ന്റെ ജീവിതത്തിലെ ഭൂരിഭാഗം സമയവും അശരണർക്കും രോഗികൾക്കും ആലംബഹീനർക്കും വേണ്ടി ഉഴിഞ്ഞ് വച്ച മനുഷ്യസ്നേഹി ജോൺ ബ്രാഡ്ബേണിനെ പോപ്പ് വിശുദ്ധനായി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 400 കൊല്ലത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഒരു ബ്രിട്ടീഷുകാരന് വിശുദ്ധ പദവി ലഭിക്കുന്നത്. ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ശേഷം കത്തോലിക്കനായി ഇന്ത്യ അടക്കം ലോകം മുഴുവൻ അലഞ്ഞ അനുഭവമുള്ളയാളായിരുന്നു ബ്രാഡ്ബേൺ. സിംബാബ്‌വെയിലെ കുഷ്ഠരോഗികൾക്ക് വേണ്ടി ജീവിതം മാറ്റി വച്ച ത്യാഗിയുമാണ് അദ്ദേഹം.



എന്നാൽ അവസാനം 1979ൽ ചാരനെന്ന് ആരോപിച്ച് സിംബാബ്‌വെയിൽ വച്ച് അതിക്രൂരമായി കൊല്ലപ്പെടാനായിരുന്നു ഈ മനുഷ്യസ്നേഹിയുടെ വിധി. ചുരുക്കിപ്പറഞ്ഞാൽ ജീസസ് ക്രൈസ്റ്റിനെ ഓർമിപ്പിക്കുന്ന വിധത്തിലുള്ള ത്യാഗപൂർണമായ ഒരു ജീവിതമായിരുന്നു ബ്രാഡ്ബേൺ നയിച്ചിരുന്നത്. കാലം അത് തിരിച്ചറിഞ്ഞപ്പോൾ ഇപ്പോൾ വിശുദ്ധ പദവിയും അദ്ദേഹത്തെ തേടിയെത്താൻ പോവുകയാണ്.

റൊഡേഷ്യൻ ബുഷ് വാർ എന്നറിയപ്പെട്ട സിംബാബ്‌വെയിലെ അഭ്യന്തര യുദ്ധത്തിനിടെയാണ് അദ്ദേഹത്തെ പിടികൂടി വധിച്ചിരുന്നത്. സനു-പിഎഫ് ഗറില്ലകൾ അദ്ദേഹത്തെ തേടി വരുന്നുണ്ടെന്നും ഉടൻ പലായനം ചെയ്യണമെന്നും സുഹൃത്തുക്കൾ മുന്നറിയിപ്പേകിയിരുന്നുവെങ്കിലും മുടെംവാ ലീപ്പർ കോളനിക്കാരുടെ വാർഡനായി സേവനമനുഷ്ഠിച്ചിരുന്ന ബ്രാഡ്ബേൺ അവിടെ തന്നെ നിലകൊള്ളുകയും മരണം ഏറ്റുവാങ്ങുകയുമായിരുന്നു.

അദ്ദേഹത്തിന്റെ കൊല നടന്ന് ഏതാണ്ട് നാല് ദശാബ്ദങ്ങൾ തികയുന്ന വേളയിലാണ് അദ്ദേഹത്തെ തേടി വിശുദ്ധ പദവിയെത്തുന്നത്. ബ്രാഡ്ബേണിനെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ദീർഘകാലമായി ഉയർന്ന് വന്ന് കൊണ്ടിരിക്കുന്നതാണ്. അദ്ദേഹത്തിന് ദിവ്യാത്ഭുതങ്ങൾ നടത്തിക്കാൻ ശേഷിയുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മരുമകനായ സെലിയ ബ്രിഗ്സ്റ്റോക്ക് അടക്കമുള്ള കാംപയിനർമാർ ബോധിപ്പിച്ചിരുന്നു.

