ഹൂഗ്ലി: ബംഗാളിൽ നിന്നുള്ള രാജ്യാന്തര ഡൈവിങ് താരം മൗപ്രിയ മിത്രയെ (15) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹൂഗ്ലിയിലെ മനസ്പുരിലെ വീട്ടിൽ തിങ്കളാഴ്ച വൈകിട്ടാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചിരിക്കുകയാണ്. റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകൂവെന്നു പൊലീസ് പറഞ്ഞു.

ആത്മഹത്യാക്കുറിപ്പ് കണ്ടെത്താനായിട്ടില്ല. പിതാവിനൊപ്പം തിങ്കളാഴ്ച രാവിലെ പരിശീലന കേന്ദ്രത്തിലേക്കു പോയി തിരികെ വന്നതിനു ശേഷമായിരുന്നു മരണം സംഭവിച്ചത്. ഏതാനും ദിവസങ്ങളായി മൗപ്രിയ അസ്വസ്ഥയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.

ജിംനാസ്റ്റിക്‌സ് താരമായിരുന്ന മൗപ്രിയ കാലിനേറ്റ പരുക്കിനെത്തുടർന്നാണു നീന്തലിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡൈവിങ്ങായിരുന്നു ഇഷ്ട ഇനം. 2016ൽ കൊളംബോയിൽ നടന്ന സൗത്ത് ഏഷ്യൻ അക്വാട്ടിക്‌സ് ചാംപ്യൻഷിപ്പിൽ ഒരു സ്വർണവും വെള്ളിയും മൗപ്രിയ നേടിയിരുന്നു.