ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്റിലും വെയിൽസിലും ഗർഭഛിദ്രം നിയമവിധേയമാണെങ്കിലും നോർത്തേൺ അയർലനന്റിൽ അതു നിയമവിരുദ്ധമായിരുന്നു. പ്രധാന കാരണം നോർത്തേൺ അയർലന്റിനോട് ചേർന്നു കിടക്കുന്ന റിപ്പബ്ലിക് ഓഫ് അർലന്റിൽ ഇതു നിരോധിച്ചിരുന്നു എന്നത് തന്നെ. അയർലന്റ് നിയമം മാറ്റുന്നതോടെ നോർത്തേൺ അയർലന്റ് മാത്രം എന്തുകൊണ്ട് നിരോധനം നിലനിർത്തുന്നു എന്ന ചോദ്യം എങ്ങും ഉയർന്നു കഴിഞ്ഞു. അയർലണ്ടിന് വേണ്ടാത്ത ഗർഭഛിദ്ര നിയമം എന്തിന് ബ്രിട്ടന് വേണം? എന്ന ചോദ്യമാണ് ഈ അവസരത്തിൽ ശക്തമാകുന്നത്. ഇതിനെ തുടർന്ന് നോർത്തേൺ അയർലണ്ടിലും ഗർഭച്ഛിദ്രം അനുവദിക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭകർ രംഗത്തെത്തിയിട്ടുണ്ട്. അത് പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് പുതിയ തലവേദനയായി മാറിയിട്ടുമുണ്ട്.

അബോർഷൻ വിഷയത്തിൽ റിപ്പബ്ലിക്ക് ഓഫ് അയർലണ്ട് വോട്ട് ചെയ്ത് നിർണായകമായ തീരുമാനമെടുത്തിരിക്കുന്നതിനാൽ അതു പോലുള്ള ഒരു ഫ്രീ വോട്ട് ഈ വിഷയത്തിൽ നോർത്തേൺ അയർലണ്ടിലും അനുവദിക്കണമെന്ന ആവശ്യവുമായി മുതിർന്ന ടോറി നേതാക്കൾ രംഗത്തെത്തിയതാണ് തെരേസക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. ഇതിനായി കാബിനറ്റ് മെമ്പർമാർ സമ്മർദം ചെലുത്താനാരംഭിച്ചുവെന്നും സൂചനയുണ്ട്. തന്നെ പിന്തുണയ്ക്കുന്ന ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി അഥവാ ഡിയുപി അബോർഷനെ എതിർക്കുന്ന വിധത്തിലായിരിക്കും പാർലിമെന്റിൽ വോട്ട് ചെയ്യുകയെന്നതാണ് തെരേസക്ക് ഈ വിഷയത്തിൽ പ്രധാന തലവേദനയായി വർത്തിക്കുന്നത്.

തൽഫലമായി തെരേസയുടെ കാബിനറ്റ് ഈ വിഷയത്തിൽ ചേരിതിരിഞ്ഞ് നിലകൊള്ളുമെന്നും അത് സർക്കാരിന്റെ നിലനിൽപിനെ തന്നെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.ഈ ഒരു പ്രതിസന്ധി ഒഴിവാക്കുന്നതിനായി ഇത്തരമൊരു ആവശ്യത്തെ തെരേസ തുടക്കത്തിലെ ചെറുക്കുമെന്നാണ് ഡൗണിങ് സ്ട്രീറ്റ് ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്. ഇതിൽ തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്വം നോർത്തേൺ ഐറിഷ് നേതാക്കളുടെ ചുമലിലേക്കിടാനും തെരേസ ശ്രമിക്കുമെന്ന് സൂചനയുണ്ട്. എന്നാൽ തെരേസയുടെ സഹപ്രവർത്തകർ അടക്കമുള്ള 130 എംപിമാരുടെ സമ്മർദ ഗ്രൂപ്പ് ഈ പ്രശ്നത്തിൽ അബോർഷനെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് പറഞ്ഞ് രംഗത്തെത്തിയത് കാരണം ഈ പ്രശ്നത്തിൽ നിന്നും അത്ര വേഗം ഒളിച്ചോടാൻ തെരേസക്ക് സാധിക്കില്ല.

അടുത്തിടെ നടത്തിയ അബോർഷൻ റഫറണ്ടത്തിൽ റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിലെ ഭൂരിഭാഗം പേരും അതായത് 66. 4 ശതമാനം പേരും അബോർഷനെ അനുകൂലിച്ച് വോട്ട്ചെയ്തതാണ് പുതിയ പ്രശ്നം ഉയർന്ന് വരാൻ കാരണമായിത്തീർന്നിരിക്കുന്നത്. ഇതിനെ തുടർന്ന് ഇവിടെ അബോർഷൻ നിയമവിധേയമാകാനിരിക്കുകയാണ്. ഇതിനായുള്ള നിയമമാറ്റം ഈ വർഷം അവസാനത്തോടെ നടപ്പിലാക്കുമെന്ന് ഇവിടുത്തെ പ്രധാനമന്ത്രി ലിയോ വരദ്കർ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. തൽഫലമായി യുകെയുടെ ഭാഗമെന്ന നിലയിൽ നോർത്തേൺ അയർലണ്ടിൽ മാത്രമാണ് ഗർഭഛിദ്രത്തിന് വിലക്കുള്ളത്. അതിനാൽ അത് നീക്കാനുള്ള സമ്മർദവും പ്രധാനമന്ത്രിയെന്ന നിലയിൽ തെരേസക്ക് മേൽ ശക്തമായിരിക്കുകയാണ്.

ഇതിനായുള്ള സമ്മർദത്തിന് മുൻപന്തിയിലുള്ള നേതാക്കളിലൊരാളാണ് ഇന്റർനാഷണൽ ഡെവലപ്മെന്റ് സെക്രട്ടറിയായ പെന്നി മോർഡന്റ്. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാവെന്ന നിലയിൽ മോർഡന്റിന്റെ സാന്നിധ്യം ഈ പ്രക്ഷോഭത്തിൽ നിർണായക സ്വാധീനം ചെലുത്തും.