പയ്യന്നൂർ: യുക്തിവാദി സംഘം പയ്യന്നൂരിൽ സംഘടിപ്പിച്ച കേരള മിശ്ര വിവാഹ വേദിയിൽ ജാതിയും മതവും സ്ത്രീധനവും നിഷേധിച്ച് പെണ്ണ് കെട്ടാൻ എത്തിയത് 800 ചെറുപ്പക്കാർ. അതേസമയം വിവാഹത്തിനെത്തിയ സ്ത്രീകളുടെ എണ്ണം വെറും 20 മാത്രമായിരുന്നു. പുര നിറഞ്ഞ് നിന്ന ചെറുപ്പക്കാർ മുഴുവൻ വിവാഹ വേദിയിൽ എത്തിയതോടെ സ്വയം വരം അടി പൊളിയാക്കിയത് പെണ്ണുങ്ങളാണ്. അതേസമയം വിവിാഹ വേദി ചെറുപ്പക്കാരെ കൊണ്ട് നിറഞ്ഞതോടെ പൊലീസെത്തിയാണ് പുരുഷ പ്രജകളെ ഒഴവാക്കി വിട്ടത്.

മിശ്രഭോജനത്തിന്റെ 101-ാം വാർഷികാഘോഷത്തിന്റെ അനുബന്ധ പരിപാടിയായി കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിൽ മിശ്രവിവാഹവേദിയാണ് പയ്യന്നൂരിൽ ജാതി-മതരഹിത സ്ത്രീധനരഹിത വൈവാഹികസംഗമം സംഘടിപ്പിച്ചത്. പയ്യന്നൂർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ ഞായറാഴ്ച 11 മണിക്ക് സംഗമം നടക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്. കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നേരത്തേ ഇത്തരം സംഗമം നടത്തിയ സംഘാടകർ ശരാശരി 150 പേരെയാണ് പ്രതീക്ഷിച്ചത്. അതുകൊണ്ടുതന്നെ 200 പേർക്കുള്ള ചായയും ഉച്ചഭക്ഷണവും ഒരുക്കുകയും ചെയ്തിരുന്നു. എന്നാൽ, സംഘാടകരെ അമ്പരപ്പിച്ചുകൊണ്ട് നൂറുകണക്കിന് യുവാക്കളാണ് ഒഴുകിയെത്തിയത്.

രാവിലെ പത്ത് മണിയോടെതന്നെ ഓഡിറ്റോറിയത്തിലും പുറത്തും റോഡിലും കല്യാണം കഴിക്കാനെത്തിയ യുവാക്കളുടെയും ഒപ്പമെത്തിയവരുടെയും തിരക്കായിരുന്നു. പുരുഷാരംകണ്ട് എന്തുചെയ്യണമെന്നറിയാത്ത പ്രതിസന്ധിയിലായിരുന്നു സംഘാടകർ. ഒടുവിൽ തടിച്ചു കൂടിയവരെ ഒഴിവാക്കാൻ സംഘാടകർക്ക് പൊലീസിനെയും വിളിക്കേണ്ടി വന്നു. സംഗമത്തിൽ പരസ്പരം ഇഷ്ടപ്പെടുന്നവർ തമ്മിലുള്ള വിവാഹകാര്യങ്ങൾ അവർക്ക് തീരുമാനിക്കാം എന്ന് സംഘാടകർ അറിയിച്ചിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് 100 രൂപ ഫീസും നിശ്ചയിച്ചിരുന്നു. എന്നാൽ 'വരന്മാരുടെ' കുത്തൊഴുക്കുണ്ടായതല്ലാതെ 'വധു'ക്കളെ കാണാനുണ്ടായില്ല. പെൺകുട്ടികളെ കൂടാതെയാണ് പല രക്ഷിതാക്കളും സംഗമത്തിനെത്തിയത്.

ഇതിനിടെ ഏതാനും ചിലർ സംഘാടകരെ ചോദ്യംചെയ്യുകയും വാക്തർക്കമുണ്ടാവുകയും ചെയ്തു. രംഗം വഷളാകുന്ന അവസ്ഥയിൽ പൊലീസെത്തി. 100 രൂപ തിരിച്ചുനൽകണമെന്ന് ചിലർ ആവശ്യപ്പെട്ടു. എല്ലാവരോടും ഓഡിറ്റോറിയത്തിനു പുറത്ത് പോകാനും പരിപാടി അവസാനിച്ചതായും സംഘാടകർ പൊലീസ് നിർദ്ദേശപ്രകാരം പറഞ്ഞു. ഇതോടെ വൈവാഹികസംഗമത്തിനെത്തിയവർ പിരിഞ്ഞുപോയി. രജിസ്റ്റർചെയ്ത തുക ആവശ്യപ്പെട്ടവർക്ക് തിരിച്ചുനൽകുകയും ചെയ്തു. എണ്ണൂറിലേറെപ്പേർ രജിസ്റ്റർചെയ്തതായി സംഘാടകർ അറിയിച്ചു.