യെരുശലേം: ഇന്നലെ അതിരാവിലെ ഇറാൻ ഇസ്രയേലിന്റെ കസ്റ്റഡിയിലുള്ള ഗോലാൻ കുന്നുകളിൽ വൻ മിസൈൽ ആക്രമണം നടത്തിയെന്ന് റിപ്പോർട്ട്. ഇതിന്റെ പ്രതികാരമെന്നോണം തങ്ങളുടെ മിസൈലുപയോഗിച്ച് സിറിയയിലുള്ള ഇറാന്റെ റോക്കറ്റ് ലോഞ്ചർ നശിപ്പിക്കുന്ന ഫൂട്ടേജ് അധികം വൈകാതെ ഇസ്രയേൽ ഇന്നലെ പുറത്ത് വിടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇറാനുമായുള്ള ആണവകരാറിൽ നിന്നും അമേരിക്ക പിന്മാറുന്നുവെന്ന് പ്രസിഡന്റ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർണായകമായ പ്രഖ്യാപനം നടത്തിയതിനെ തുടർന്നാണ് ഇസ്രയേലും ഇറാനും തമ്മിലുള്ള പുതിയ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.

അന്ന് ട്രംപിന്റെ പ്രഖ്യാപനം പുറത്ത് വന്ന് വന്ന് നിമിഷങ്ങൾക്കം സിറിയയിലെ ഇറാൻ ബേസ് ക്യാമ്പിലേക്ക് ഇസ്രയേൽ ബോംബ് വർഷിച്ച് വൻ നാശം വിതച്ചിരുന്നു. അതിനുള്ള പ്രതികാരമായാണ് ഗോലാൻ കുന്നിലേക്ക് മിസൈൽ അയച്ച് ഇറാൻ വെല്ലുവിളി ഉയർത്തിയിരുന്നത്.ഇന്നലെ അതിരാവിലെ ഇറാൻ തങ്ങളുടെ അധീനപ്രദേശത്തേക്ക് 20 റോക്കറ്റുകളെ അയച്ചുവെന്നാണ് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു വീഡിയോ ക്ലിപ്പിലൂടെ ആരോപിച്ചിരിക്കുന്നത്. ഇറാന്റെ ഒരു മിസൈൽ ഇസ്രയേലിന്റെ എസ്എ22 ഏരിയൽ ഇന്റർസെപ്ഷൻ സിസ്റ്റത്തിന് നേരെ വരുന്നതായി 20 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. ഇതിനടുത്ത് ഇസ്രയേലി പട്ടാളക്കാർ നിലകൊള്ളുന്നതും കാണാം.

ഇതിനുള്ള പ്രതികാരമായി തങ്ങൾ സിറിയയിലെ ഇറാന്റെ മിലിട്ടറി ഇൻഫ്രാസ്ട്രക്ചറിൽ കടുത്ത നാശം വിതച്ചുവെന്നാണ് ഇസ്രയേൽ അവകാശപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി സിറിയയിലെ ഇറാന്റെ ഡസൻ കണക്കിന് സൈറ്റുകൾ നശിപ്പിച്ചുവെന്നും ഇസ്രയേൽ വെളിപ്പെടുത്തുന്നു. ഹൗസ് ഓഫ് കാർഡ്സ് എന്നാണീ ആക്രമണത്തെ ഇസ്രയേൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇസ്രയേലിന്റെ അധീശത്വമുള്ള പ്രദേശത്തേക്ക് ആദ്യമായി ഇറാൻ നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമായിരുന്നു ഇത്. 1973ലെ യുദ്ധത്തിന് ശേഷം ഇസ്രയേൽ സിറിയയിൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

സിറിയയിലെ എലൈറ്റ് ഇറാനിയൻ ഫോഴ്സസ് ഉപയോഗിക്കുന്ന ആയുധശേഖരം, ലോജിസ്റ്റിക്സ് സൈറ്റുകൾ, ഇന്റലിജൻസ് സെന്ററുകൾ തുടങ്ങിയവയ്ക്ക് നേരെയാണ് ഇസ്രയേൽ കടുത്ത ആക്രമണം ഇന്നലെ നടത്തിയിരിക്കുന്നത്. ഗോലാൻ കുന്നുകൽലെ റെഡ്ലൈൻ ഭേദിക്കുന്ന വിധത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമായുള്ള തീർത്തും ഉചിതമായ ആക്രമണമാണ് തങ്ങൾ ഇന്നലെ നടത്തിയിരിക്കുന്നതെന്നാണ് നെതന്യാഹു ന്യായീകരിച്ചിരിക്കുന്നത്. തങ്ങൾ നേരത്തെ വ്യക്തമാക്കിയിരിക്കുന്ന നയത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് സിറിയയിലെ ഇറാനിയൻ സൈനികക്യാമ്പുകൾക്ക് നേരെ ആക്രമണം നടത്തിയിരിക്കുന്നതെന്നും ഇറാൻ സൈന്യത്തെ സിറിയയിൽ വാഴിക്കില്ലെന്നും നെതന്യാഹു തറപ്പിച്ച് പറയുന്നു.

ഇസ്രയേലിനെ ആക്രമിക്കാൻ തുനിയരുതെന്ന് സിറിയൻ പ്രസിഡന്റിനുള്ള ശക്തമായ സന്ദേശം കൂടിയാണ് തങ്ങളുടെ നീക്കമെന്ന് ഇസ്രയേലിന്റെ സെക്യൂരിറ്റി കാബിനറ്റ് യോഗത്തിന് ശേഷം നെതന്യാഹു മുന്നറിയിപ്പേകുന്നു. ഇറാനുമായുള്ള ആണവക്കരാറിൽ നിന്നും അമേരിക്കയെ പിൻവലിക്കുന്നുവെന്ന ട്രംപിന്റെ പ്രഖ്യാപനം പുറത്ത് വന്നയുടൻ സിറിയയിലെ ഡമാസ്‌കസിലെ ഇറാൻ ബേസ് ക്യാമ്പിലേക്ക് ഇസ്രയേൽ നടച്ചി ആക്രമണത്തിൽ ഒമ്പത് ഇറാനിയൻ പട്ടാളക്കാർ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടതാണ് ഇറാനെ പ്രകോപിപ്പിച്ചത്.

ഇത്തരത്തിൽ ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അനുദിനം മൂർച്ഛിക്കവെ ഇരുവരും സംയമനം പാലിക്കണമെന്ന കടുത്ത നിർദ്ദേശവുമായി ഫ്രാൻസും ജർമനിയും ഇന്നലെ മുന്നോട്ട് വന്നിട്ടുമുണ്ട്. ഇത് മിഡിൽ ഈസ്റ്റിലെ സംഘർഷം വർധിപ്പിക്കാനെ വഴിയൊരുക്കുകയുള്ളുവെന്നും ഫ്രാൻസും ജർമനിയും താക്കീതേകിയിട്ടുമുണ്ട്.