ന്നലെ നടന്ന യുഎസ് ഓപ്പൺ വനിതാ ഫൈനൽ പ്രക്ഷുബ്ധമായിരുന്നു. വിശ്രുത ടെന്നീസ് താരം സറീന വില്യംസ് അമ്പയറായ കാർലോസ് റാമോസിനെതിരെ പൊട്ടിത്തെറിച്ചതാണ് രംഗം പ്രശ്നഭരിതമാക്കിയത്. കളിക്കുന്നതിനിടെ തന്റെ കോച്ചിൽ നിന്നും സറീന നിർദ്ദേശങ്ങൾ സ്വീകരിച്ചുവെന്ന് ആരോപിച്ച് അമ്പയർ സറീനയ്ക്ക് ഒരു ഗെയിം പെനാൽറ്റി വിധിച്ചതാണ് താരത്തെ പ്രകോപിതയാക്കിയത്. തുടർന്ന് അമ്പയർ തന്റെ പക്കൽ നിന്നും ഒരു പോയിന്റ് മോഷ്ടിച്ചെടുത്തെന്ന് ആരോപിച്ച് സറീന അദ്ദേഹത്തെ പരസ്യമായി കള്ളനെന്ന് വിളിച്ച് കരഞ്ഞ് ആക്രോശിക്കുകയായിരുന്നു.

23 പ്രാവശ്യം ഗ്രാൻഡ് സ്ലാം കിരിടം നേടിയ സറീന ഇന്നലത്തെ മത്സരത്തിൽ ജപ്പാന്റെ നവോമി ഒസാകയോട് പരാജയപ്പെട്ട് കണ്ണീർ തുടച്ചാണ് കളം വിട്ടത്. തന്റെ കോച്ചായ പട്രിക്ക് മൗറാറ്റോഗ്ലൗവിനോട് കളിക്കിടെ നിർദ്ദേശം തേടിയെന്ന അമ്പയറിന്റെ ആരോപണത്തെ സറീന ശക്തമായി നിഷേധിച്ചിട്ടുണ്ട്. താൻ എല്ലാ പ്രാവശ്യവും ഇവിടെ കളിക്കുമ്പോൾ തനിക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്നും അപ്പോഴൊന്നും താൻ കളത്തിൽ വച്ച് കോച്ചിന്റെ ഉപദേശം തേടിയിരുന്നില്ലെന്നും താൻ ഒരിക്കലും ചതിക്കില്ലെന്നും താൻ ഒരു മകളുടെ അമ്മയാണെന്നും സത്യത്തിന് വേണ്ടി മാത്രമേ നിലകൊള്ളുകയുള്ളുവെന്നും സറീന ഉച്ചത്തിൽ വിളിച്ച് പറഞ്ഞിരുന്നു.

അതിനാൽ തന്റെ മേൽ വ്യാജ ആരോപണം ഉന്നയിച്ച അമ്പയർ മാപ്പ് പറയണമെന്നും ടെന്നീസ് ഇതിഹാസം ഉച്ചത്തിൽ ആവശ്യപ്പെട്ടിരുന്നു. തന്റെ സ്വഭാവം മോശമാണെന്ന വ്യാജ ആരോപണമാണ് അമ്പയർ ഉന്നയിച്ചിരിക്കുന്നതെന്നും അത് തന്നെ മുറിവേൽപ്പിച്ചിരിക്കുന്നുവെന്നും സറീന ആക്രോശിച്ചിരുന്നു. താൻ ചതി കാട്ടിയെന്ന് ആരോപിക്കാൻ അമ്പയറിന് എങ്ങനെ ധൈര്യം വന്നുവെന്നും തന്റെ പക്കൽ നിന്നും ഒരു പോയിന്റ് മോഷ്ടിച്ച അമ്പയറാണ് കള്ളനെന്നും സറീന ആവർത്തിക്കുന്നുണ്ടായിരുന്നു. എന്നാൽ 6-2, 6-4 എന്നീ സെറ്റുകൾക്ക് സറീന ഒസാകയോട് പരാജയപ്പെടുകയായിരുന്നു.

ന്യൂയോർക്ക് സിറ്റിയിലെ ഫ്ലഷിങ് മെഡോസിൽ വച്ച് നടന്ന മത്സരത്തിനിടെ തനിക്ക് അമ്പയർ ഒരു പെനാൽറ്റി പോയിന്റ് ചുമത്തിയെന്ന് കണ്ടെത്തിയപ്പോഴായിരുന്നു സറീന ഇത്തരത്തിൽ അതിശക്തമായി പ്രതികരിച്ചത്. അമ്പയറുടെ പ്രവർത്തി ശരിയല്ലെന്നും തനിക്ക് ഇത്തരം ദുരനുഭവം പലവട്ടം ഉണ്ടായിട്ടുണ്ടെന്നും താനൊരു സ്ത്രീയായതാണ് ഇതിന് കാരണമെന്നും സറീന ആരോപിക്കുന്നുണ്ടായിരുന്നു. താൻ വളരെ കഠിനാധ്വാനം ചെയ്താണ് ഈ സ്ഥാനത്തെത്തിയതെന്നും കരച്ചിലിനിടെ സറീന പറയുന്നുണ്ടായിരുന്നു.

ആദ്യ സെറ്റിനിടെ കോച്ച് സറീനക്ക് നിയമവിരുദ്ധമായി കൈ കൊണ്ട് നിർദ്ദേശങ്ങൾ നൽകിയെന്നാണ് അമ്പയർ ആരോപിക്കുന്നത്. എന്നാൽ നിയമവിരുദ്ധമായി പെരുമാറിയെന്ന് തന്റെ മേൽ ആരും ഇതുവരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നാണ് സറീനയുടെ കോച്ചായ പട്രിക്ക് മൗറാറ്റോഗ്ലൗവ് പ്രതികരിച്ചിരിക്കുന്നത്. മത്സരം ഇത്തരത്തിൽ കലാശിച്ചതിൽ തനിക്ക് ദുഃഖമുണ്ടെന്നാണ് 3.8 മില്യൺ ഡോളർ പ്രൈസ് ചെക്ക് നേടിയ ഒസാക പ്രതികരിച്ചിരിക്കുന്നത്. ജപ്പാനിൽ നിന്നുള്ള ആദ്യത്തെ ഗ്രാൻഡ് സ്ലാം ചാമ്പ്യനെന്ന ബഹുമതിയാണ് ഇന്നലത്തെ വിജയത്തോടെ ഒസാക നേടിയിരിക്കുന്നത്.