വത്തിക്കാൻ: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ പെട്ടിരിക്കുന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ പോപ്പ് ഇനിയും നടപടിയെടുക്കാത്തത് ചുമ്മാതല്ല...ജർമനിയിൽ അച്ഛന്മാർ മാത്രം പുറം ലോകം അറിഞ്ഞ് പീഡിപ്പിച്ചത് 3677 പേരെയാണ്. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ ഫ്രാങ്കോയുടെ കേസ് പോപ്പിന് ഒരു വിഷയമേ ആയി തോന്നുന്നില്ലായിരിക്കാമെന്നും ചിലർ അഭിപ്രായപ്പെടുന്നു.

ജർമനിയിൽ പുരോഹിതന്മാരാൽ പീഡിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും അൽത്താര ബാലന്മാരും 13 തികയാത്ത ആൺകുട്ടികളുമാണെന്നും റിപ്പോർട്ടുണ്ട്. ഇതിനെ തുടർന്ന് ഇവിടെ പ്രതിപ്പട്ടികയിലായിരിക്കുന്നത് 1670 വൈദികരാണ്. അമേരിക്കയിൽ മെത്രാന്മാർ വരെ പീഡകരായെന്ന വാർത്തകൾക്ക് പിന്നാലെ ജർമനിയിലെ കണക്ക് കേട്ട് ലോകം ഞെട്ടിയിരിക്കുകയാണ്.

ജർമൻ കത്തോലിക്കാ സഭയിൽ പുരോഹിതന്മാർ ഇത്തരത്തിൽ പീഡനങ്ങൾ നടത്തിയിരിക്കുന്നത് 1946നും 2014നും ഇടയിലുള്ള കാലത്താണെന്നാണ് ജർമൻ മാധ്യമങ്ങൾ ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇരകളിൽ പകുതിയിലധികം പേരും 13 വയസോ അതിൽ താഴെ പ്രായമുള്ളവരോ ആണെന്നാണ് ഇത് സംബന്ധിച്ച അന്വേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ജർമൻ ബിഷപ്പ് കോൺഫറൻസ് കമ്മീഷൻ ചെയ്തിരിക്കുന്ന ഇത് സംബന്ധിച്ച റിപ്പോർട്ട് തങ്ങൾക്ക് ലഭിച്ചുവെന്നാണ് ജർമൻ മാധ്യമമായ സ്പയ്ഗെൽ ഓൺലൈൻ ആൻഡ് ഡി സെയ്റ്റ് വെളിപ്പെടുത്തുന്നത്. മൂന്ന് യൂണിവേഴ്സിറ്റികളാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയിരിക്കുന്നത്.

യഥാർത്ഥത്തിൽ ഇതിലും അധികം പേർ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഗിയ്സെൻ, ഹെയ്ഡെൽബെർഗ്, മാൻഹെയിം എന്നീ യൂണിവേഴ്സിറ്റികളിലെ ഗവേഷകർ വെളിപ്പെടുത്തുന്നത്. ഈ റിപ്പോർട്ട് പുറത്ത് വന്നതിൽ പശ്ചാത്താപമുണ്ടെന്നാണ് ജർമൻ ബിഷപ്പ്സ് കോൺഫറൻസ് ഒരു പ്രസ്താവനയിലൂടെ പ്രതികരിച്ചിരിക്കുന്നത്. ഇത് തങ്ങൾക്ക് കടുത്ത ആശങ്കയും നാണക്കേടുമുണ്ടാക്കുന്നതാണെന്നാണ് ബിഷപ്പ് സ്റ്റീഫൻ ആക്കെർമാൻ പ്രതികരിച്ചിരിക്കുന്നത്. കത്തോലിക്കാ ഗ്രൂപ്പ് ഈ റിപ്പോർട്ടിന്റെ ഓഥർമാരുമായി ചേർന്ന് സെപ്റ്റംബർ 25ന് പഠനം നടത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ദീർഘകാലമായി പുരോഹിതരുമായി ബന്ധപ്പെട്ട ലൈംഗിക പീഡന കേസുകൾ കത്തോലിക്കാസഭയ്ക്ക് തലവേദനയായി നിലകൊള്ളുന്നുണ്ട്. ബെർലിനിലെ ജെസ്യൂട്ട് സ്‌കൂളിന്റെ തലവൻ ഭാഗഭാക്കായ കേസ് പുറത്ത് വന്നത് ജർമൻ ചർച്ചിന് കടുത്ത തലവേദനയുണ്ടാക്കിയിരുന്നു. ദശാബ്ദങ്ങളോളം ഇയാൾ ഹൈസ്‌കൂൾ വിദ്യാർത്ഥികളെ പീഡനത്തിന് ഇരകളാക്കിയിരുന്നുവെന്നാണ് അന്ന് വെളിപ്പെട്ടിരുന്നത്. തുടർന്ന് ഈ പുരോഹിതനാൽ പീഡിപ്പിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തി നിരവധി പേർ ജർനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മുന്നോട്ട് വരുകയും ചെയ്തിരുന്നു.

അമേരിക്കയിലെ പെൻസിൽവാനിയയിലെ ഏതാണ്ട് 300ഓളം പുരോഹിതർ 1000ത്തിൽ അധികം കുട്ടികളെ പീഡിപ്പിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വിവരം കഴിഞ്ഞ മാസം യുഎസിൽ നടന്ന അന്വേഷണത്തിലൂടെ വെളിപ്പെട്ടിരുന്നു.