ന്യൂഡൽഹി: 199ൽ പഞ്ചാബിൽ ജനിച്ച് നിലവിൽ ഹരിയാനയിലെ ഹിസാറിൽ കഴിയുന്ന 23 കാരൻ മൻപ്രീത് സിംഗിനെ കണ്ടാൽ ഇപ്പോഴുമൊരു കൈക്കുഞ്ഞാണെന്നേ തോന്നുകയുള്ളൂ. എഴുന്നേറ്റ് നിൽക്കുന്നതിനും നടക്കുന്നതിനും സംസാരിച്ച് തുടങ്ങുന്നതിനും മുമ്പെ മൻപ്രീതിന്റെ വളർച്ച മുരടിക്കുകയായിരുന്നു. തൽഫലമായി ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് പോകണമെങ്കിൽ ഈ ചെറുപ്പക്കാരനെ ആരെങ്കിലും ഒരു കുഞ്ഞിനെയെന്ന പോലെ എടുത്തുകൊണ്ട് പോയേ മതിയാവൂ. കുട്ടിയുടെ പ്രത്യേക അവസ്ഥ കാരണം ദൈവത്തിന്റെ അവതാരമാണ് മൻപ്രീതെന്നാണ് പഞ്ചാബികൾ വിശ്വസിക്കുന്നത്. ഇപ്പോഴിതാ ഈ അപൂർവ ജന്മത്തിന്റെ കഥ ലോകമാധ്യമങ്ങളിൽ നിറയുകയാണ്.

പ്രായം 23 ആയിട്ടും നിലവിൽ വെറും അഞ്ച് കിലോഗ്രാമിൽ കുറവ് മാത്രമാണ് മൻപ്രീതിന് തൂക്കമുള്ളത്.ജനിച്ച പാടെ നല്ല ആരോഗ്യമുള്ള സാധാരണ കുട്ടിയായിരുന്നു മൻപ്രീത്. എന്നാൽ നടക്കാൻ തുടങ്ങുന്നതിന് ഒരു വർഷം മുമ്പാണ് കുട്ടിക്ക് അസാധാരണമായ മാറ്റങ്ങളുണ്ടായി വളർച്ച നിന്നിരിക്കുന്നത്. കുട്ടിക്ക് ഹോർമോൺ അസന്തുതിലയാണെന്നായിരുന്നു പ്രദേശത്തെ ഡോക്ടർമാർ വിധിയെഴുതിയിരുന്നത്. എന്നാൽ കുട്ടിക്ക് അപൂർവ ജനിതകാവസ്ഥയായ ലാറോൻ സിൻഡ്രോം ആണെന്നാണ് നിലവിൽ ശാസ്ത്രജ്ഞന്മാർ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതു വരെ ചികിത്സ കണ്ടെത്താൻ സാധിക്കാത്ത അത്യപൂർവ ജനിതകാവസ്ഥയാണിത്.

ഈ രോഗത്തിന്റെ ചികിത്സക്കുള്ള പ്രാഥമിക അന്വേഷണത്തിന് പോലും അഞ്ച് ലക്ഷം രൂപ വേണ്ടി വരും. എന്നാൽ ഈ നിർധന കുടുംബത്തിന് ഇത് സ്വപ്നം കാണൻ പോലും സാധിക്കാത്ത തുകയായതിനാൽ അവർ ചികിത്സിക്കാൻ ശ്രമിച്ചിട്ട് പോലുമില്ലെന്നാണ് റിപ്പോർട്ട്. മൻപ്രീതിന് ജസ്പ്രീത് എന്ന 17കാരി സഹോദരിയും സഹോദരിൻ മംഗൾദീപുമുണ്ട്. ഇരുവരും സാധാരണ നിലയിലുള്ള കുട്ടികളാണ്. തങ്ങളുടെ മകന് നല്ല രീതിയിലുള്ള പരിചരണം നൽകാൻ സാധിക്കാത്തതിനെ തുടർന്ന് പഞ്ചാബിലെ മാൻസയിലുള്ള അച്ഛനമ്മമാർ മൻപ്രീതിനെ ഹരിയാനയിലെ ഹിസാറിലുള്ള അമ്മാവന്റെയും അമ്മായിയുടെയും അടത്തേക്ക് അവനെ വളർത്താൻ കൊടുത്തിരിക്കുകയാണ്.

ഏതാനും വാക്കുകൾ മാത്രം ഉരുവിടാനുള്ള കഴിവ് മാത്രമേ മൻപ്രീതിനുള്ളൂ. പ്രധാനമായും ആംഗ്യങ്ങളിലൂടെയാണ് അവൻ ആശയവിനിമയം നടത്തുന്നത്. എന്നാൽ കരയാനും ചിരിക്കാനും ഈ യുവാവിന് കഴിവുണ്ട്. തങ്ങളുടെ മകനെ പോലെയാണ് അമ്മാവനും അമ്മായിയും മൻപ്രീതിനെ വളർത്തുന്നത്. എവിടെ പോകുമ്പോഴും ഇവർ ഇവനെയും എടുത്തുകൊണ്ട് പോകാറുണ്ട്. നായയോ മറ്റ് മൃഗങ്ങളോ ശബ്ദമുണ്ടാക്കുമ്പോൾ മൻപ്രീത് പേടിച്ച് കരയുമെന്നാണ് അമ്മാവൻ കരൻവീർ സിഗ് പറയുന്നത്. മിൽക്കും കേയ്ക്കും റൊട്ടിയുമാണ് അവന്റെ ഇഷ്ടാഹാരങ്ങളെന്നാണ് അമ്മായി ലാഖ് വിൻദർ കൗർ വെളിപ്പെടുത്തുന്നത്.

മൻപ്രീതിന്റെ ചികിത്സക്കായി കെറ്റോയിൽ ക്രൗഡ് ഫണ്ടിങ് കാംപയിൻ ആരംഭിച്ചിട്ടുണ്ട്. ഗോഫണ്ട്ഫോർമിയുടെ ഇന്ത്യൻ പതിപ്പാണ് കെറ്റോ.ഏവരും സംഭാവനയേകണമെന്ന് അമ്മാവനും അമ്മായിയും അഭ്യർത്ഥിക്കുന്നു.