ലണ്ടൻ: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ലഗേജ് മോഷണം പതിവാണ്. ഇതിനെതിരെ പരാതി പറയാത്ത മലയാൡകൾ കുറവാണ്. എന്നാൽ ലഗേജ് മോഷണം ഇവിടെ കരിപ്പൂരിൽ മാത്രമല്ല, അങ്ങ് ബ്രിട്ടനിൽ വരെ പതിവാണെന്നതാണ് വസ്തുത. വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയ്ക്കായി ഹാൻഡ് ലഗേജ് കൺവേയർ ബെൽറ്റിൽ വെച്ചശേഷം മെറ്റൽ ഡിക്ടറ്ററിലൂടെ നാം കടന്ന് അപ്പുറത്തെത്തുമ്പോഴേക്കും വിലപ്പെട്ടതെല്ലാം മോഷ്ടിക്കപ്പെടുന്നതാണ് യുകെയിലെ വിമാനത്താവളങ്ങളിൽ പതിവ്. ചുരുങ്ങിയ സമയത്തിനിടെ എങ്ങനെ മോഷണം നടകക്കുമെന്നുവെന്ന് ആശ്ചര്യപ്പെടുകയല്ലാതെ വേറെ വഴിയുണ്ടാവില്ല. ബെൽറ്റിൽവെയ്ക്കുന്ന സാധനങ്ങൾ മോഷ്ടിക്കപ്പെടുന്ന പതിവ് സ്ഥിരമാണെന്ന് ലണ്ടൻ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർ തന്നെ പറയുന്നു.

ലാപ്‌ടോപ്പുകൾ, മൊബൈലുകൾ, ബാഗുകൾ തുടങ്ങി കൈയിൽക്കൊണ്ടുപോകാവുന്ന വസ്തുക്കളാണ് പൊതുവെ കൺവേയർ ബെൽറ്റിലൂടെ എക്‌സ്-റേ പരിശോധനയ്ക്കായി കടത്തിവിടുന്നത്. എന്തുതന്നെയായാലും മോഷ്ടിക്കപ്പെടുമെന്നതാണ് അവസ്ഥ. ഉറ്റവരുടെ ചിതാഭസ്മവുമായി പോയവർക്ക് അതുപോലും നഷ്ടമായിട്ടുണ്ട്. അന്റോണിയ കോളിൻസ് എന്ന യുവതിക്ക് വെള്ളിയാഴ്ച ഗാറ്റ്‌വിക് വിമാനത്താവളത്തിൽ നഷ്ടമായത് 300 ഡോളർകൊടുത്തു വാങ്ങിയ മെയ്ക്കപ്പ് ഉപകരണങ്ങളാണ്..

ഗാറ്റ്‌വിക്കിൽ അവധിക്കാല യാത്രക്കാരുടെ നല്ല തിരക്കുണ്ടായിരുന്നതായി അന്റോണിയ പറയുന്നു. കൺവേയർ ബെൽറ്റിൽ ഒരു ട്രേയിൽ മെയ്ക്കപ്പ് ബോക്‌സും തന്റെ ജാക്കറ്റും കൈയിലുണ്ടായിരുന്ന ബാഗും വെച്ചശേഷം ദേഹപരിശോധനയ്ക്കായുള്ള ക്യൂവിൽ അവർ നിന്നു. തിരക്കുണ്ടായിരുന്നതിനാൽ, കുറച്ചുനേരം കാത്തുനിൽക്കേണ്ടിവന്നു. മെറ്റൽ ഡിക്ടറ്റർ പരിശോധന കഴിഞ്ഞ് അപ്പുറത്തെത്തി നോക്കുമ്പോഴേക്കും ട്രേയിൽ പുതിയ മെയ്ക്കപ്് ബോക്‌സ് കാണാനില്ല.

സുരക്ഷാ പരിശോധന നടത്തുന്നവരോട് പരാതിപ്പെട്ടപ്പോൾ, ആരെങ്കിലും എടുത്തിട്ടുണ്ടാകുമെന്ന ഒഴുക്കൻ മറുപടിയാണ് ലഭിച്ചതെന്ന് അന്റോണിയോ പറയുന്നു. അതു കണ്ടെത്താനുള്ള ശ്രമമോ പരാതി കേൾക്കാനുള്ള സമയമോ പോലും അവർക്കുണ്ടായിരുന്നില്ല. തിരക്കേറിയ സമയത്ത് ബ്രിട്ടനിലെ മിക്ക വിമാനത്താവളങ്ങളിലും ഇത്തരം മോഷണങ്ങൾ അരങ്ങേറുന്നത് പതിവാണെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.

നെതർലൻഡ്‌സിലെ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുനന ഫെർണാണ്ട ആര്ഡിൽസിനും കഴിഞ്ഞമാസം ഇതേ ദുരനുഭവമുണ്ടായി. ലണ്ടൻ സിറ്റി വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന കഴിഞ്ഞുനോക്കുമ്പോൾ ഫെർണാണ്ടയ്ക്ക് തന്റെ 1000 പൗണ്ട് വിലയുള്ള ലാപ്‌ടോപ്പാണ് നഷ്ടപ്പെട്ടത്. വിമാനത്താവള ജീവനക്കാരോട് പരാതിപ്പെട്ട ഫെർണാണ്ട സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ കാരണങ്ങളാലും ഡേറ്റ പ്രൊട്ടക്ഷൻ നിയമങ്ങളുടെ പേരിലും ആ ആവശ്യം നിരസിക്കപ്പെട്ടു.

ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ പരിശോധന കൂടുതൽ കർശനമാക്കിയതോടെയാണ് കൂടുതൽ സമയം വിമാനത്താവളങ്ങളിൽ ഇതിനായി യാത്രക്കാർക്ക് ചെലവിടേണ്ടിവന്നുതുടങ്ങിയത്. ഈ കാത്തുനിൽപ്പിനിടെയാണ് വിലപ്പെട്ട വസ്തുക്കൾ അടിച്ചുമാറ്റാൻ മോഷ്ടാക്കളും ഉപയോഗിക്കുന്നത്. എന്നാൽ, ഇത്തരം സംഭവങ്ങളിൽ സുരക്ഷാ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കും പങ്കുണ്ടോ എന്ന് സംശയിക്കുന്നവരുമുണ്ട്. അവരറിയാതെ എങ്ങനെ സാധനങ്ങൾ പോകുമെന്നാണ് യാത്രക്കാരുടെ ചോദ്യം.

ആഭ്യന്തര യാത്രയ്ക്കും മറ്റും പോകുമ്പോൾ യാത്രക്കാരിലേറെയും ഹാൻഡ് ബാഗേജ് മാത്രമേ കൂടെക്കരുതൂ എന്നതിനാൽ, വിലപ്പെട്ട വസ്തുക്കളെല്ലാം കൺവേയർ ബെൽറ്റ് കടന്നാകും അപ്പുറത്തെത്തുക. ഡിജിറ്റൽ കാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങളും ആളുകളുടെ പക്കലുണ്ടാകും. ഒരു യാത്രക്കാരന്റെ പക്കൽ ശരാശരി 1496 പൗണ്ട് വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുണ്ടാവാം എന്നാണ് അടുത്തിടെ നടന്ന ഒരു പഠനത്തിൽ കണ്ടത്. ഈ ഉപകരണങ്ങളിലാണ് മോഷ്ടാക്കളും കണ്ണുവെക്കുന്നത്.