തിരുവനന്തപുരം: എടപ്പാളിലെ തിയേറ്ററിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി തൃത്താല കാങ്കുന്നത്ത് മൊയ്തീൻകുട്ടി (60)യെയും കുട്ടിയുടെ അമ്മയെയും പൊലീസ് റിമാൻഡു ചെയ്തിരിക്കുകയാണ്. ഗൾഫിലെ വലിയ വ്യവസായി ആണ് മൊയ്തീൻ കുട്ടി. ഗൾഫിൽ വിവിധ സ്ഥലങ്ങളിൽ ജൂവലറി ഉടമയായ ഇയാൾ വിദേശത്തേക്ക് കടക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 18 ന് പീഡനദൃശ്യങ്ങൾ തിയേറ്ററിലെ സിസി ടിവിയിൽ പതിഞ്ഞതിനെ തുടർന്ന് തിയേറ്റർ ഉടമകൾ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. എന്നാൽ പൊലീസിൽ പരാതിപ്പെട്ടിട്ടും കേസെടുക്കാൻ വൈകിയതോടെ മാതൃഭൂമി ന്യൂസിലൂടെ വിവരം പുറത്തുവരികയും പൊലീസ് കേസെടുക്കുകയുമായിരുന്നു. വാർത്ത വിദേശ മാധ്യമങ്ങളും ഏറ്റുപിടിച്ചുകഴിഞ്ഞു.

ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഡെയ്‌ലി മെയിൽ പത്രത്തിലും എടപ്പാളിലെ പീഡനവാർത്ത വന്നു.മനോരമ ന്യൂസ് ചാനലിന്റെ ദൃശ്യങ്ങളാണ് വാർത്തയിൽ ഉപയോഗിച്ചിരിക്കുന്നത്.ദി ഹിന്ദു, ഗൾഫ് ന്യൂസ്, ദി ന്യൂസ് മിനിറ്റ് എന്നിവയിൽ വന്ന വാർത്തകളും ഡെയ്‌ലി മെയിൽ ഉദ്ധരിക്കുന്നുണ്ട്. എന്നാൽ, വാർത്ത റിപ്പോർട്ട് ചെയ്തപ്പോൾ മനോരമ ന്യൂസിന്റെ മലപ്പുറം റിപ്പോർട്ടറായ എസ്.മഹേഷ് കുമാറിന്റെ ചിത്രമാണ് മൊയ്തീൻകുട്ടിയുടെ ചിത്രത്തിന് പകരം കാണിച്ചിരിക്കുന്നത്. തിയേറ്ററിലെ സിസി ടിവി ദൃശ്യങ്ങളിലുള്ള മൊയ്തീൻകുട്ടിയുടെ ചിത്രം ഫോണോ കാർഡിൽ കാണാം. എന്നാൽ, മൊയ്തീൻ കുട്ടിയായി ഡെയ്‌ലി മെയിൽ തെറ്റിദ്ധരിച്ചത് മഹേഷ് കുമാറിനെയാണെന്ന് മാത്രം.

But Moitheenkutty was arrested only on Saturday - despite the sickening abuse taking place on April 18.ഇങ്ങനെയെഴുതിയ ശേഷമാണ് എസ്.മഹേഷ് കുമാറിന്റെ ചിത്രം കൊടുത്തിരിക്കുന്നത്.മൊയ്തീൻകുട്ടിയെ തൂക്കി കൊല്ലണമെന്നതടക്കമുള്ള കമന്റുകളാണ് വാർത്തയ്‌ക്കൊപ്പം വരുന്നത്.എല്ലാവരും മൊയ്തീൻകുട്ടിയായി കരുതിയിരിക്കുന്നത് മഹേഷ് കുമാറിനെ ആണെന്ന് മാത്രം.

ഇന്നലെയാണ് ഡെയ്‌ലി മെയിൽ ഈ വാർത്ത പ്രസിദ്ധീകരിച്ചത്. വാർത്തയിൽ നിന്ന് ചിത്രം ഇപ്പോഴും മാറ്റിയിട്ടില്ല. മനോരമ അധികൃതർ ഡെയ്‌ലി മെയിലിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്നാണ് അ്‌റിയുന്നത്.