ലണ്ടൻ: നഴ്‌സുമാരെയും ഡോക്ടർമാരെയും കിട്ടാതെ വലയുന്ന യുകെയിലെ പൊതു ആരോഗ്യസംവിധാനമായ എൻഎച്ച്എസിനെ രക്ഷിക്കാൻ ഇമിഗ്രേഷൻ നിയമങ്ങൾ തടസ്സമാകുന്നത് ബ്രിട്ടനിൽ വലിയ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇന്ത്യ മുഴുവൻ സഞ്ചരിച്ച് മിടുക്കരായ 100 ഡോക്ടർമാരെ കണ്ടെത്തി നിയമന ഉത്തരവ് നൽകിയെങ്കിലും ഹോം ഓഫീസ് വിസ നിഷേധിച്ച സംഭവമാണ് എൻഎച്ച്എസും ഹോം ഓഫീസും തമ്മിലുള്ള തർക്കത്തിന് കാരണമാകുന്നത്. പല ആശുപത്രികളും മതിയായ ജീവനക്കാരില്ലാതെ പൂട്ടലിന്റെ വക്കിൽനിൽക്കുമ്പോഴാണ് ഹോം ഓഫീസിൽനിന്നും എൻഎച്ച്എസിന് ഇത്തരത്തിലൊരു തിരിച്ചടി നേരിടുന്നത്.

യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളിൽനിന്ന് നൂറുകണക്കിന് ഡോക്ടർമാരെയും നഴ്‌സുമാരെയുമാണ് എൻഎച്ച്എസ് റിക്രൂട്ട് ചെയ്തത്. ഇതിൽ ഇന്ത്യയിൽനിന്നുമാത്രം നൂറോളം ഡോക്ടർമാരുണ്ട്. 30 എൻഎച്ച്എസ് ട്രസ്റ്റുകളിലേക്ക് ജൂനിയർ ഡോക്ടർ തസ്തികയിൽ റിക്രൂട്ട് ചെയ്യപ്പെട്ടവർക്കാണ് ഹോം ഓഫീസ് വിസ നിഷേധിച്ചത്. ഡിസംബറിനുശേഷം ഇത്തരത്തിൽ 400-ഓളം ഡോക്ടർമാർക്ക് വിസ നിഷേധിച്ചതായി എൻഎച്ച്എസ് എംപ്ലോയേഴ്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഡാനി മോർട്ടിമെർ പറഞ്ഞു.

രോഗികൾക്ക് യഥാസമയം ചികിത്സ നൽകാനാവാത്തതിന്റെ ഉദാഹരണങ്ങൾ ഏറിവരികയാണ്. ജിപി അപ്പോയ്ന്റ്‌മെന്റ് ബുക്ക് ചെയ്ത് ഏറെനാൾ കാത്തിരിക്കേണ്ടിവരുന്നുമുണ്ട്. ആശുപത്രിയിലെത്തിച്ചിട്ടും യഥാസമയം ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവം പോലുമുണ്ടായി. എന്നിട്ടും എൻഎച്ച്എസ് റിക്രൂട്ട് ചെയ്തവർക്ക് വിസ നിഷേധിക്കപ്പെട്ട സംഭവം അംഗീകരിക്കാനാവില്ലെന്ന് മോർട്ടിമെർ ചൂണ്ടിക്കാട്ടി.

എങ്ങനെയാണ് ഇത്തരമൊരു തീരുമാനത്തിൽ ഹോം ഓഫീസ് എത്തിച്ചേർന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ പാർട്ട്ണർഷിപ്പിന്റെ ചീഫ് ഓഫീസർ ജോൺ റൂസ് പറഞ്ഞു. ട്രസ്റ്റുകളിൽ മതിയായ ജീവനക്കാരില്ലാത്തതിന്റെ തിരിച്ചടികൾ വിന്ററിൽ മിക്കവാറും ട്രസ്റ്റുകൾ നേരിട്ടതാണ്. കൂടുതൽ ജീവനക്കാരെ നിയോഗിച്ച് ട്രസ്റ്റുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ എൻഎച്ച്എസ് നടത്തുന്ന ശ്രമങ്ങൾക്ക് തിരിച്ചടിയാണ് ഹോം ഓഫീസിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടർമാരുടെ കുറവ് അടിയന്തരമായി നികത്തപ്പെടേണ്ട ഒന്നാണെന്നിരിക്കെ, ഇമിഗ്രേഷൻ നിയമങ്ങളുടെ നൂലാമാലയിൽപ്പെട്ട് ആ ശ്രമങ്ങൾ പരാജയപ്പെടുന്നത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഓരോ രാജ്യങ്ങളിലെത്തി ഡോക്ടർമാരെ കണ്ടെത്തി റിക്രൂട്ട് ചെയ്ത് അവരെ കൊണ്ടുവരാൻ ശ്രമിക്കുമ്പോഴാണ് വിസ നിഷേധിക്കപ്പെടുന്നത്. ട്രസ്റ്റുകളുടെ സ്‌പോൺസർഷിപ്പിലാണ് ഡോക്ടർമാർക്ക് വർക്ക് വിസ അനുവദിക്കുന്നത്. സ്‌പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾ അനുവദിക്കാതെ ഹോം ഓഫീസ് ഈ ശ്രമങ്ങളെയാകെ ഇല്ലാതാക്കുകയാണ്.

ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ അടിയന്തര തീരുമാനമുണ്ടാകണമെന്ന് ആരോഗ്യരക്ഷാ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. യാഥാർഥ്യബോധത്തോടെയുള്ള സമീപനമാണ് ഇക്കാര്യത്തിൽ ഹോം ഓഫീസ് സ്വീകരിക്കേണ്ടതെന്നും അവർ ആവശ്യപ്പെടുന്നു. എന്നാൽ, ഡോക്ടർമാർക്ക് അനുവദിക്കുന്ന ടയർ 2 വിസയുടെ ക്വോട്ട കഴിഞ്ഞെന്നാണ് ഹോം ഓഫീസിന്റെ വിശദീകരണം. ഭാവിയിൽ ഇവർക്ക് വീണ്ടും അപേക്ഷിക്കാവുന്നതാണെന്നും അപ്പോൾ വിസ പരിഗണിക്കുമെന്നും ഹോം ഓഫീസ് വ്യക്തമാക്കി.

ദേശീയ താത്പര്യത്തിന് വിധേയമായാണ് ഇമിഗ്രേഷൻ നിയമങ്ങൾ പ്രവർത്തിക്കുന്നതെന്നും ഹോം ാേഫീസ് വക്താവ് പറയുന്നു. എൻഎച്ച്എസിന് ജീവനക്കാരെ ആവശ്യമുണ്ടെങ്കിൽ വിദേശ രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് നടപടികളുമായി പോകുന്നതിന് മുമ്പ് തദ്ദേശീയരായ ഉദ്യോഗാർഥികളുണ്ടോ എന്ന് പരിശോധിക്കണം. മൈഗ്രേഷൻ അഡൈ്വസറി കമ്മറ്റിയുടെ നിർദ്ദേശപ്രകാരമാണ് ടയർ 2 വിസ അനുവദിക്കുന്നതെന്നും വക്താവ് പറഞ്ഞു.