തിറ്റാണ്ടുകൾക്കിടെ സ്വീകരിച്ച ഏറ്റവും സുശക്തമായ ഇമിഗ്രേഷൻ നയം കൊണ്ടുവരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. യൂറോപ്യൻ യൂണിയനുമായി കരാറിലെത്തിയാലും ഇല്ലെങ്കിലും, ബ്രെക്‌സിറ്റിനുശേഷം കുടിയേറ്റനിയമം ആഗോളതലത്തിൽ ഒന്നായിരിക്കുമെന്ന് അവർ കൺസർവേറ്റീവ് പാർട്ടി കോൺഫറൻസിൽ പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയനിൽനിന്നുള്ള പൗരന്മാരെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും ഈ നിയമപരിഷ്‌കാരമെങ്കിലും ഇതിന്റെ ഇരകളാവുക ഇന്ത്യക്കാരാകുമെന്നാണ് സൂചനകൾ. ബ്രിട്ടനിലേക്ക് കുടിയേറുന്നതിന് കഴിവായിരിക്കും മാനദണ്ഡമെന്നും അവർ എവിടെനിന്ന് വരുന്നുവെന്നതല്ലെന്നുമുള്ള തെരേസ മേയുടെ പ്രഖ്യാപനത്തിന് പിന്നിൽ കൂടുതൽ കുരുക്കുകൾ ഒളിഞ്ഞിരിപ്പുണ്ട്.

ബ്രിട്ടനിൽ ജോലി നേടുന്നവർക്ക് അവരുടെ കുടുംബത്തെ ഒപ്പം കൊണ്ടുവരുന്നതിന് അല്പം കഷ്ടപ്പെടേണ്ടിവരുമെന്നതാണ് ഈ മാറ്റത്തിലെ ആദ്യ പ്രതിസന്ധി. ഡിപ്പൻഡന്റ് വിസ ലഭിക്കണമെങ്കിൽ, തൊഴിലുടമ നിങ്ങളെ സ്‌പോൺസർ ചെയ്തിരിക്കണം. യൂറോപ്യൻ യൂണിയൻ പൗരന്മാർ ഇപ്പോൾ അനുഭവിക്കുന്ന ഫ്രീ മൂവ്‌മെന്റ് സൗകര്യം നിർത്തലാക്കുന്നതിനാണ് വിസയ്ക്ക് കഴിവും കുടുംബത്തെ ഒപ്പം കൂട്ടാൻ തൊഴിലുടമയുടെ സ്‌പോൺസർഷിപ്പും നിർബന്ധമാക്കുന്നതെങ്കിലും കുടുംബമായി ബ്രിട്ടനിലേക്ക് ചേക്കേറുകയെന്ന ഇന്ത്യക്കാരുടെ മോഹത്തിനാകും അത് കൂടുതൽ തിരിച്ചടിയാവുക.

നിലവിലെ നിയമം അനുസരിച്ച് യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ബ്രിട്ടനിലേക്ക് വരുന്നതിനും അവിടെ ജോലി ചെയ്യുന്നതിനും യാതൊരു തടസ്സവുമില്ല. എന്നാൽ, ബ്രെക്‌സിറ്റിനുശേഷം ഈ ഫ്രീ മൂവ്‌മെന്റ് ഉണ്ടാവുകയില്ലെന്നാണ് തെരേസയുടെ പ്രഖ്യാപനം. ആഗോളതലത്തിൽ കഴിവുള്ളവരെ മാത്രം ബ്രിട്ടനിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള കുടിയേറ്റനയമാകും ബ്രിട്ടൻ പിന്തുടരുകയെന്നും അവർ പറഞ്ഞു. വരുമാനപരിധിയും നിശ്ചയിക്കുന്നതിന് പുതിയ നിയമത്തിൽ നിയന്ത്രണമുണ്ടാകും.

കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കുടുംബത്തെ കൊണ്ടുവരുന്നതിനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. തൊഴിലുടമ തൊഴിലാളിയുടെ കുടുംബത്തെ സ്‌പോൺസർ ചെയ്യണമെന്ന വ്യവസ്ഥ തൊഴിലുടമയ്ക്കുമേൽ കൂടുതൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ്. സ്വാഭാവികമായും അവർ ഇതിൽനിന്ന് പിന്തിരിയുകയും ചെയ്യും. നിലവിലെ നിയമം അനുസരിച്ച് ഒരാൾക്ക് നിശ്ചിത വരുമാനമുണ്ടെങ്കിൽ കുടുംബത്തെ യുകെയിലേക്ക് കൊണ്ടുവരാനാകും. ആ സ്വാതന്ത്ര്യമാണ് പുതിയ പരിഷ്‌കാരത്തോടെ ഇല്ലാതാകുന്നത്.

നിലവിൽ തൊഴിലാളിയെ മാത്രമാണ് തൊഴിലുടമയ്ക്ക് കണക്കിലെടുക്കേണ്ടിവരുന്നതെങ്കിൽ പുതിയ പരിഷ്‌കാരമനുസരിച്ച് കുടുംബത്തെക്കൂടി സ്‌പോൺസർ ചെയ്യേണ്ട സ്ഥിതിയാണ്. കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള പ്രധാന ഉപാധിയായി ഈ സ്‌പോൺസർഷിപ്പ് വ്യവസ്ഥ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യൂറോപ്യൻ യൂണിയൻ പൗരന്മാരെപ്പോലെ യൂറോപ്പിന് പുറത്തുള്ളവർക്കും കുടുംബമായി യുകെയിലേക്ക് കുടിയേറാമെന്ന പ്രതീക്ഷ ഏറെക്കുറെ അസ്ഥാനത്താക്കുന്നതാണ് പുതിയ പരിഷ്‌കാരം.

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇപ്പോൾത്തന്നെ നിയന്ത്രണങ്ങൾ അധികമാണെന്നും പുതിയ പരിഷ്‌കാരം സ്ഥിതി കൂടുതൽ വഷളാക്കുമെന്നും ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ നേതാവ് ഹർസേവ് ബെയ്ൻസ് പറഞ്ഞു. തൊഴിലാളിക്ക് നിശ്ചിത വരുമാനം ആർജിക്കാനാവാത്തതിനാൽ, കുടുംബത്തെയും കുട്ടികളെയും സ്വന്തം നാട്ടിൽ നിർത്തേണ്ടിവരികയെന്ന യാഥാർഥ്യം ഇപ്പോൾത്തന്നെ നിലനിൽക്കുന്നുണ്ട്. തൊഴിലുടമയുടെ സ്‌പോൺസർഷിപ്പ് കൂടിവേണമെന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം പറയുന്നു. ആളുകൾക്ക് ജോലി കൊടുക്കുമ്പോൾത്തന്നെ അവർ വിവാഹിതരാണോ കുട്ടികളുണ്ടോ തുടങ്ങിയ കാര്യങ്ങൾകൂടി തൊഴിലുടമ പരിഗണിക്കുന്ന സാഹചര്യവും ഇതിലൂടെ ഉടലെടുക്കുമെന്നും ബെയ്ൻസ് പറഞ്ഞു.

വിനോദ സഞ്ചാരത്തിനും ചെറിയ ബിസിനസ് ട്രിപ്പുകൾക്കുമായി ബ്രിട്ടനിലേക്ക് വരുന്നവർക്ക് ഇ-വിസ നൽകുന്ന കാര്യവും പരിഗണിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. റിസ്‌ക് കുറഞ്ഞതെന്ന് വിലയിരുത്തപ്പെടുന്ന രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. എന്നാൽ, ഇന്ത്യക്കാർക്ക് അതിന്റെ പ്രയോജനവും ലഭിക്കില്ല. ഹൈ-റിസ്‌ക് വിഭാഗത്തിലാണ് ഇന്ത്യ ഉൾപ്പെടുന്നത്. വിസ കാലയളവ് കഴിഞ്ഞും അനധികൃതമായി ബ്രിട്ടനിൽ തുടരുന്നതുൾപ്പെടെയുള്ള കാര്യങ്ങളുടെ പേരിലാണ് ഇന്ത്യയെ ഹൈ-റിസ്‌ക് വിഭാഗത്തിൽ തുടർന്നും പെടുത്തിയിരിക്കുന്നത്.