നാധിപത്യത്തിൽ രാജാവ് ജനങ്ങൾതന്നെയെന്ന് വീണ്ടും തെളിയിക്കുകയാണ് മലേഷ്യയിൽ നടന്ന തിരഞ്ഞെടുപ്പ്. 23-ാം വയസ്സിൽ അധികാരത്തിലേറിയ നജീബ് റസാക്കിനെ അധികാരം മത്തുപിടിപ്പിച്ചപ്പോൾ, ജനങ്ങൾ അവരുടെ ഏറ്റവും വലിയ ആയുധമായ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഫലമോ, ദീർഘകാലമായി മലേഷ്യ ഭരിക്കുന്ന റസാക്കിന്റെ ബാരിസാൻ നാഷണൽ പാർട്ടിക്ക് പരാജയം. ശക്തികേന്ദ്രങ്ങളിൽപ്പോലും റസാക്കിന്റെ പാർട്ടി പരാജയപ്പെട്ടപ്പോൾ, ജനങ്ങൾ വിശ്വാസമർപ്പിച്ചത് 92-കാരനായ മുൻ പ്രധാനമന്ത്രി മഹാതിറിനെത്തന്നെ.

മഹാതിർ മുഹമ്മദിന്റെ അലയൻസ് ഓഫ് ഹോപ്പ് പാർട്ടി ഭരിക്കാനാവശ്യമായ 112 സീറ്റുകളുടെ ഭൂരിപക്ഷം സ്വന്തമാക്കുകയും ചെയ്തു. അലയൻസിന്റെ വിജയം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യപിക്കുകകൂടി ചെയ്തതോടെ, മലേഷ്യൻ ജനത ആഹ്ലാദാരവം മുഴക്കി. കടുത്ത അഴിമതിയാരോപണം നേരിട്ട റസാക്കിന് ഈ തോൽവി ഒരു പാഠംകൂടിയായി. റസാക്കിന്റെ അമ്മാവനും അച്ഛനും മലേഷ്യയിൽ പ്രധാനമന്ത്രിമാരായാരിന്നു. അവരിലൂടെ അധികാരത്തിന്റെ മട്ടുപ്പാവിലെത്തിയ റസാക്ക്, അഴിമതിക്ക് കോപ്പുകൂട്ടുകയായിരുന്നു.

22 വർഷത്തോളം മലേഷ്യൻ പ്രധാനമന്ത്രിയായിരുന്നു മഹാതിർ. പ്രായാധിക്യത്തെത്തുടർന്ന് 2003-ൽ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽനിന്ന് പിന്മാറി. എന്നാൽ, റസാക്കിനെതിരേ കടുത്ത അഴിമതിയാരോപണങ്ങൾ വരികയും രാജ്യത്തിന്റെ പോക്ക് അപകടത്തിലേക്കാണെന്ന് മനസ്സിലാക്കുകയും ചെയ്തതോടെ അദ്ദേഹം വിശ്രമ ജീവിതം അവസാനിപ്പിച്ച് വീണ്ടും രാഷ്ട്രീയത്തിലിറങ്ങുകയായിരുന്നു. ഭരിക്കാനാവശ്യമായ ഭൂരിപക്ഷം തന്റെ പാർട്ടിക്ക് ലഭിച്ചുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിനെ സംബന്ധിച്ചുപോലും വലിയതോതിൽ പരാതിയുയർന്നിരുന്നു. തിരഞ്ഞെടുപ്പ് ബുധനാഴ്ച നടത്തിയതിനാൽ ലക്ഷക്കണക്കിനാളുകൾക്ക് വോട്ട് രേഖപ്പെടുത്താനായില്ലെന്ന പരാതിയുമുയർന്നു. പോസ്റ്റൽ വോട്ട് സംബന്ധിച്ചും പരാതികളുണ്ട്. പ്രതിപക്ഷത്തിന്റെ വിജയം പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വൈകുന്നുവെന്ന് കാണിച്ച് മഹാതിർ അനുയായികൾ നടത്തിയ പ്രതിഷേധ പ്രകടനം പലയിടത്തും സംഘർഷത്തിനും ഇടയാക്കി. ജാഹോറിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ കനത്ത സുരക്ഷയ്ക്കുനടുവിലായിരുന്നു വോട്ടെണ്ണൽ.

2015 മുതൽ കടുത്ത അഴിമതിയാരോപണങ്ങൾക്ക് നടുവിലായിരുന്നു റസാക്കിന്റെ ഭരണം. ഇതിനൊപ്പം ജീവിതച്ചെലവേറിയതും കടുത്ത ഭരണവിരുദ്ധ വികാരത്തിനിടയാക്കി. തിരഞ്ഞെടുപ്പിന്റെ തലേന്ന് പുറത്തുവന്ന അഭിപ്രായ സർവേയിൽത്തന്നെ റസാക്കിന്റെ പരാജയം പ്രവചിക്കപ്പെട്ടിരുന്നു. ഇതോടെ വോട്ടിങ്ങിൽ വ്യാപകമായ കൃത്രിമം നടന്നു. പലയിടത്തും വോട്ടർമാർക്ക് മൂന്നുമണിക്കൂറിലേറെ കാത്തുനിൽക്കേണ്ടിവന്നു. വോട്ടിങ് സമയം ദീർഘിപ്പിക്കണമെന്ന് മഹാതിറിന്റെ പാർട്ടി ആവശ്യപ്പെട്ടെങ്കിലും കമ്മീഷൻ അനുവദിച്ചില്ല.

മലേഷ്യയിലെ പ്രബലവിഭാദമായ മലായ് മുസ്ലീങ്ങളുടെ പിന്തുണയോടെ അധികാരത്തിൽ തുടരാനാകുമെന്നാണ് റസാക്ക് കരുതിയിരുന്നത്. കരാറുകളും പലിശരഹിത ഭവന വായ്പകളും വഴിവിട്ട യൂണിവേഴ്‌സിറ്റി പ്രവേശനവുമൊക്കെ നൽകി ഈ വിഭാഗത്തെ കൂടെനിർത്താൻ റസാക്ക് ശ്രമിച്ചിരുന്നു. എന്നാൽ, നഗരങ്ങളിലെ വോട്ടർമാരും ന്യൂനപക്ഷമായ ചൈനീസ്, ഇന്ത്യൻ വോട്ടർമാരും മഹാതിറിനൊപ്പം നിലകൊണ്ടു. ഇതാണ് പ്രതിപക്ഷത്തിന്റെ വിജയം ഉറപ്പാക്കിയതെന്നാണ് വിലയിരുത്തൽ.

റസാക്കിന്റെ അമ്മാവൻ ഹുസൈൻ ഓനും അച്ഛൻ അബ്ദുൾ റസാക്കും മലേഷ്യയിൽ പ്രധാനമന്തിമാരായിരുന്നു. 2004-ൽ അബ്ദുൾ റസാക്ക് മരിച്ചതോടെയാണ് നജീബ് റസാക്ക് രാഷ്ട്രീയത്തിലിറങ്ങുന്നത്. നോട്ടിങ്ങാം സർവകലാശാലയിൽനിന്ന് ബിരുദം നേടിയശേഷം മലേഷ്യയിൽ തിരിച്ചെത്തിയ റസാക്ക്, 23-ാം വയസ്സിൽ എംപിയായി. വിവിധ വകുപ്പുകളിൽ മന്ത്രിപദവി വഹിച്ചശേഷം 2004-ൽ ഡപ്യൂട്ടി പ്രധാനമന്ത്രിയായി. 2009-ൽ പ്രധാനമന്ത്രിയും.