മോസ്‌കോ: അമേരിക്കയ്‌ക്കെതിരേ ചൈനയുമായി ചേർന്ന് പുതിയ ശാക്തികചേരി ഉയർത്തിക്കൊണ്ടുവരികയാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിൻ. ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസം നടത്തിയാണ് റഷ്യയും ചൈനയും ചേർന്ന് പുതിയ സഖ്യം ലോകത്തെ വെല്ലുവിളിച്ചത്. മൂന്നുലക്ഷത്തോളം സൈനികർ പങ്കെടുത്ത സൈനികാഭ്യാസത്തിൽ ലോകത്തെ ഏത് കോണിലേക്കും പായിക്കാവുന്ന മിസൈലുകളും ആണവായുധങ്ങളും റഷ്യ രംഗത്തിറക്കും

വിസ്‌റ്റോക്ക്-2018 (ഈസ്റ്റ്-2018) എന്ന് പേരിട്ടിട്ടുള്ള സംയുക്ത സൈനികാഭ്യാസം കിഴക്കൻ റഷ്യയിലാണ് നടക്കുന്നത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന സൈനികാഭ്യാസം പസഫിക് സമുദ്രത്തിലെ സൈനികകേന്ദ്രങ്ങളിലും നടക്കുന്നുണ്ട്. ഇതിനുള്ള തയ്യാറാടെപ്പുകളുടെ ദൃശ്യങ്ങൾ റഷ്യൻ പ്രതിരോധ മന്ത്രാലയം കഴിഞ്ഞദിവസം പുറത്തുവിട്ടു. ട്രെയിനുകളിലായി സൈനിക ട്രക്കുകൾ കൊണ്ടുപോകുന്നതിന്റെയും ടാങ്കുകൾ കൂട്ടത്തോടെ നീങ്ങുന്നതിന്റെയും യുദ്ധക്കപ്പലുകൾ തയ്യാറെടുക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

എന്നാൽ, ഇത് സൈനികാഭ്യാസത്തിന്റെ ആദ്യഘട്ടം മാത്രമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 17 വരെയാണ് സൈനികാഭ്യാസം. ഇതിന്റെ ഭാഗമായി കിഴക്കൻ മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാനും റഷ്യ തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ ദൂരത്തേക്ക് നീങ്ങാനുള്ള സൈന്യത്തിന്റെ ശേഷി പരിശോധിക്കുകയാണ് ഇതിലൂടെ റഷ്യ ലക്ഷ്യമിടുന്നത്. കരസേനയും നാവിക സേനയും തമ്മിൽ എത്രത്തോളം ചേർന്ന് പ്രവർത്തിക്കാനാകുമെന്നതും ഏകോപനം ഏതൊക്കെ രീതിയിൽ സാധിക്കുമെന്നതും ഇതിലൂടെ പരിശോധിക്കും.

ശീതയുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ സൈനികാഭ്യാസമാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. റഷ്യ മൂന്ന് ലക്ഷം സൈനികരെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ചൈന 3200 സൈനികരെയും അയക്കും. യുദ്ധസമാനമായ സാഹചര്യങ്ങളിൽ സൈന്യത്തിന് ഏതൊക്കെ രീതിയിൽ പ്രവർത്തിക്കാനാകുമെന്നതും സൈനികാഭ്യാസത്തിന്റെ രണ്ടാം ഘട്ടത്തിൽ പരിശോധിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 1000 യുദ്ധവിമാനങ്ങൾ,, ഹെലിക്കോപ്റ്ററുകൾ, ഡ്രോണുകൾ, 36,000 ടാങ്കുകൾ, 80 യുദ്ധക്കപ്പലുകൾ തുടങ്ങിയവയും റഷ്യ അണിനിരത്തുന്നുണ്ട്.

ചൊവ്വാഴ്ച കിഴക്കൻ റഷ്യയിലെ വ്‌ളാഡിവോസ്‌റ്റോക്കിൽ നടക്കുന്ന സാമ്പത്തിക ഫോറത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിനും ചൈനീസ് പ്രസിഡൻഷ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് സൈനികാഭ്യാസം നടക്കുന്നത്. ഇവിടെനിന്ന് പുട്ടിൻ വിസ്റ്റോക്ക്-2018 സന്ദർശിക്കാനെത്തുമെന്നും പ്രതീക്ഷിക്കുന്നു. സാമ്പത്തിക ഫോറത്തിലെ പ്രധാന അതിഥികളിലൊരാൾ ഷി ജിൻപിങ്ങാണ്.

ചൈനയുമായി രാഷ്ട്രീയപരമായും സുരക്ഷാപരമായും പ്രതിരോധമേഖലയിലും സഹകരണം ശക്തമാക്കുന്നതിൽ റഷ്യക്ക് സന്തോഷമേയുള്ളൂവെന്ന് പുട്ടിൻ സാമ്പത്തിക ഫോറത്തിൽ ഷി ജിൻപിങ്ങിനെ കാണുന്നതിന് മുന്നോടിയായി പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ എക്കാലത്തെയും മികച്ച സൗഹൃദമാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.