ലോകത്തെ ഏറ്റവും മൂല്യമേരിയ ബ്രാൻഡ് എന്ന സൽപ്പേര് ആപ്പിൾ ഇക്കുറിയും നിലനിർത്തി. ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ് എന്നിവയാണ് ആദ്യ നാല് സ്ഥാനത്തുള്ള ആഗോള ബ്രാൻഡുകൾ. വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ 100 ബ്രാൻഡുകളിൽ ഒന്നുപോലും ഇന്ത്യയിൽനിന്നില്ല എന്നത് ഉദ്പാദനരംഗത്തെ ഇന്ത്യയുടെ പോരായ്മയെ ചൂണ്ടിക്കാട്ടുന്നു. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കമ്പനി 78-ാം സ്ഥാനത്തുണ്ടെന്നതാണ് ആശ്വാസകരമായ കാര്യം. പട്ടികയിൽ ഏറ്റവും മുന്നിലുള്ള ബ്രിട്ടീഷ് കമ്പനിയും ഇതുതന്നെ.

ഇന്റർബ്രാൻഡ് പുറത്തിറക്കിയ 2018-ലെ പട്ടികയിൽ ആദ്യപത്തുസ്ഥാനത്തുള്ള ബ്രാൻഡുകൾ ഇവയാണ്. ആപ്പിൾ, ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, കൊക്കകോള, സാംസങ്, ടയോട്ട, മെഴ്‌സിഡിസ് ബെൻസ്, ഫേസ്‌ബുക്ക്, മക്‌ഡൊണാൾഡ്. ഉപഭോക്താക്കൾ ഒരുത്പന്നം തിരഞ്ഞെടുക്കുന്നതിൽ നൽകുന്ന പ്രാമുഖ്യവും ആ രംഗത്തുള്ള മത്സരവീര്യവും വിപണിയിലെ പ്രകടനവുമെല്ലാം കണക്കിലെടുത്താണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ആദ്യപത്തിലുള്ള ബ്രാൻഡുകളിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ വിപണിമൂല്യം ഇടിഞ്ഞത് ഫേസ്‌ബുക്കിനാണ്. ആറുശതമാനത്തോളമാണ് ഫേസ്‌ബുക്കിന്റെ മൂല്യത്തിൽ ഇടിവുണ്ടായത്.

ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് മാറുകയും അവരുടെ ജീവിതത്തോടെ ഏറ്റവും ചേർന്നുനിൽക്കുകയും ചെയ്യുന്ന ബ്രാൻഡുകളാണ് മുൻപന്തിയിൽ നിൽക്കുന്നതെന്ന് ഇന്റർബ്രാൻഡ് ലണ്ടൻ ചീഫ് എക്‌സിക്യുട്ടീവ് ക്രിസ്റ്റ്യാൻ പഴ്‌സർ പറഞ്ഞു. ഉപഭോക്താക്കളെ മനസ്സിലാക്കുകയും അവർക്ക് ഏറ്റവും കൂടുതൽ പ്രിയങ്കരമായി നിലനിൽക്കുകുയും ചെയ്യുന്നത് എളുപ്പമല്ല. ആ റിസ്‌ക് ഏറ്റെടുക്കുന്ന ബ്രാൻഡുകളാണ് മുൻപന്തിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ചയായി ആറാം വർഷമാണ് ആപ്പിളും ഗൂഗിളും ആദ്യ രണ്ടുസ്ഥാനത്ത് തുടരുന്നത്. ആപ്പിളിന്റെ വിപണിമൂല്യത്തിൽ 16 ശതമാനതത്തോളം വർധനവാണ് ഇക്കാര്യത്തിലുണ്ടായത്. 2,14,480 ദശലക്ഷം ഡോളറാണ് ആപ്പിളിന്റെ വിപണിമൂല്യം. ഗൂഗിളിന്റെ വിപണി മൂല്യത്തിൽ 10 ശതമാനത്തോളം വർധനയുണ്ടായി.. 1,55,506 ദശലക്ഷം ഡോളറാണ് ഗൂഗിളിന്റെ മൂല്യം. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ വളർച്ച കൈവരിച്ചത് ഓൺലൈൻ ബിസിനസ് വമ്പന്മാരായ ആമസോണാണ്. 56 ശതമാനം വളർച്ചയോടെ 1,00,764 ദശലക്ഷം ഡോളറായി ആമസോൺ വളർന്നു.