ജറൂസലം: ഇസ്രയേലിന് ജറുസലേം അവരുടെ പ്രദേശമാണ്. ഫലസ്തീൻകാർക്ക് അത് അവരുടേയും. സ്വന്തം ഭൂമിക്ക് വേണ്ടി ധീരതയോടെയാണ് അവർ പോരാടുന്നത്. ഇതിനൊപ്പമാണ് ലോകത്തിന്റെ പൊതുമനസ്സും. അതുകൊണ്ട് തന്നെ ജറുസലേമിന്റെ ഇസ്രയേൽ അവകാശ വാദങ്ങൾ ലോക രാജ്യങ്ങൾ കണ്ടില്ലെന്ന് നടിച്ചു. എന്നാൽ അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് എത്തിയതോടെ ഇസ്രയേലിന്റെ മോഹങ്ങൾക്ക് പുതിയ തലം വന്നു. ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചു. അവിടെ എംബസി തുറക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഇത് ഫലസ്തീൻകാർക്ക് അംഗീകരിക്കാനാവുന്നതായിരുന്നില്ല. അവർ സ്വന്തം മണ്ണിനായി വീറോടെ പോരാട്ടത്തിന് ഇറങ്ങി. കണ്ണിൽചോരയില്ലാതെ എല്ലാവരേയും വെടിവച്ച് വീഴ്‌ത്തുകയായിരുന്നു ഇസ്രയേൽ ചെയ്തത്.

അങ്ങനെ ലോകമനസ്സാക്ഷിയെ ഞെട്ടിച്ച് ഫലസ്തീനിൽ വീണ്ടും ഇസ്രയേലിന്റെ നരനായാട്ട് അരങ്ങേറി. യു.എസ് എംബസി ടെൽഅവീവിൽനിന്ന് ജറൂസലമിലേക്ക് മാറ്റിയതിനെതിരെ പ്രതിഷേധിച്ച ഫലസ്തീനികൾക്കെതിരെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു. 2500ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ കുട്ടികളുമുണ്ട്. ഗസ്സയിലും വെസ്റ്റ്ബാങ്കിലും ഇസ്രയേൽ സൈന്യം കനത്ത വ്യോമാക്രമണവും വെടിവെപ്പും നടത്തുകയായിരുന്നു. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്. അതുകൊണ്ട് തന്നെ മരണ സംഖ്യ ഇനിയും ഉയരും.

ഒരു സ്വതന്ത്ര യഹൂദരാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന രാഷ്ട്രീയ മുന്നേറ്റമാണ് സയണിസം. അറബ് ഭൂരിപക്ഷ മേഖലയായ ഫലസ്തീനിലേയ്ക്ക് യഹൂദർ കുടിയേറുന്നതിനെ സയണിസം പ്രോത്സാഹിപ്പിക്കുന്നു. ആധുനിക ഇസ്രയേലിന്റെ പിറവിക്ക് നിദാനമായ ഒന്നാണ് സിയോണിസ്റ്റ് പ്രസ്ഥാനം.3200 വർഷം മുമ്പ് യഹൂദരാജ്യം ഉടലെടുത്ത പാലസ്ഥീൻ പ്രദേശത്ത് ഇസ്രയേൽ രൂപവൽക്കരിക്കണമെന്ന ആശയം സിയോണിസ്റ്റുകൾ ഉയർത്തി. ബൈബിളിൽ ജറുസലേമിനു പറയുന്ന പലപേരുകളിൽ ഒന്നായ സിയോൺ എന്നതിൽ നിന്നാണ് പ്രസ്ഥാനത്തിന് പേരു കിട്ടിയത്. ഈ പ്രസ്ഥാനത്തിന് പക്ഷേ ലോക രാജ്യങ്ങളുടെ പിന്തുണ കിട്ടിയിരുന്നില്ല. എന്നിട്ടും കൈക്കരുത്തിൽ അവർ ഇസ്രയേൽ വെട്ടിപ്പിടിച്ചു. ഈ സയണിസ്റ്റ് ചിന്താഗതിയുടെ പുതിയ മുഖമാണ് ട്രംപ് എന്നാണ് വിലയിരുത്തൽ.

