ന്യൂയോർക്ക്: ടെംപററി പ്രൊട്ടക്ടഡ് സ്റ്റാറ്റസിൽ (ടിപിഎസ്) കഴിഞ്ഞ 19 വർഷമായി യുഎസിൽ കഴിയുന്ന 57,000 ഹോണ്ടുറസുകാരെ നാട് കടത്താനുറച്ച് പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. 1998ൽ മിച്ച് കൊടുങ്കാറ്റിൽ ഹോണ്ടുറാസിലുണ്ടായ തങ്ങളുടെ കിടപ്പാടങ്ങൾ നഷ്ടപ്പെട്ടപ്പോഴായിരുന്നു ഇവർക്ക് ടിപിഎസിൽ യുഎസ് അഭയമേകിയിരുന്നത്. എന്നാൽ ഇവരെ ഇപ്പോൾ നിർദയം വീണ്ടും തെരുവിലേക്കിറക്കാനാണ് അമേരിക്ക ഒരുങ്ങുന്നത്. 2020 ജനുവരി ഒന്നിന് അമേരിക്കയിൽ നിന്നും വിട്ട് പോവണമെന്നും ഇല്ലെങ്കിൽ നാട് കടത്തുമെന്നുമാണ് യുഎസ് ഭരണകൂടം മുന്നറിയിപ്പേകിയിരിക്കുന്നത്.

ഹോണ്ടുറാസുകാർക്ക് ലഭ്യമാക്കിയ ടിപിഎസ് റദ്ദാക്കാൻ അടുത്തിടെയാണ് ട്രംപ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനത്തിനെതിരെ ഹോണ്ടുറാസ് ഒഫീഷ്യലുകൾ, മനുഷ്യാവകാശ ഗ്രൂപ്പുകൾ, അമേരിക്കൻ കോൺഗ്രസിലെ ഡെമോക്രാറ്റിക് അംഗങ്ങൾ, തുടങ്ങിയവർ രംഗത്തെത്തിയിട്ടും ഇതിൽ നിന്നും പിന്മാറാൻ ട്രംപ് തയ്യാറായിട്ടില്ല. ടിപിഎസ് ഒരിക്കലും നീട്ടാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മിച്ച് കൊടുങ്കാറ്റ് വിതച്ച നാശനഷ്ടത്തെ തുടർന്നാണ് ടിപിഎസ് അന്ന് നൽകിയതെന്നും എന്നാൽ ഇന്ന് ഹോണ്ടുറാസിന്റെ നില മെച്ചപ്പെട്ടതിനാൽ ഇവർക്ക് മടങ്ങിപ്പോകാവുന്ന സാഹചര്യമാണുള്ളതെന്നും സെക്രട്ടറി ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റി കിർസ്റ്റ്ജെൻ നിൽസൻ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

2016ൽ ഹോണ്ടുറാസിന്റെ അവസ്ഥ യുഎസ് അവലോകനം ചെയ്തിരുന്നുവെന്നും കൊടുങ്കാറ്റിന് ശേഷം അവിടുത്തെ അവസ്ഥ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നും അതിനാലാണ് ഹോണ്ടുറാസുകാരെ മടക്കി അയക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും നിൽസൻ വിശദീകരിക്കുന്നു. 1998ലുണ്ടായ കൊടുങ്കാറ്റിൽ 11,000 പേർമരിക്കുകയും 5 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. അന്നുണ്ടായ കൊടുങ്കാറ്റിൽ ഹോണ്ടുറാസിലെ നിരവധി ഗ്രാമങ്ങളായിരുന്നു തകർന്ന് തരിപ്പണമായിരുന്നത്. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളിൽ മിക്കവയും താറുമാറാവുകയും ചെയ്തിരുന്നു.

ഇത്തരത്തിൽ ഹോണ്ടുറാസിൽ നിന്നെത്തിയവർക്ക് ടിപിഎസിന് പകരം മറ്റ് നിയമപരമായ ഇമിഗ്രേഷൻ സ്റ്റാറ്റസ് നേടുന്നതിനുള്ള അർഹതയുണ്ടെന്നും നിൽസന്റെ പ്രസ്താവന നിർദേശിക്കുന്നു. സാധാരണയായി ടിപിഎസ് സ്റ്റാറ്റസിലുള്ളവർക്ക് അമേരിക്കയിൽ പൗരത്വം അല്ലെങ്കിൽ ഗ്രീൻകാർഡ് ലഭിക്കുകയെന്നത് എളുപ്പമല്ല. എന്നാൽ ഇതിനുള്ള സാധ്യത വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരിയിൽ യുഎസ് ഡിസ്ട്രിക്ട് കോടതിയിൽ ലോ സ്യൂട്ട് ഫയൽ ചെയ്യപ്പെട്ടിരുന്നു. ചില ടിപിഎസ് ഹോൽഡർമാർക്ക് ഗ്രീൻകാർഡ് നേടാനും വർക്ക് വിസ നേടാനും സാധിച്ചിട്ടുണ്ടെങ്കിലും ചിലർക്ക് ഇതിന് വളരെയേറെ ബുദ്ധിമുട്ടുകളനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്.