സാമൂഹിക മാധ്യമങ്ങളിൽനിന്ന് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഏറ്റവും രൂക്ഷമായ കാലമാണിത്. ഫേസ്‌ബുക്കിലും ട്വിറ്ററിലുംനിന്ന് വ്യക്തിഗത വിവരങ്ങൾ ചോരുന്നത് സംബന്ധിച്ച വിവാദം കൊടുമ്പിരിക്കൊള്ളുകയാണ്. ഫേസ്‌ബുക്കിന് പിന്നാലെ ഇപ്പോൾ ട്വിറ്ററും കടുത്ത പ്രതിസന്ധിയിലായി. 33 കോടി ഉപയോക്താക്കളുടെയെങ്കിലും വ്യക്തിഗത വിവരങ്ങൾ ചോരാനിടയുണ്ടെന്ന സൂചനയാണ് ട്വിറ്റർ നൽകുന്നത്.

ഹാക്കർമാർ 33 കോടി ഉപയോക്താക്കളുടെയെങ്കിലും പാസ്‌വേഡുകൾ ചോർത്തിയിട്ടുണ്ടെന്ന് കമ്പനി തുറന്ന് സമ്മതിച്ചു. ഇത്രയും പേരോട് അടിയന്തരമായി പാസ്‌വേഡ് മാറ്റാനും ട്വിറ്റർ ആവശ്യപ്പെട്ടിട്ടുണ്ട്. ട്വിറ്ററിൽ കടന്നുകൂടിയ കുഴപ്പം പരിഹരിച്ചുവെന്നും വിവരങ്ങൾ ചോർന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും പാസ്‌വേഡുകൾ ചോർന്നതായി കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ചോർന്ന വിവരങ്ങൾ ഏതെങ്കിലും തരത്തിൽ ദുരുപയോഗം ചെയ്തതായും കണ്ടെത്തിയിട്ടില്ല.

ഔദ്യോഗിക ഹാൻഡിലിലൂടെയാണ് ട്വിറ്റർ പ്രശ്‌നം അവതരിപ്പിച്ചത്. പാസ്‌വേഡുകൾ ശേഖരിച്ചുവെച്ചിരുന്ന ഇന്റേണൽ ലോഗിൽ ആക്രമണം നടന്നതായി കണ്ടെത്തിയെന്നായിരുന്നു ട്വിറ്ററിന്റെ ട്വീറ്റ്. പ്രശ്‌നം പരിഹരിച്ചുവെന്നും ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ട്വീറ്റിൽ തുടർന്ന് പറയുന്നു. മുൻകരുതലെന്ന നിലയ്ക്ക് പാസ്‌വേഡ് മാറ്റുന്ന കാര്യം ഓരോരുത്തരും ഗൗരവത്തോടെ ആലോചിക്കണമെന്നും ട്വിറ്റർ വ്യക്തമാക്കി. 57.7 ലക്ഷം പേരാണ് ഈ ഒഫീഷ്യൽ ഹാൻഡിൽ ഫോളോ ചെയ്യുന്നത്.

പാസ്‌വേഡ് മാറ്റി പ്രശ്‌നം പരിഹരിക്കാൻ ട്വിറ്റർ ഉപദേശിച്ച് മണിക്കൂറുകൾക്കകം തന്നെ പ്രശ്‌നം പരിഹരിച്ചിട്ടില്ലെന്ന് വ്യക്തമായി. ട്വിറ്റർ സൈറ്റ് തന്നെ ഡൗണായ സ്ഥിതിയിലായിരുന്നു. ട്വിറ്ററിൽ ലോഗിൻ ചെയ്യാൻ ശ്രമിച്ച ഉപഭോക്താക്കൾക്ക് മുന്നിൽ നീല നിലറത്തിലുള്ള സക്രീനിൽ സാങ്കേതികത്തകരാർ സംഭവിച്ചിരിക്കുന്നുവെന്ന സന്ദേശമാണ് വന്നത്. ചോർത്തപ്പെട്ട വിവരങ്ങൾ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് കമ്പനി അവകാശപ്പെട്ട് തൊട്ടുപിന്നാലെയുണ്ടായ സാങ്കേതിക തകരാർ ആശങ്കയേറ്റുന്നതാണ്.

അമേരിക്കയുടെ കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിലുള്ളവരും ജപ്പാൻ, ബ്രിട്ടൻ, മെക്‌സിക്കോ എന്നിവിടങ്ങളിൽനിന്നുള്ളവർക്കുമാണ് തകരാർ കൂടുതലായി ബാധിച്ചത്. മറ്റിടങ്ങളിൽനിന്നും തകരാർ അതത്രയധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ട്വിറ്ററിന്റെ വെബ്‌സൈറ്റ് ഉപയോഗിക്കുന്ന 72 ശതമാനത്തോളം പേർ തകരാറ് റിപ്പോർട്ട് ചെയ്തു.  ആൻഡ്രോയ്ഡ് ആപ്പ് ഉപയോഗിക്കുന്നതിൽ 17 ശതമാനവും ഐഒഎസ് ഉപയോഗിക്കുന്നവരിൽ പത്ത് ശതമാനവും തകരാറ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.