ലണ്ടൻ: ബ്രെക്‌സിറ്റിനെച്ചൊല്ലിയുള്ള തർക്കങ്ങൾ തെരേസ മെയ്‌ സർ്ക്കാരിനുള്ളിൽ ഇനിയും അടങ്ങിയിട്ടില്ല. ബ്രെക്‌സിറ്റിനുശേഷമുള്ള വ്യാപാരക്കരാറുകൾ സംബന്ധിച്ച ചർച്ചയ്ക്കിടെ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ പരസ്യമായി രംഗത്തുവന്നത് ഭിന്നിപ്പ് വ്യക്തമാക്കി. ബ്രെക്‌സിറ്റിനോട് അനുകൂലമാണെങ്കിലും ഇക്കാര്യത്തിൽ തെരേസ മേയുടെ നിലപാടുകൾ പലതിനോടും ബോറിസിന് യോജിപ്പില്ല. ഭിന്നിപ്പ് അദ്ദേഹം വ്യക്തമാക്കിയതോടെ ചർച്ചകൾ സംബന്ധിച്ച് വീണ്ടും അനിശ്ചിതത്വം ഉടലെടുക്കുകയും ചെയ്തു.

ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള കസ്റ്റംസ് പാർട്ണർഷിപ്പ് തീർത്തും ബാലിശമാണെന്നാണ് ബോറിസിന്റെ അഭിപ്രായം. ഉദ്യോഗസ്ഥ മേൽക്കോയ്മയ്ക്കുമാത്രമേ അത് വഴിവെക്കൂവെന്നും അദ്ദേഹം പറയുന്നു. വ്യാപാര കരാറുകളിൽ ഇടപെടാനുള്ള ബ്രിട്ടന്റെ ശേഷിയെത്തന്നെ അത് ബാധിക്കുമെന്നും കരാറുകളിലുള്ള നിയന്ത്രണം സർക്കാരിന് നഷ്ടമാകുമെന്നും ബോറിസ് പറഞ്ഞു. പ്രധാനമന്ത്രി തെരേസ മെയ്‌ മുന്നോട്ടുവെച്ച ഈ നിർദ്ദേശം കഴിഞ്ഞയാഴ്ച മന്ത്രിസഭ നിരാകരിച്ചിരുന്നു.

ബ്രിട്ടനിലേക്കും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുമുള്ള കയറ്റിറക്കുമതി സംബന്ധിച്ച കരാറിനെച്ചൊല്ലിയാണ് തർക്കം രൂക്ഷമായിരിക്കുന്നത്. ഈ നിർദ്ദേശത്തിലെ പല ചട്ടങ്ങളും കൂടുതൽ ചുവപ്പുനാടകൾക്കാകും വഴിവെക്കുകയെന്ന് ബോറിസ് പറയുനനു. സ്വതന്ത്രമായ വ്യാപാരക്കരാറുകൾ അസാധ്യമാക്കുന്ന തരത്തിലുള്ള നിർദ്ദേശങ്ങളാണിവ. ഇതുമായി മുന്നോട്ടുപോകുന്നത ആത്മഹത്യാപരമായിരിക്കുമെന്നും വിദേശകാര്യ സെക്രട്ടറി മുന്നറിയിപ്പ് നൽകി.

കയറ്റുമതി ചെയ്യു്ന്നയുടെയും ഇറക്കുമതി ചെയ്യുന്നവയുടെയും താരിഫ് നിശ്ചയിക്കാനുള്ള അധികാരം നിങ്ങൾക്കില്ലാതെ കരാറിലേർപ്പെട്ടാൽ, പിന്നീടുള്ള കാലത്ത് കരാറുകൾ തന്നെ അസാധ്യമാകുമെന്ന് ബോറിസ് ചൂണ്ടിക്കാട്ടി. ബ്രിട്ടനിലേക്ക് തീരുവയില്ലാതെ കൊണ്ടുവരാൻ സർക്കാർ തീരുമാനിക്കുന്ന ഉത്പന്നങ്ങൾക്ക് യൂറോപ്യൻ യൂണിയൻ കനത്ത തീരുവ ചുമത്തിയാൽ അതിനെ ചോദ്യം ചെയ്യാൻ പോലും പറ്റാത്ത നിലവരും. ഇത് വ്യാപാരക്കരാറുകളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നും ബോറിസ് പറഞ്ഞു.

കസ്റ്റംസ് യൂണിയനിൽ നിലനിൽക്കണമെന്ന ആശയമാണ് ബ്രിട്ടൻ യൂറോപ്പിൽ തുടരണമെന്ന പക്ഷക്കാരനായ ബിസിനസ് സെക്രട്ടരി ഗ്രെക് ക്ലർക്കടക്കമുള്ളവർക്ക്. അല്ലാത്തപക്ഷം, കാർ വ്യവസായ മേഖലയിലടക്കം ബ്രി്ട്ടന് വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ, മന്ത്രിസഭയിലുള്ളവർക്ക് ഭിന്നാഭിപ്രായമുണ്ടാവുക സ്വാഭാവികമാണെന്നും ബ്രിട്ടന്റെ ഭാവിയെക്കരുതിയുള്ള യോജിച്ച തീരുമാനങ്ങളിലെത്തിച്ചേരുകയാണ് വേണ്ടതെന്നും ബോറിസ് പറഞ്ഞു.