നിതക വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളെ ദൈവത്തിന്റെ അത്ഭുതമായിക്കാണുന്നവർ ഇനിയും അവസാനിച്ചിട്ടില്ല. ഗോരഖ്പുരിൽ ഇന്നലെ നാല് കാലുകളിലും രണ്ട് ലിംഗവുമായി പിറന്ന കുഞ്ഞിനെക്കാണാൻ ദൂരെസ്ഥലങ്ങളിൽനിന്നുപോലും ആളുകളെത്തിയത് ഈ അത്ഭുത ജന്മത്തെ കാണാനായിരുന്നു. തൊഴിലാളിയായ ബുൽഹാൻ നിഷാദിൻെയും രംഭയുടെയും മകനെ മറ്റുള്ളവർ ദൈവസൃഷ്ടിയായി കാണുമ്പോൾ കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ എങ്ങനെ നേരെയാക്കുമെന്ന ആവലാതിയിലാണ് രക്ഷിതാക്കൾ.

പാരാസൈറ്റിക് ട്വിൻ എന്ന അപൂർവ ജനിതകാവസ്ഥയാണ് ഈ കുഞ്ഞിന്റേതെന്ന് ഡോക്ടർമാർ പറയുന്നു. ഭ്രൂണാവസ്ഥയിൽത്തന്നെ ഇരട്ടകൾ ഒന്നിച്ചുചേരുന്ന അവസ്ഥയാണിത്. പൂർണമായി വികസിക്കാത്തതിനാൽ സയാമീസ് ഇരട്ടകളുടെ രൂപംപോലും ഇതിനുണ്ടാവില്ല. ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ രണ്ടുകാലുകളും ഒരു ലിംഗവും വേർപെടുത്താനായേക്കുമെന്ന് ഡോക്ടർമാർ പ്രതീക്ഷ പ്രകടിപ്പിച്ചു. അതിനുള്ള സൗകര്യം ഗോരഖ്പുരിലില്ല. അതിന് ലഖ്‌നൗവിൽ പോണം. അതിനുള്ള സാമ്പത്തികശേഷിയാകട്ടെ നിഷാദിനും രംഭയ്ക്കുമില്ല.

പാരാസിറ്റിക് ട്വിൻ അവസ്ഥയുമായി കുഞ്ഞ് പിറന്നത് ഡോക്ടർമാരെയും നടുക്കി. എന്തുകൊണ്ടാണ് ഇങ്ങനെ ജനിച്ചതെന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും സംശയങ്ങൾക്ക് ഉത്തരം നൽകാനാകാതെയും അവർ കുഴങ്ങി. ഇരട്ടകളിലൊന്നിന്റെ പൂർണമായി വികസിക്കാത്ത ശരീരഭാഗങ്ങൾ വളർച്ചയെത്തിയ ശരീരത്തോട് കൂടിച്ചേരുന്ന അത്യപൂർവമായ വൈകല്യമാണിതെന്ന് ഡോക്ടർമാർ പറയുന്നു. ശസ്ത്രക്രിയയിലൂടെ അധികമുള്ള ഭാഗങ്ങൾ ഒഴിവാക്കുകയല്ലാതെ ഇതിന് വേറെ മാർഗമില്ല.

ഇത്തരം അധിക അവയവങ്ങൾ വളർച്ചയെത്തിയ ശരീരത്തിലെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ഈ അവയവങ്ങൾക്ക് മറ്റ് അവയവങ്ങളെപ്പോലെ പ്രവർത്തിക്കാനാവുമോ എന്നുറപ്പില്ല. പത്തുലക്ഷത്തിലൊന്ന് എന്ന തോതിലാണ് ഇത്തരം പാരസിറ്റിക് ട്വിൻ ഉണ്ടാകുന്നത്. ഇന്ത്യയിൽത്തന്നെ കഴിഞ്ഞവർഷവും ഇത്തരത്തിലൊരു കുട്ടി ജനിച്ചിരുന്നു.

22-കാരിയായ അമ്മയ്ക്ക് ജനിച്ച കുഞ്ഞിന് നാല് കാലുകളും രണ്ട് ലിംഗവുമുണ്ടായിരുന്നു. കുഞ്ഞിന്റെ വിചിത്ര രൂപം കണ്ട് ഭയന്ന വീട്ടുകാർ അതിനെ പുഴയിലെറിഞ്ഞ് കൊല്ലാൻ തീരുമാനിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ ഭരത് പാൽ ദണ്ഡയെന്ന ഡോക്ടർ കുഞ്ഞിനെ ഏറ്റെടുക്കുകയും സൗജന്യമായി ശസ്ത്രക്രിയ നടത്തി രക്ഷിക്കുകയും ചെയ്തു. രാജസ്ഥാനില സിറോഹിയിലുള്ള പിണ്ട്വാരയിലെ തന്റെ ആശുപത്രിയിലാണ് ഡോ. ഭരത് അന്ന് ശസ്ത്രക്രിയ നടത്തിയത്.