ട്രംപ് അധികാരത്തിലെത്തിയതോടെ ഇസ്രയേലിന് ആവേശം കൂടി. ജെറുസലേമിനെ അമേരിക്ക അംഗീകരിച്ചു. അറബ് രാഷ്ട്രങ്ങളുടെ എതിർപ്പ് പോലും ട്രംപ് കണ്ടില്ലെന്ന് നടിച്ചു. അങ്ങനെ സയണിസം വീണ്ടും സടകുടഞ്ഞെഴുന്നേറ്റു. അതുണ്ടാക്കിയ ദുരന്തമാണ് കഴിഞ്ഞ ദിവസം ഫലസ്തീനിൽ കണ്ടത്. എംബസി തുറക്കുന്നതിനെതിരെ ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേൺ എന്ന പേരിൽ ഇസ്രയേൽ അതിർത്തിയിൽ സമരക്കാർ മാർച്ച് 30 മുതൽ പ്രതിഷേധം നടത്തിവരികയായിരുന്നു. ഇവരുടെ പ്രതിഷേധം അവഗണിച്ചായിരുന്നു എംബസി തുറക്കൽ. യു.എസ് നീക്കം ലോക നേതാക്കളിൽ അടക്കം വലിയ പ്രതിഷേധങ്ങൾക്ക് കാരണമാക്കിയിരുന്നു. യുഎസ് അംബാസഡർ ഡേവിഡ് ഫ്രൈഡ്മാൻ ആണ് എംബസി ഉദ്ഘാടനം ചെയ്തത്. യുഎസിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘവും ഇസ്രയേൽ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

എംബസി ഉദ്ഘാടന ചടങ്ങിനെതിരെ 12 ഇടങ്ങളിലായി നടന്ന പ്രതിഷേധ സമരത്തിൽ 35,000ത്തോളം ഫലസ്തീനികൾ പങ്കെടുത്തു. എംബസി ഉദ്ഘാടനച്ചടങ്ങുകൾ നടക്കുന്നതിനിടെയായിരുന്നു ഫലസ്തീനികളുടെ പ്രതിഷേധം. എംബസിയിലേക്കുള്ള റോഡുകൾ അടച്ചതിനാൽ പ്രക്ഷോഭകർക്ക് ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശിക്കാനായില്ല. എംബസി ഉദ്ഘാടനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഇസ്രയേൽ ഒരുക്കിയത്. 1000 പൊലീസുകാരെ മേഖലയിൽ അധികമായി വിന്യസിച്ചിരുന്നു. ഇതിനൊപ്പം പ്രതിഷേധക്കാരെ അതിശക്തമായി നേരിട്ടു. നെഞ്ചിലേക്ക് തന്നെ വെടിയുതിർത്തു. ഇതാണ് ദുരന്തമായി മാറാൻ കാരണം. പ്രതിഷേധക്കാരോട് യാതൊരു അനുകമ്പയും ഇല്ലാത്ത ഇസ്രയേൽ മനസ്സാണ് വ്യക്തമാകുന്നത്.

1948ൽ സ്വന്തംനാട്ടിൽനിന്ന് ബലപ്രയോഗത്തിലൂടെ പുറത്താക്കപ്പെട്ട ഫലസ്തീനികളുടെ തിരിച്ചുവരവിനായി മാർച്ച് 30 മുതൽ ഫലസ്തീനികൾ പ്രക്ഷോഭത്തിലാണ്. ഇതിനെതിരെ ഇസ്രയേൽ പലവട്ടം ആക്രമണം നടത്തിയതിൽ 90ഓളം ഫലസ്തീനികൾ കൊല്ലപ്പെടുകയും 10,000ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനിടെ എംബസി മാറ്റം ഉണ്ടായതോടെ തിങ്കളാഴ്ച പ്രതിഷേധം ശക്തമാക്കുകയായിരുന്നു. 2016 ഡിസംബറിലാണ് ഫലസ്തീൻ സമാധാനശ്രമങ്ങൾക്ക് തുരങ്കംവെച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എംബസി മാറ്റുമെന്ന് പ്രഖ്യാപിച്ചത്. ഒപ്പം, ജറൂസലം ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കുകയും ചെയ്തു. ഇസ്രയേലിന് വലിയ നേട്ടത്തിന്റെ ദിനമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

അതിർത്തിയിലെ വേലി തകർക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചുവെന്ന് ഇസ്രയേൽ ആരോപിക്കുന്നു.. സേനയുടെ പ്രതികരണം സ്വാഭാവികമാണെന്നും ഇസ്രയേൽ വാദിക്കുന്നു. ഫലസ്തീന്റെ ഭാഗത്ത് നിന്ന് കല്ലുകളും ബോംബുകൾ ഉപയോഗിച്ച് ആക്രമിച്ചപ്പോൾ ഇസ്രയേൽ സൈന്യം സ്നിപ്പർമാരെ ഉപയോഗിച്ച് നേരിട്ടു. കലാപത്തിൽ 35000 ഫലസ്തീനികൾ പങ്കെടുത്തുവെന്നും ഇസ്രയേൽ ആരോപിച്ചു.