തിരുവനന്തപുരം: നോക്കു കൂലി അവസാനിപ്പിച്ചതായി നമ്മുടെ സർക്കാർ വീമ്പിളക്കിയിട്ട് അധിക നാളായില്ല. നോക്കു കൂലി അവസാനിപ്പിച്ച് സർക്കാർ ഉത്തരവ് ഇറക്കിയതിന് പിന്നാലെ തലസ്ഥാനത്ത് അഴിഞ്ഞാട്ടം നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ചുമട്ട് തൊഴിലാളികൾ. പ്രസവ ശേഷം വിശ്രമത്തിലായിരുന്ന കഴക്കൂട്ടത്തെ ടെക്‌നോപാർക്ക് ജീവനക്കാരിയായ യുവതിക്ക് നേരെയാണ് ചുമട്ടു തൊഴിലാളികൾ ഭീഷണിയുമായി എത്തിയത്. ചുമട്ട് കൂലി അധികം ചോദിച്ചപ്പോൾ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട യുവതിയെ കൊണ്ട് കരിങ്കൽ ഉൾപ്പെടെയുള്ള സാധനങ്ങൾ വണ്ടിയിൽ നിന്ന് ഇറക്കിക്കുയും സഹായിക്കാൻ ശ്രമിച്ചവരുടെ നേരെ കയ്യേറ്റത്തിന് ശ്രമിക്കുകയും ആയിരുന്നു.

പ്രസവശേഷം വിശ്രമത്തിലായിരുന്ന യുവതി പരസഹായമില്ലാതെ ലോഡിറക്കിയ യുവതി അവശയായിട്ടും തൊഴിലാളികളുടെ മനസ്സലിഞ്ഞില്ല. കഴക്കൂട്ടം മേനംകുളം കൽപനയ്ക്കു സമീപം തമിഴ്‌നാട് സ്വദേശികളായ പ്രസാദ് മീര ദമ്പതികളോടായിരുന്നു ക്രൂരത. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ലാൻഡ് സ്‌കേപ്പിങ്ങുനും മറ്റുമായുള്ള സാധനങ്ങളുമായി വണ്ടി വന്നയുടൻ ഒു കൂട്ടം ചുമട്ട് തൊഴിലാളികൾ വീടിന് മുന്നിലേക്ക് ഓടി എത്തി. വണ്ടിയിൽ എത്ര സാധനങ്ങളുണ്ടെന്ന് പോലും നോക്കാതെ ഇറക്കു കൂലി അവർ നിശ്ചയിക്കുകയും ചെയ്തു. നാലായിരും രൂപയായിരുന്നു അവർ നിശ്ചയിച്ച കൂലി. എന്നാൽ ഈ കൂലി അൽപം കൂടുതലാണെന്ന് മീര പറഞ്ഞു. അതു കേട്ട ഉടൻ തൊളിലാളികൾ പൊട്ടിത്തെറിച്ചു. ആ സമയം മീര മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

മീരയ്ക്ക് നേരെ തൊഴിലാളികൾ തട്ടിക്കയറിയപ്പോൾ സാധനങ്ങൾ എത്തിച്ച കഴക്കൂട്ടം സ്വദേശി റീമയും മീരയ്ക്കു പിന്തുണയുമായി രംഗത്തുവന്നു. ഇറക്കു കൂലി അൽപ്പം കൂടി കുറയ്ക്കണമെന്ന് ഇരുവരും ആവർത്തിച്ചപ്പോൾ വീട്ടുകാർ തന്നെ സാധനം ഇറക്കൂ എന്നായി തൊഴിലാളികൾ. വീട്ടുകാർ മാത്രം സാധനം ഇറക്കിയാൽ മതിയെന്നും വേറെ ആരെങ്കിലും തൊട്ടാൽ വിവരം അറിയുമെന്ന് ഭീഷണിയും മുഴക്കി. ഇതോടെ മീരയും റീമയും ചേർന്ന് സാധനങ്ങൾ ഇറക്കാൻ തുടങ്ങി. എന്നാൽ വീട്ടുകാരി അല്ലാത്തതിനാൽ റീമയോട് മാറി നിൽക്കാനും തൊഴിലാളികൾ ഭീഷണിപ്പെടുത്തി. മുഴുവൻ ലോഡും വീട്ടുടമ തന്നെ ഇറക്കണമെന്നായിരുന്നു തൊഴിലാളികളുടെ വാശി. കരിങ്കൽ പാളി ഉൾപ്പെടെയുള്ളവ മീര പരസഹായം കൂടാതെ ഇറക്കിവച്ചു. മീര പ്രസവ ശേഷം വിശ്രമത്തിലാണെന്ന പറഞ്ഞെങ്കിലും തൊഴിലാളികളുടെ മനസ് അലിഞ്ഞില്ല.

