ന്യൂഡൽഹി: മറ്റേതെങ്കിലും ഒരു രാജ്യത്തിന് മേൽ ഇന്ത്യ ഉപരോധം ഏർപ്പെടുത്തുന്നുവെങ്കിൽ അത് യുഎൻ നിയമങ്ങളോ നിർദേശങ്ങളോ അനുസരിച്ചായിരിക്കുമെന്നും മറിച്ച് യുഎസ് ഉപരോധങ്ങളോ നിയമങ്ങളോ പിന്തുടർന്നായിരിക്കില്ലെന്നുമുള്ള ധീരമായ നിലപാടുമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രംഗത്തെത്തി.

ഇന്ത്യ സന്ദർശിക്കുന്ന ഇറാനിയൻ വിദേശ കാര്യമന്ത്രി മുഹമ്മദ് ജവാദ് സറിഫുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പുള്ള ഒരു പത്രസമ്മേളനത്തിലാണ് സുഷമ കടുത്ത നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇറാന് മേൽ തങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ഇന്ത്യയും അനുവർത്തിച്ച് കൊള്ളണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിരട്ട് തള്ളിക്കളഞ്ഞ് ഇന്ത്യയുടെ നിലപാട് ഇതിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് സുഷമ. ഇറാനുമായി ഡീലുള്ള രാജ്യങ്ങളെ ശിക്ഷിക്കുമെന്നുള്ള ട്രംപിന്റെ വെല്ലുവിളി ഇന്ത്യ ഇതിലൂടെ തള്ളിക്കളഞ്ഞിരിക്കുകയാണ്. കൂടാതെ ഇറാനിയൻ വിദേശകാര്യ മന്ത്രിക്ക് സന്ദേഹങ്ങളില്ലാത്ത സ്വീകരണം ഒരുക്കാനും ഇന്ത്യ തയ്യാറായിട്ടുണ്ട്.

ഇറാനുമായി വളരെ നിർണായകമായ വ്യാപാര ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ മൂന്നാം സ്ഥാനമാണ് ഇറാനുള്ളത്. ഇറാനിലെ ചാബാഹർ തുറമുഖത്തിൽ ഇന്ത്യ തന്ത്രപരമായ നിക്ഷേപം നടത്തിയിട്ടുമുണ്ട്. പാക്കിസ്ഥാനെ സ്പർശിക്കാതെ അഫ്ഗാനിസ്ഥാനിൽ നിന്നും മധ്യേഷ്യയിലേക്ക് പോകാൻ ഈ തുറമുഖം വളരെ സഹായകമായതിനാലാണ് ഇന്ത്യ ഇതിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇറാനുമായുള്ള ബന്ധങ്ങൾ തുടരുന്നതിനും അല്ലെങ്കിൽ ഇറാന് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തിൽ തങ്ങളുടേതായ നിലപാട് എടുക്കുന്നതിലും ഇന്ത്യ സ്വതന്ത്രമായ സമീപനമാണ് കൈക്കൊണ്ടിരിക്കുന്നതെന്നും സുഷമ വിശദീകരിക്കുന്നു.

ഐക്യരാഷ്ട്രസംഘടന ഏർപ്പെടുത്തുന്ന ഉപരോധങ്ങളെ മാത്രമേ ഇന്ത്യ പിന്തുടരുകയുള്ളുവെന്നും മറിച്ച് ഏതെങ്കിലും ഒരു രാജ്യം നടപ്പിലാക്കിയിരിക്കുന്ന ഏകപക്ഷീയമായ ഉപരോധങ്ങളെ പിന്തുടരില്ലെന്നുമാണ് സുഷമ സ്വരാജ്യ ധീരമായ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇറാന് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തിനോട് ഇന്ത്യയുടെ നിലപാടെന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രി.ഇറാനുമായുള്ള ആണവക്കരാറിൽ നിന്നും ട്രംപ് ഈ മാസംആദ്യം പിന്മാറിയിരുന്നു. ഇതിന് പുറമെ ഇറാന് മേലുള്ള സാമ്പത്തിക ഉപരോധം വീണ്ടും അടിച്ചേൽപ്പിക്കാനും അമേരിക്കൻ പ്രസിഡന്റ് ശ്രമിക്കുന്നുണ്ട്. 2015ൽ ഉണ്ടാക്കിയ കരാറിലൂടെ ഈ സാമ്പത്തിക ഉപരോധം റദ്ദാക്കിയതായിരുന്നു.

പ്രസ്തുത കരാറിൽ ഭാഗഭാക്കായിട്ടുള്ള എല്ലാ രാജ്യങ്ങളും ആ കരാറിനെ ബഹുമാനിച്ച് കൊണ്ട് ഈ പ്രശ്നം സമാധാനപരമായും ക്രിയാത്മകമായും പരിഹരിക്കാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നാണ് സുഷമയും ഇറാനിയൻ വിദേശകാര്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇന്ത്യൻ വിദേശ കാര്യമന്ത്രാലയും ഇറക്കിയ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. മോസ്‌കോ, ബീജിങ്, ബ്രസൽസ് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം മുഹമ്മദ് ജവാദ് സറിഫ് ഞായറാഴ്ച രാത്രിയാണ് ഡൽഹിയിലെത്തിയിരിക്കുന്നത്.യുഎസ് ആണവകരാറിൽ നിന്നും പിന്മാറിയ സാഹചര്യത്തിൽ കരാറിൽ ഭാഗഭാക്കായ മറ്റ് രാജ്യങ്ങളുമായി കൂടിയാലോചനകൾ നടത്തി വരുകയാണെന്നാണ് സറിഫ് വെളിപ്പെടുത്തിയിരിക്കുന്നത്.