്റെ സ്വസ്ഥത കെടുത്തുന്ന ഒരുതരത്തിലുള്ള ഇടപെടലും അനുവദിക്കില്ലെന്നും ഓല ട്വീറ്റ് ചെയ്തു.

ലഖ്‌നൗവിലെ ബട്‌ലർ കോളനിയിൽനിന്ന് പോളിടെക്‌നിക് ബസ്റ്റാൻഡിലേക്ക് പോകാനാണ് അഭിഷേക് ടാക്‌സി ബുക്ക് ചെയ്തത്. തുടർന്ന് ലഭിച്ചത് മസൂദ് അസ്ലം എന്നയാളുടെ കാറാണ്. എന്നാൽ, ഡ്രൈവർ മുസ്ലിം ആയതുകൊണ്ട് ബുക്കിങ് ക്യാൻസൽ ചെയ്തുവെന്നും ജിഹാദികൾക്ക് പണം നൽകാൻ തയ്യാറല്ലെന്നും ബുക്കിങ്ങിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം അഭിഷേക് ട്വീറ്റ് ചെയ്തു.

ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമുള്ളയാളാണ് അഭിഷേകെന്ന് അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ട് വെളിപ്പെടുത്തുന്നു. 14,000-ത്തോളം പേർ അഭിഷേകിനെ ഫോളോ ചെയ്യുന്നുണ്ട്. അവരിൽ കേന്ദ്രമന്ത്രിമാരായ രാജ്യവർധൻ സിങ് റാത്തോഡ്, ആർ.കെ.സിങ്, മഹേഷ് ശർമ, റാം കൃപാൽ യാദവ്, നരേന്ദ്ര സിങ് ടോമാർ എന്നിവരും മനോജ് തിവാരി എംപിയും ഉൾപ്പെടുന്നു. ഉത്തർപ്രദേശിലെ ബിജെപി മന്ത്രിമാരായ സ്വതന്ത്ര ദേവ് സിങ്ങും സുരേഷ് റാണയും ഫോളോവേഴ്‌സിന്റെ കൂട്ടത്തിലുണ്ട്.

മതത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ കുലത്തിന്റെയോ പേരിൽ ഡ്രൈവർമാരെ ഒഴിവാക്കാൻ തയ്യാറല്ലെന്ന് അഭിഷേകിന് അയച്ച മറുപടി ട്വീറ്റിൽ ഓല വ്യക്തമാക്കി. പരസ്പരം ബഹുമാനത്തോടെ പെരുമാറാനാണ് ഡ്രൈവർമാരോടും ഉപഭോക്താക്കളോടും ആവശ്യപ്പെടുന്നതെന്നും കമ്പനി വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ടാണ് അഭിഷേക് തന്റെ വിവാദ ട്വീറ്റ് ചെയ്തത്.