കരിങ്കൽ ഇറക്കി തുടങ്ങിയതിന് പിന്നാലെ മീര അവശയായി. ഇതു കണ്ട് മനസ്സലിവു തോന്നിയ ഡ്രൈവർ ഒരു കൈ സഹായവുമായി അടുത്തുചെന്നു. അതോടെ ഡ്രൈവർക്കു നേരെ തൊഴിലാളികൾ തിരിഞ്ഞു. അസഭ്യം വിളിച്ചു ബഹളമുണ്ടാക്കിയ അവർ വാഹനം കത്തിക്കുമെന്നും ഭീഷണി മുഴക്കി. ഇതോടെ ഡ്രൈവർ സ്ഥലം വിട്ടു. തൊഴിലാളികൾ നോക്കിനിൽക്കെ വാശിയോടെ തന്നെ മീര ലോഡിറക്കി. വിവരമറിഞ്ഞു ടെക്‌നോപാർക്കിൽ നിന്നു ഭർത്താവ് എത്തുമ്പോഴേക്കും മുഴുവൻ സാധനങ്ങളും യുവതി ഇറക്കിയിരുന്നു. സമീപവാസികൾ സ്റ്റേഷനിൽ വിവരം അറിയിച്ചിട്ടും പൊലീസ് എത്തിയില്ല. ലാൻഡ് സ്‌കേപ്പിങ് സാധനങ്ങൾ എത്തിച്ച റീമയാണു സംഭവം ഫെയ്‌സ് ബുക്കിലൂടെ പുറത്തുവിട്ടത്.

മൂന്നു സംസ്ഥാനങ്ങളിൽ താമസിച്ചിട്ടുണ്ടെന്നും പക്ഷേ, കേരളത്തിൽ മാത്രമാണ് ഇത്തരം പ്രശ്‌നമെന്നും മീരയുടെ ഭർത്താവ് പ്രസാദ് പറഞ്ഞു. ന്യായമായ കൂലിയാണെങ്കിൽ കൊടുക്കാം. പക്ഷേ, ഇത് അന്യായമാണ്. അഞ്ചു മാസം മുൻപാണു ഭാര്യ പ്രസവിച്ചത്. വിശ്രമത്തിലാണെന്നു പറഞ്ഞിട്ടും അവർ വിട്ടുവീഴ്ചയ്ക്കു തയാറായില്ല. ലോഡ് ഇറക്കുന്നതിനിടെ ക്ഷീണിതയായ അവൾ ഭക്ഷണം കഴിക്കാനായി വാഹനത്തിൽ നിന്ന് ഇറങ്ങി. ഇതു തടയാനും അവർ ശ്രമിച്ചു. 30 ലക്ഷം രൂപ കടം വാങ്ങിയാണ് ഇവിടെ വീട് വാങ്ങിയത്. ആവശ്യത്തിനു പണം ഉണ്ടായിരുന്നെങ്കിൽ അവർ ചോദിക്കുന്നതു കൊടുക്കാം. ഇവിടെ തുടർന്നും ജീവിക്കണം അതുകൊണ്ട് പരാതി നൽകുന്നില്ലെന്നും പ്രസാദ് പറഞ്ഞു. നോക്കു കൂലി അവസാനിപ്പിച്ച് സർക്കാർ ഉത്തരവിട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മൂക്കിന് കീഴെ ഇങ്ങനെ ഒരു സംഭവം നടന്നത്.