ന്യൂയോർക്ക് സിറ്റിയിലെ ഫ്‌ളഷിങ് മെഡോസിൽ വച്ച് ശനിയാഴ്ച നടന്ന യുഎസ് ഓപ്പൺ ടെന്നീസ് ഫൈനലിൽ അമ്പയറിനെതിരെ പൊട്ടിത്തെറിച്ച് വിശ്രുത ടെന്നീസ് താരം സറീന വില്യംസിന് കടുത്ത തിരിച്ചടിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഈ സംഭവത്തിൽ താരത്തോട് 17,000 ഡോളർ പിഴ അടയ്ക്കാനാണ് അധികൃതർ ഉത്തരവിട്ടിരിക്കുന്നത്. ഈ വിവാദത്തിൽ തന്റെ കോച്ചായ പട്രിക്ക് മൗറാറ്റോഗ്ലൗവ് കൈവിട്ടതാണ് ലോകം കണ്ട എക്കാലത്തെയും ഏറ്റവും മിടുക്കിയായ ടെന്നീസ് താരത്തിന് ഇപ്പോൾ വിനയായിത്തീർന്നിരിക്കുന്നത്.

മത്സരത്തിനിടയിൽ കോച്ചിൽ നിന്നും പരിശീലനം നേടിയെന്ന് ആരോപിച്ച് അമ്പയറായ കാർലോസ് റാമോസ് തനിക്ക് മേൽ ഒരു ഗെയിം പെനാൽറ്റി വിധിച്ചതിനെ തുടർന്നായിരുന്നു സറീന അമ്പയറോട് തട്ടിക്കയറിയിരുന്നത്. താൻ കളിക്കിടെ കോച്ചിൽ നിന്നും യാതൊരു വിധത്തിലുള്ള പരിശീലനവും നേടിയില്ലെന്നായിരുന്നു സറീന വാദിച്ചത്. എന്നാൽ കളിക്കിടയിൽ താൻ പരിശീലന ടിപ്പ് സറീനക്ക് പറഞ്ഞ് കൊടുത്തെന്ന് കോച്ച് ഇപ്പോൾ സമ്മതിച്ചതാണ് സറീനയുടെ കള്ളി പൊളിയാൻ കാരണമായിരിക്കുന്നത്. ജപ്പാൻതാരമായ
നവോമി ഒസാകയ്ക്ക് എതിരെയുള്ള കളിയിലെ രണ്ടാമത്തെ സെറ്റിനിടെ കോച്ച് സറീനക്ക് നിയമവിരുദ്ധമായി കൈ കൊണ്ട് നിർദ്ദേശങ്ങൾ നൽകിയെന്നായിരുന്നു അമ്പയർ ആരോപിച്ചിരുന്നത്.

താൻ ഇത്തരത്തിൽ ആംഗ്യത്തിലൂടെ സറീനയ്ക്ക് കളി സംബന്ധമായ പരിശീലനം നൽകിയെന്നത് നേരാണെന്നും എന്നാൽ സറീന അത് കണ്ട് കാണില്ലെന്നും അതിനാലാണ് അങ്ങനെയുണ്ടായില്ലെന്ന് അവർ അമ്പയറോട് വാദിക്കാനിടയായതെന്നുമാണ് കോച്ച് ഇന്നലെ വിശദീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ നൂറ് ശതമാനം ആത്മാർത്ഥത പുലർത്താൻ ആഗ്രഹിക്കുന്നുവെന്നും അതിനാൽ ഈ വിവാദ സംഭവത്തിന്റെ പേരിൽ യാതൊരുവിധ മറച്ച് വയ്ക്കലും തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞാണ് കോച്ച് നടന്ന കാര്യം വെട്ടിത്തുറന്ന് പറഞ്ഞിരിക്കുന്നത്. തന്റെ കോച്ചിന്റെ വെളിപ്പെടുത്തലിൽ താൻ തകർന്ന് പോയിരിക്കുന്നുവെന്ന് പിന്നീട് സറീനയും പ്രതികരിച്ചിരുന്നു.

കളിക്കിടെ സ്വീകരിക്കേണ്ടുന്ന തന്ത്രങ്ങളെ പറ്റി അന്ന് താനും കോച്ചും യാതൊരു വിധ ആശയവിനിമയവും നടത്തിയിട്ടില്ലെന്നാണ് സറീന ഇപ്പോഴും തറപ്പിച്ച് പറയുന്നത്.എല്ലാ കോച്ചുകളും എല്ലാ മത്സരങ്ങൾക്കിടയിലും ചെയ്യുന്ന കാര്യം മാത്രമേ താൻ ശനിയാഴ്‌ത്തെ മത്സരത്തിനിടയിൽ ചെയ്തുള്ളുവെന്നും അതിന് അമ്പയർ ഇത്ര രൂക്ഷമായി പ്രതികരിക്കേണ്ടിയിരുന്നില്ലെന്നും കോച്ച് അഭിപ്രായപ്പെടുന്നു. നിയമവിരുദ്ധമായി ഇക്കാര്യത്തിൽ താനൊന്നും പ്രവർത്തിച്ചില്ലെന്നും മൗറാറ്റോഗ്ലൗവ് തറപ്പിച്ച് പറയുന്നു.ശനിയാഴ്ചത്തെ കളിക്കിടെ ഒരു ഗെയിം പെനാൽറ്റി വിധിച്ചതിലൂടെ അമ്പയർ തന്റെ പക്കൽ നിന്നും ഒരു പോയിന്റ് മോഷ്ടിച്ചെടുത്തെന്ന് ആരോപിച്ച് സറീന അദ്ദേഹത്തെ പരസ്യമായി കള്ളനെന്ന് വിളിച്ച് കരഞ്ഞ് ആക്രോശിച്ചിരുന്നു.

താൻ എല്ലാ പ്രാവശ്യവും ഇവിടെ കളിക്കുമ്പോൾ തനിക്ക് നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്നും അപ്പോഴൊന്നും താൻ കളത്തിൽ വച്ച് കോച്ചിന്റെ ഉപദേശം തേടിയിരുന്നില്ലെന്നും താൻ ഒരിക്കലും ചതിക്കില്ലെന്നും താൻ ഒരു മകളുടെ അമ്മയാണെന്നും സത്യത്തിന് വേണ്ടി മാത്രമേ നിലകൊള്ളുകയുള്ളുവെന്നും സറീന ഉച്ചത്തിൽ വിളിച്ച് പറഞ്ഞിരുന്നു.അതിനാൽ തന്റെ മേൽ വ്യാജ ആരോപണം ഉന്നയിച്ച അമ്പയർ മാപ്പ് പറയണമെന്നും ടെന്നീസ് ഇതിഹാസം അട്ടഹസിച്ചിരുന്നു.തുടർന്ന് 6-2, 6-4 എന്നീ സെറ്റുകൾക്ക് സറീന ഒസാകയോട് പരാജയപ്പെട്ടാണ് കളം വിട്ടിരുന്നത്.