ഇടുക്കി: ആളൊഴിഞ്ഞ പറമ്പിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം നാട്ടുകാർക്ക് തലവേദനയായപ്പോൾ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് പണി കൊടുത്തു. കുമളി ഒട്ടകത്തലമേട്ടിലാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഷെഡ്ഡിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരമായെത്തി മദ്യപാനവും വേട്ടയാടലുമാണ് പതിവ്. മദ്യപിച്ച് ലക്ക് കെട്ടുകഴിഞ്ഞാൽ പാട്ടും മേളവുമൊക്കെയായി നാട്ടുകാർക്ക് തലവേദനയാണ്. ഇതിനിടയിലാണ് കഴിഞ്ഞ രാത്രിയിൽ ഒരു ഫോറസ്റ്റ് വാഹനത്തിൽ ഉദ്യോഗസ്ഥർ ഇവിടേക്ക് വന്നത്.

കെ.എൽ.എ.യു.42 39 എന്ന വാഹനത്തിലാണ് ഇവർ എത്തിയത്. നാട്ടുകാർ സ്ഥലത്തെ വീക്ഷണം പത്ര ലേഖകനും യൂത്ത് കോൺഗ്രസ് നേതാവുമായ സനൂപ് സ്‌കറിയയെ വിവരം അറിയിച്ചു. ഇതിനെ തുടർന്ന് സ്ഥലത്തെത്തിയ സനൂപ് സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ കണ്ടത് സർക്കാർ വാഹനം പാർക്ക് ചെയ്തിരിക്കുന്നു. ഇതിന്റെ ബോണറ്റിൽ ഒരു മദ്യകുപ്പിയും മൂന്ന് ഗ്ലാസ്സും, കറിചട്ടിയും കണ്ടു. ചട്ടിയിൽ മാംസം കറി വെച്ച് കഴിച്ച നിലയിലാണ്. തൊട്ടടുത്തുള്ള ഷെഡ്ഡിൽ ആരൊക്കെയോ കുർഖം വലിച്ച് ഉറങ്ങുന്നു.

രാത്രിയിൽ പതിനൊന്ന് മണിയോടെയായിരുന്നു സനൂപിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഇവിടെ പരിശോധന നടത്തിയത്. ഏഴു മണിക്കെത്തിയ ഉദ്യോഗസ്ഥരെല്ലാം അടിച്ചു പാമ്പായി ഉറങ്ങുകയായിരുന്നു. ആരും എത്തി നോക്കാത്ത പറമ്പിൽ രാത്രി കാലങ്ങളിൽ മുമ്പും പല, ഉദ്യോഗസ്ഥന്മാരും ഈ വഴി വരാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മദ്യവും, കഞ്ചാവും, ഉപയോഗിച്ച ശേഷം രാത്രിയിൽ, ആട്ടവും പാട്ടും നടത്തുന്നത് പതിവാണ്. പിന്നീട് സമീപത്തെ ഏലത്തോട്ടങ്ങളിൽ നായാട്ടിന് പോകുകയും ചെയ്യുമെന്നും നാട്ടുകാരിൽ ചിലർ പറഞ്ഞു.

രാത്രി കാലങ്ങളിൽ സ്ഥിരമായി വെടിയെച്ചകൾ കേൾക്കാറുള്ളതായും അറിയാൻ കഴിഞ്ഞു. വാഹനത്തിന്റെയും മദ്യക്കുപ്പിയുടെയും മറ്റും ദൃശ്യങ്ങൾ സനൂപ് പകർത്തുകയും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുമായിരുന്നു. ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

പമ്പ റേഞ്ചിലുള്ള വാഹനം മംഗളാ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഡ്യൂട്ടിക്കായി പോയ ഉദ്യോഗസ്ഥർ സഞ്ചരിച്ചതാണെന്നും തകരാർ സംഭവിച്ചതിനെ തുടർന്ന് ഡ്രൈവർ ശരിയാക്കാനായി കൊണ്ടുപോയതാണെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഭവം അറിഞ്ഞ പെരിയാർ കടുവ സംരക്ഷണ കേന്ദ്രം ഡയറക്ടർ സർക്കാർ വാഹനം ദുരുപയോഗം ചെയ്‌തെങ്കിൽ അന്വേഷിച്ച് നടപടിയെടുക്കാമെന്ന് പ്രതികരിച്ചു.