ലണ്ടൻ: ആണവ വിതരണ സംഘ(എൻഎസ്ജി)ത്തിൽ അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് നിരുപാധികം പിന്തുണ നൽകുമെന്ന് ആവർത്തിച്ച് ബ്രിട്ടൻ. ഈ സംഘത്തിൽ ഇടം നേടാനുള്ള എന്നാ മാനദണ്ഡങ്ങളും ഇന്ത്യ പൂർത്തീകരിച്ചതായും ബ്രിട്ടൻ വ്യക്തമാക്കി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ബ്രിട്ടന്റെ ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ് അധികൃതരുമായുള്ള ചർച്ചയ്ക്കുശേഷമാണ് എൻഎസ്ജി അംഗത്വത്തിൽ ബ്രിട്ടൻ നിലപാട് ആവർത്തിച്ചത്.

അടുത്തിടെ നടന്ന ടു പ്ലസ് ടു ചർച്ചയിൽ ഇന്ത്യക്ക് അംഗത്വം നേടിക്കൊടുക്കുന്നതിൽ അമേരിക്ക പിന്തുണ അറിയിച്ചിരുന്നു. പ്രതിരോധ വസ്തുക്കളുടെയും ഉന്നത സാങ്കേതിക വിദ്യയുടെയും കയറ്റുമതിക്കുള്ള നിയന്ത്രണത്തിൽ കൂടുതൽ ഇളവ് നൽകുകയും ടയർ വൺ ലൈസൻസ് എക്‌സെപ്ഷനിലേക്ക് ഇന്ത്യയെ ഉൾപ്പെടുത്തുകയും ചെയ്ത് എൻഎസ്ജി അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് അമേരിക്കയുടെ പിന്തുണയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

ചൈനയുടെ എതിർപ്പാണ് ഇന്ത്യക്ക് അംഗത്വം ലഭിക്കുന്നതിൽ പ്രധാന തടസ്സമായി നിൽക്കുന്നത്. എന്നാൽ, ബ്രിട്ടന്റെയും അമേരിക്കയുടെയും പിന്തുണ ഇന്ത്യയുടെ എൻഎസ്ജി ശ്രമങ്ങൾക്ക് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷ. ഇന്ത്യ എൻഎസ്ജിയിൽ ഉണ്ടായിരിക്കണമെന്നതാണ് ബ്രിട്ടന്റെ നിലപാടെന്ന് നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയടെ അംഗത്വം തടയുന്നതിന് ഉന്നയിക്കുന്ന കാരണങ്ങൾ ചൈനയ്ക്ക് മാത്രം മനസ്സിലാകുന്നതാണെന്നും ബ്രിട്ടൻ സൂചിപ്പിക്കുന്നു.

എക്യു ഖാന്റെ ആണവരഹസ്യ ചോർച്ചയും പകിസ്താനും ഉത്തരകൊറിയയുമായുള്ള അതിന്റെ ബന്ധവും ആശങ്കയുളവാക്കുന്നതാണെന്ന് ഇന്ത്യ ചർച്ചയിൽ ഉന്നയിച്ചിരുന്നു. അന്താരാഷ്ട്ര സുരക്ഷയെത്തന്നെ ബാധിക്കുന്നതാണ് ഇവയെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. എന്നാൽ, പാിസ്താന്റെ ഇക്കാര്യത്തിലുള്ള നിലപാടിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ബ്രിട്ടന്റെ നിലപാട്. ഖാൻ ആണവരഹസ്യങ്ങൾ ചോർത്തി നൽകിയത് ഈ രംഗത്തെ ഏറ്റവും ദൗർഭാഗ്യകരമായ കാര്യമാണെന്ന ഇന്ത്യയുടെ നിലപാടിനോട് ബ്രിട്ടൻ യോജിക്കുകയും ചെയ്യുന്നു.