ന്യൂഡൽഹി: ഏത് അടിയന്തര സാഹചര്യത്തിലും മനസ്ഥൈര്യം വിടാതെ വിമാനം പറത്താനുള്ള കഴിവാണ് ഒരു പൈലറ്റിന്റെ ഏറ്റവും വലിയ മേന്മ. ഒരേസമയം ഒന്നിലേറെ തകരാറുകൾ വരികയും കാലാവസ്ഥ പ്രതികൂലമാവുകയും ചെയ്തിട്ടും പതറാതെ 370 യാത്രക്കാരുടെയും വിമാനജീവനക്കാരുടെയും ജീവൻ കാത്ത ഇന്ത്യൻ പൈലറ്റാണ് ഇപ്പോൾ സംസാരവിഷയം. സെപ്റ്റംബർ 11-ന് ന്യൂഡൽഹിയിൽനിന്ന് ന്യുയോർക്കിലേക്ക് പുറപ്പെട്ട എയറിന്ത്യ വിമാനമാണ് തകർച്ചയെ മുന്നിൽക്കണ്ടത്.

ഒന്നിലേറെ തകരാറുകൾ ഒരേസമയം വന്നതാണ് യാത്രക്കാരുടെ ജീവൻപോലും അപകടത്തിലാക്കിയത്. ഓട്ടോലാൻഡിങ് പ്രവർ്തതിക്കുന്നില്ലെന്ന് പൈലറ്റുമാരിലൊരാൾ ന്യുയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ റൂമിനെ അറിയിച്ചു. തുടർന്ന് അവിടെനിന്നുള്ള നിർദേശമനുസരിച്ച് ന്യൂ ജേഴ്‌സിയിലെ നെവാർക്ക് വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു.

വിമാനം ലാൻഡ് ചെയ്യുന്നതിൽ ഏറ്റവും നിർണായകമായ ഇൻസ്ട്രമെന്റ് ലാൻഡിങ് ക്ലസ്റ്റർ (ഐഎൽഎസ്) തകരാറിലാണെന്ന സന്ദേശവും പൈലറ്റുമാർ നൽകിയിരുന്നു. പ്രതികൂല കാലാവസ്ഥകളിൽ സുരക്ഷിതമായ ലാൻഡിങ്ങിന് നിർണായകമാണ് ഐഎൽഎസ്. റൺവേ വേണ്ടത്ര കാണാൻ സാധിക്കാതെ വരുമ്പോൾ ഐഎൽഎസാണ് വിമാനത്തിന്റെ ലാൻഡിങ് സുരക്ഷിതമാക്കുന്നത്. ഒമ്പത് വർഷം പഴക്കമുള്ള ബോയിങ് 777-300 വിഭാഗത്തിൽപ്പെട്ട വിമാനമാണ് എഐ-101.

ന്യുയോർക്ക് വിമാനത്താവളത്തിലെ കാലാവസ്ഥ പ്രതികൂലമായിരുന്നതിനാൽ കോക്ക്പിറ്റിൽ റഡാർ ദൃശ്യമായിരുന്നില്ലെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. റഡാറിന്റെ സഹായമില്ലാതെ ലാൻഡ് ചെയ്യിക്കാനുള്ള ശ്രമത്തിലായിരുന്നു പൈലറ്റ്. എന്നാൽ, അത് അസാധ്യമായതോടെ വിമാനം നെവാർക്കിലേക്ക് തിരിച്ചുവിടുകയായിരുന്നുവെന്നും വക്താവ് പറഞ്ഞു. സുരക്ഷിതമായ വിഷ്വൽ ലാൻഡിങ്ങിന് പൈലറ്റിന് ഒന്നര രണ്ടുകിലോമീറ്റർ അകലെത്തന്നെ റൺവേ വ്യക്തമായി കാണാനാകണമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു.

നല്ല കാലാവസ്ഥയാണെങ്കിൽ മാത്രമേ റൺവേ മുൻകൂട്ടി കണ്ട് വിമാനം ലാൻഡ് ചെയ്യിക്കാനാകൂ. പ്രതികൂല കാലാവസ്ഥയിൽ ഐഎൽഎസ് പോലുള്ള ഉപകരണങ്ങളുടെ സഹായം കൂടിയേതീരൂ. ഇതടക്കം ഒന്നിലേറെ തകരാറുകൾ നേരിട്ടതോടെയാണ് എയറിന്ത്യ വിമാനം അപകടത്തെ മുഖാമുഖം കണ്ടത്. ഒന്നിലേറെ പ്രശ്‌നങ്ങളുണ്ടെന്നും കൂടുതൽ മേഘങ്ങളില്ലാത്ത വിമാനത്താവളം ഏതെന്നും പൈലറ്റുമാരിലൊരാൾ എയർട്രാഫിക് കൺട്രോളിൽ ചോദിച്ചിരുന്നു. തുടർന്നാണ് നെവാർക്ക് നിർദേശിച്ചതും വിമാനം അവിടേക്ക് തിരിച്ചുവിട്ടതും.

വലിയതോതിലുള്ള യന്ത്രത്തകരാറാണ് വിമാനത്തിന് സംഭവിച്ചിരുന്നതെന്ന് പൈലറ്റുമാരുടെ സംഭാഷണങ്ങളിൽ വ്യകത്മായിരുന്നു. ഓട്ടോലാൻഡ്, വിൻഡ്ഷിയർ സിസ്റ്റം, ഓട്ടോ സ്പീഡ് ബ്രേക്ക്, ഓക്‌സിലറി പവർ യൂണിറ്റ് തുടങ്ങിയ നിരവധി ഭാഗങ്ങളിൽ തകരാറുള്ളതായി പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചിരുന്നു. ഇന്ധനവും അപകടകരമായ നിലയിൽ കുറഞ്ഞിരുന്നു. പൈലറ്റുമാരുടെ സമചിത്തതകൊണ്ടുമാത്രമാണ് വിമാനവും അതിനുള്ളിലുണ്ടായിരുന്ന 370 യാത്രക്കാരും രക്ഷപ്പെട്ടതെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭാഷണങ്ങൾ.