അദ്ദേഹത്തിന്റെ സംസ്‌കാരവേളയിൽ ഒരു തുള്ളി രക്തം മൃതദേഹത്തിനടിയിൽ കണ്ടിരുന്നുവെന്നും എന്നാൽ അത് തുറന്ന് നോക്കിയപ്പോൾ രക്തം കാണാൻ സാധിച്ചിരുന്നില്ലെന്നുമുള്ള അത്ഭുതത്തെ കുറിച്ച് സംസ്‌കാരത്തിൽ പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തിയിരുന്നു. ബ്രാഡ്ബേണിന്റെ പ്രാർത്ഥനയിൽ ഒരാളുടെ ബ്രെയിൻ ട്യൂമർ ഭേദമായ കാര്യവും ചിലർ വെളിപ്പെടുത്തിയിരുന്നു.

1921ൽ വെസ്റ്റ്മോർലാൻഡിലാണ് ബ്രാഡ്ബേൺ ജനിച്ചത്. ഒരു ആംഗ്ലിക്കൻ റെക്ടറുടെ മകനായിട്ടായിരുന്നു ജനനം. നോർഫോക്കിലെ പ്രൈവറ്റ് സ്‌കൂളിലെ പഠന ശേഷം അദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തിൽ ഒമ്പതാം ഗൂർഖ റൈഫിൾസിനൊപ്പം ബ്രാഡ്ബേൺ പോരാടിയിരുന്നു. 1942ൽ ജപ്പാൻകാർ ഈ സേനയെ കീഴടക്കിയതിനെ തുടർന്ന് അദ്ദേഹം ധീരോദാത്തമായി സിംഗപ്പൂരിലേക്ക് രക്ഷപ്പെടുകയും ചെയ്തു. അവിടെ മറ്റൊരു ഗുർഖ ഓഫീസർക്കൊപ്പം ഒരു മാസം കാട്ടിലായിരുന്നു അദ്ദേഹം കഴിഞ്ഞത്. അവർ സുമാത്രയിലേക്ക് കടൽമാർഗം രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും കപ്പൽ തകർന്ന് ആ ശ്രമം വിഫലമായി. തുടർന്ന് രണ്ടാമത്തെ രക്ഷാ ശ്രമം വിജയിച്ചു.

ബ്രാഡ്ബേണിനെ ഒരു റോയൽ നേവി ഡിസ്ട്രോയർ രക്ഷിക്കുകയും ഡെറാഡൂണിലെത്തിക്കുകയും ചെയ്തു. തന്റെ രക്ഷപ്പെടലിന്റെ പേരിൽ ബ്രാഡ്ബേണിന് മിലിട്ടറി ക്രോസ് നൽകാൻ ശുപാർശ ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നൽകപ്പെട്ടിരുന്നില്ല. തുടർന്ന് ബർമയിലെ ചിൻഡിറ്റ്സിൽ ബ്രിഗേഡിയർ വിൻഗേറ്റ്സിലായിരുന്നു ബ്രാഡ്ബേൺ സേവനമനുഷ്ഠിച്ചത്. മലയയിൽ വച്ച് ഒരു ആത്മീയ അനുഭവം ബ്രാഡ്ബേണിനുണ്ടായത് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റി മറിച്ചു.

തുടർന്ന് ഇംഗ്ലണ്ടിൽ തിരിച്ചെത്തിയ അദ്ദേഹം ആത്മീയ രംഗത്തേക്ക് തിരിയുകയായിരുന്നു. തുടർന്ന് ബെനഡിക്ടിനെസ് ഓഫ് ബക്ക്ഫാസ്റ്റ് അബെയിലായിരുന്നു അദ്ദേഹം കഴിഞ്ഞത്. 1947ൽ ഇവിടെ വച്ച് അദ്ദേഹം റോമൻ കത്തോലിക്കനായി. ഒരു ബെനഡിക്ട് സന്യാസിയാവാനായിരുന്നു അദ്ദേഹം കൊതിച്ചത്. എന്നാൽ ചർച്ചിൽ ചേർന്നിട്ട് രണ്ട് വർഷമാകാത്തതിനാൽ ഇത് നടന്നില്ല. തുടർന്നുള്ള 16 വർഷം അദ്ദേഹം ഇംഗ്ലണ്ട്, ഫ്രാൻസ്, ഗ്രീസ്, ഇറ്റലി, മിഡിൽ ഈസ്റ്റ്,തുടങ്ങിയിടങ്ങളിൽ നീണ്ട യാത്രകളിലായിരുന്നു. ഇതിനിടയിൽ ആത്മീയ-സേവന പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെടുകയും ചെയ്തിരുന്നു.