മാഞ്ചസ്റ്ററിൽ നിന്നും ഡൽഹി വരെയുള്ള 4200 മൈൽ ദൂരം ഗീത മോധ എന്ന സ്ത്രീ തന്റെ ഭർത്താവിന്റെ പാസ്‌പോർട്ട് ഉപയോഗിച്ച് എമിറേറ്റ്‌സ് വിമാനത്തിൽ യാതൊരു പ്രശ്നവുമില്ലാതെ പറന്നു. സംഭവം വെളിച്ചത്തായതിനെ തുടർന്ന് എമിറേറ്റ്സിനെതിരെ കടുത്ത അന്വേഷണവും ആരംഭിച്ചു. ഇത്തരത്തിൽ ഭർത്താവിന്റെ പാസ്പോർട്ടുമായി വീട്ടിലേക്ക് പോയ വീട്ടമ്മയ്ക്ക് ഇന്ത്യ വരെ സുഖയാത്രയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഡൽഹിയിൽ അധികൃതർ തടഞ്ഞപ്പോൾ ഇവർക്ക് ദുബായിലേക്ക് മടങ്ങേണ്ടി വന്നിരുന്നു. അധികം വൈകാതെ മാഞ്ചസ്റ്ററിൽ നിന്നും പാസ്പോർട്ട് എത്തിച്ച് തുടർയാത്ര നടത്താനും സ്ത്രീ വൈകിയില്ല. ഈ സംഭവത്തെ തുടർന്ന് സുരക്ഷാ വീഴ്ചയിൽ നാണം കെട്ടിരിക്കുകയാണ് എമിറേറ്റ്സ്.

ഇവർ വീട്ടിൽ നിന്നും തിരക്കിട്ടിറങ്ങിയപ്പോൾ തന്റെ പാസ്പോർട്ടിന് പകരം ഭർത്താവ് ദിലീപിന്റെ പാസ്പോർട്ട് എടുക്കുകയായിരുന്നുവെന്നാണ് ഇവരുടെ ഒരു ബന്ധു വെളിപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ 23ന് ഒരു ബിസിനസ് ട്രിപ്പിനായിരുന്നു ഇവർ ഇന്ത്യയിലെത്തിയത്. ഇവരുടെ പാസ്പോർട്ട് മാറിയത് ചെക്ക് ഇന്നിൽ വച്ചോ അല്ലെങ്കിൽ ബോർഡിംഗിൽ വച്ചോ തിരിച്ചറിഞ്ഞില്ലെന്നും ഒരു കുടുംബാംഗം വെളിപ്പെടുത്തുന്നു. തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോൾ മാത്രമായിരുന്നു അധികൃതർ ഇത് തിരിച്ചറിഞ്ഞ് ഇവരെ ദുബായിലേക്ക് മടക്കി അയച്ചത്. സംഭവത്തിൽ എമിറേറ്റ്സ് പശ്ചാത്താപം പ്രകടിപ്പിച്ചിട്ടുണ്ട്.

ഡൽഹിയിൽ വച്ച് ഇമിഗ്രേഷൻ ഫോം പൂരിപ്പിക്കാൻ ഗീത ശ്രമിക്കുമ്പോഴാണ് ഈ തകരാറ് തിരിച്ചറിഞ്ഞതെന്ന് ഇവരുടെ ബന്ധു പറയുന്നു. തുടർന്ന് ഇന്ത്യയിലേക്ക് കടക്കാൻ അവരെ അനുവദിക്കാതെ ദുബായിലേക്ക് മടക്കുകയായിരുന്നു. പിന്നീട് മാഞ്ചസ്റ്ററിൽ നിന്നുമുള്ള അടുത്ത എമിറേറ്റ്സ് ഫ്ലൈറ്റിൽ ഗീതയുടെ പാസ്പോർട്ട് എത്തിക്കുന്നത് വരെ രാത്രിയിലുടനീളം ഇവർ ദുബായിൽ കുടുങ്ങിക്കിടക്കേണ്ടിയും വന്നു. ഗ്രേറ്റർ മാഞ്ചസ്റ്ററിൽ അലങ്കാർ ഹൗസ് ബ്രൈഡൽ ഷോപ്പ് നടത്തുന്ന സംരംഭകയാണ് ഗീത. തന്റെ പാസ്പോർട്ട് കൈയിൽ ലഭിച്ചതോടെ ഗീത ദുബായിൽ നിന്നും അടുത്ത വിമാനത്തിന് ഡൽഹിയിലേക്ക് കയറുകയും ചെയ്തു.

സംഭവത്തെ തുടർന്ന് ഗീത വളരെ പരിഭ്രാന്തയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഡൽഹി വിമാനത്താവളത്തിലെ ചെക്ക് ഇൻ സ്റ്റാഫാണ് തകരാറ് കണ്ടുപിടിച്ചതെന്ന് ഗീത പറയുന്നു. ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ കാർഡുള്ള വ്യക്തിയാണ് ഗീത. യാത്രക്കാരുടെ ഐഡന്റിഫിക്കേഷൻ പരിശോധിച്ചുറപ്പാക്കേണ്ടത് എയർലൈൻ കമ്പനിയുടെ ഉത്തരവാദിത്വമാണെന്നാണ് മാഞ്ചസ്റ്റർ എയർപോർട്ട് പ്രതികരിച്ചിരിക്കുന്നത്. എയർപോർട്ടുമായി ചേർന്ന് പാസ്പോർട്ട് പരിശോധനകൾ വളരെ ഗൗരവപരമായിട്ടാണ് തങ്ങൾ നടത്താറുള്ളതെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും എമിറേറ്റ്സ് വിശദീകരിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പിഴവ് സംഭവിച്ച ജീവനക്കാർക്ക് നൽകുന്ന പരിശീലനം പുനരവലോകനം ചെയ്യുമെന്നും എമിറേറ്റ്സ് ഉറപ്പേകുന്നു.