രുളക്കിഴങ്ങ് കൃഷിക്ക് പ്രശസ്തമായിരുന്നു ഗുജറാത്തിലെ ബനസ്‌കന്ത. എന്നാലിന്ന് ഈ സ്ഥലം വാർത്തകളിൽ നിറയുന്നത് ഖേതാജി സോളങ്കി എന്ന കർഷകന്റെ വിജയഗാഥയുമായാണ്. ജ്യൂസിനും മറ്റുമായി ഉപയോഗിക്കുന്ന തയ്ക്കുമ്പളം (മസ്‌ക്‌മെലൺ) കൃഷിയിലൂടെ ഖേതാജി കൈവരിച്ച അദ്ഭുതപ്പെടുത്തുന്ന വിജയമാണ് ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാകുന്നത്. വെറും 70 ദിവസംകൊണ്ട് 21 ലക്ഷം രൂപയുടെ ആദായമാണ് ഈ കർഷകൻ സ്വന്തമാക്കിയത്.

ഫെബ്രവരി 12-നാണ് തന്റെ രണ്ടരയേക്കറോളം വരുന്ന കൃഷിയിടത്തിൽ ഖേതാജി തയ്ക്കുമ്പളം നട്ടത്. അദ്ദേഹത്തെപ്പോലും അദ്ഭുതപ്പെടുത്തുന്നതായിരുന്നു വിളവ്. ഏപ്രിൽ പാതിയോടെ വിളവെടുത്തപ്പോൾ കിട്ടിയത് 140 ടൺ തയ്ക്കുമ്പളം. 21 ലക്ഷം രൂപയ്ക്കാണ് തന്റെ വിളവ് ഖേതാജി വിറ്റത്. കൃഷിപ്പണി തുടങ്ങിയിട്ട് കാലം കുറേയായെങ്കിലും ഇത്രയും കുറച്ച് ദിവസംകൊണ്ട് ഇത്രയേറെ ആദായം കിട്ടുന്ന മറ്റൊരു കൃഷിയും താനിതുവരെ ചെയ്തിട്ടില്ലെന്ന് ഖേതാജി പറയുന്നു.

ഉരുളക്കിഴങ്ങിന് കാര്യമായ വില ലഭിക്കാതെ കർഷകർ കൃഷി ഉപേക്ഷിച്ച് തുടങ്ങുന്നതിനിടെയാണ് പുതിയൊരു കൃഷിയുമായി രംഗത്തിറങ്ങാൻ ഖേതാജി തീരുമാനിച്ചത്. ഏഴാം ക്ലാസ് മാത്രമേ വിദ്യാഭ്യാസമുള്ളൂവെങ്കിലും കൃഷിയിൽ ആധുനിക രീതികൾ വശത്താക്കിയ ഖേതാജി, വിത്ത് തിരഞ്ഞെടുത്തപ്പോൾ മുതൽ അതീവ ശ്രദ്ധപുലർത്തി. നല്ല വിത്തുകൾ തിരഞ്ഞെടുക്കുകയും കൃഷിയിടത്തിൽ ഡ്രിപ്പ് ഇറിഗേഷനിലൂടെ ജലസേചനം കൃത്യമായി നടപ്പാക്കുകയും ചെയ്തു. സൗരോർജത്തിൽ പ്രവർത്തിക്കന്ന പമ്പുകളാണ് കൃഷിയിടത്തിൽ സ്ഥാപിച്ചത്.

1.21 ലക്ഷം രൂപയായിരുന്നു ഖേതാജിയുടെ ആകെ മുതൽമുടക്ക്. നല്ല വിളവ് ലഭിച്ചതോടെ, തന്റെ ഉത്പന്നങ്ങളുമായി എവിടെയും പോകേണ്ടി വന്നില്ല. മറ്റു സംസ്ഥാനങ്ങളിലെ മൊത്തക്കച്ചവടക്കാരെ ബന്ധപ്പെട്ട ഖേതാജി, വിളവിനെക്കുറിച്ച് പറഞ്ഞു. അവർ ബനസ്‌കന്തയിലെത്തുകയും നല്ല വില നൽകി ഖേതാജിയിൽനിന്ന് തയ്ക്കുമ്പളം വാങ്ങുകയും ചെയ്തു.

കൃഷിയിൽ ആധുനിക പരീക്ഷണങ്ങൾ നടത്തുന്നതിൽ അതീവ ശ്രദ്ധാലുവാണ് ഖേതാജി. പുതിയ കൃഷിരീതികൾ ആസൂത്രണം ചെയ്യുന്നതിലും വിപണനത്തിന് പുതിയ രീതികൾ തേടുന്നതിനും ഖേതാജി ശ്രദ്ധപുലർത്തുന്നു. കൃഷിരീതികളെക്കുറിച്ചറിയാൻ മൊബൈൽ ആപ്പുകളുടെ സഹായം തേടുന്നു. പഴവർഗത്തിൽപ്പെട്ടവ കൃഷി ചെയ്യുന്നതിനോടാണ് ഖേതാജിക്ക് കൂടുതൽ താത്പര്യം. അടുത്തതായി തന്റെ കൃഷിയിടത്തിൽ ചെറി ടുമാറ്റോ കൃഷിചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ കർഷകൻ.