നുദിനമെന്നോണം രൂപയുടെ മൂല്യം കുത്തനെ താഴേയ്ക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ചരിത്രത്തിലില്ലാത്തവിധത്തിലുള്ള തകർച്ചയെയാണ് രൂപ ഇപ്പോൾ നേരിടുന്നത്. ഒരു ഡോളർ വേണമെങ്കിൽ 75 രൂപ കൊടുക്കണമെന്നതാണ് സ്ഥിതി. പൗണ്ട് 97-ലേക്കും യൂറോ 85-ലേക്കും കയറിയിരിക്കുകയാണ്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ചാകരയാണ് രൂപയുടെ ഈ തകർച്ച. നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടിയ മൂല്യം കിട്ടുമെന്നത് അവരെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ വാർത്തയാണ്. എന്നാൽ, ഇതിൽ അൽപംപോലും സന്തോഷമില്ലാത്ത വേറൊരു കൂട്ടർകൂടിയുണ്ട്.

വിദേശത്തെ സർവകലാശാലകളിലും മറ്റും ഉന്നത വിദ്യാഭ്യാസം ചെയ്യുന്നവരാണ് അക്കൂട്ടർ. നാട്ടിൽനിന്നയക്കുന്ന പണത്തെ ആശ്രയിച്ച് താമസവും പഠനച്ചെലവും കണ്ടെത്തിയിരുന്ന അവർക്ക് ഇപ്പോൾ, പണം ഒന്നിനും തികയാത്ത അവസ്ഥയായി. ഡോളറിന്റെയും പൗണ്ടിന്റെയും യൂറോയുടെയുമൊക്കെ മൂല്യവുമായി താരതമ്യപ്പെടുത്തുമ്പോൾ, മുമ്പ് മാസംതോറും അയച്ചിരുന്ന രൂപ ഒന്നിനും തികയില്ലെന്ന സ്ഥിതിയാണ്. മക്കളെ വലിയനിലയിലെത്തിക്കാൻ കഷ്ടപ്പെട്ട പണം കണ്ടെത്തിയിരുന്ന രക്ഷിതാക്കൾക്കും മൂല്യമിടിവ് വലിയ ബാധ്യതയായി മാറിക്കഴിഞ്ഞു.

പഠനച്ചെലവിൽ മാസങ്ങൾക്കിടെ ലക്ഷങ്ങളുടെ വർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും പറയുന്നു. അഞ്ചുമാസത്തിനിടെ മൂന്നുലക്ഷം രൂപയാണ് അധികം കണ്ടെത്തേണ്ടിവന്നതെന്ന് അമേരിക്കയിലെ അർക്കൻസാസ് യൂണിവേഴ്‌സിറ്റിയിൽ മകനെ ചേർത്ത മനോജ് ഗുപ്തയെന്ന രക്ഷിതാവ് പറയുന്നു. മേയിൽ മകനെ കോളേജിൽ ചേർക്കുമ്പോൾ ഡോളറിനെതിരെ രൂപയ്ക്ക് 64 രൂപ കിട്ടിയിരുന്നു. ഇപ്പോഴത് പത്തുരൂപയിലേറെ വ്യത്യാസം വന്നു. ഇതോടെ, തന്റെ ബജറ്റ് താളം തെറ്റിയെന്ന് അദ്ദേഹം പറയുന്നു.

ബ്രിട്ടനെ അപേക്ഷിച്ച് അമേരിക്കയിലേക്കാണ് ഇന്ത്യൻ വിദ്യാർത്ഥികളിലേറെയും പോകുന്നത്. 2013-14 കാലയളവിൽ 94,900 ഇന്ത്യൻ വിദ്യാർത്ഥികളാണ് അമേരിക്കയിലുണ്ടായിരുന്നത്. 2016-177ലെ കണക്കനുസരിച്ച് അത് 1,86,000 ആയി വർധിച്ചു. ഏകദേശം ഇരട്ടിയോളം വർധന. എന്നാൽ, ബ്രിട്ടനിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടായി. 2013-14 കാലയളവിൽ 19,700 വിദ്യാർത്ഥികളാണ് യുകെയിലേക്ക് പോയത്. എന്നാൽ, 2016-17 കാലയളവിൽ പോയത് 16500 വിദ്യാർത്ഥികളും.

അമേരിക്കയിൽ താമസത്തിനും പഠനത്തിനും ചെലവേറുമെങ്കിലും അവിടേക്കാണ് കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ പോകുന്നതെന്ന് കണക്കുകൾ തെളിയിക്കുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ, വർഷം അമേരിക്കയിലെ സ്വകാര്യ സർവകലാശാലകളിൽ പഠിക്കണമെങ്കിൽ പഠനത്തിനും താമസത്തിനും ഉൾപ്പെടെ 5.7 ലക്ഷം രൂപയോളം ചെലവാകും. സർക്കാർ യൂണിവേഴ്‌സിറ്റിയാണെങ്കിൽ 2.2. ലക്ഷവും. ബ്രിട്ടനിലിത് യഥാക്രമം രണ്ട് ലക്ഷവും 1.2 ലക്ഷവുമാണ്.

രൂപയുടെ മൂല്യം ഇനിയും താഴോട്ട് പോകുമെന്നാണ് ഇപ്പോഴത്തെ സൂചന. 78-79 രൂപയിലെത്തി നിന്നാൽ, വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികളുടെ ചെലവ് 20 ശതമാനത്തോളം ഉയരുമെന്ന് രക്ഷിതാക്കൾ പറയുന്നു. എംബിഎ പോലുള്ള കോഴ്‌സുകൾ ചെയ്യുന്ന വിദ്യാർത്ഥികളുടെ പഠനച്ചെലവ് അഞ്ചരലക്ഷത്തോളം രൂപയായാണ് മാസങ്ങൾക്കിടെ വർധിച്ചിരിക്കുന്നത്. അണ്ടർഗ്രാജ്വേറ്റ് കോഴ്‌സുകളുടേത് രണ്ടരമുതൽ മൂന്ന് ലക്ഷംവരെയായി. പാർട് ടൈമായി എന്തെങ്കിലും തൊഴിലെടുക്കാതെ അമേരിക്കയിലും ബ്രിട്ടനിലും പഠിക്കുന്നവർക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.