ഫ്രിക്കയുടെ മുഖച്ഛായമാറ്റുന്ന റോഡുകളും പാലങ്ങളും വീടുകളും പോലുള്ള നിർമ്മാണപ്രവൃത്തിയിലൂടെ മുന്നേറുകയാണ് ചൈന. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ, ഇത്തരം നിർമ്മാണ പ്രവർത്തികൾക്കായി 125 ബില്യൺ ഡോളറോളം അവിടെ ചൈന ചെലവിട്ടുകഴിഞ്ഞു. ആഫ്രിക്കയുടെ വികസനത്തിന് പ്രധാന തടസ്സം അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയാണെന്നും അത് പരിഹരിക്കുന്നതിന് ചൈന പ്രതിജ്ഞാബദ്ധമാണെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പ്രഖ്യാപിച്ചിരുന്നു. അതിനായി 60 ബില്യൺ ഡോളർകൂടി ചെലവാക്കുമെന്നാണ് ചൈനീസ് പ്രസിഡന്റിന്റെ പ്രഖ്യാപനം.

എന്നാൽ, ചൈന നടത്തുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് പകരമായി സ്വന്തം നിലയ്ക്കുള്ള മറ്റൊരു കണ്ടെത്തലുമായി മുന്നോട്ടുപോകാനാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യയിൽ വിജയകരമായി നടപ്പിലാക്കിയ സവിശേഷ തിരിച്ചറിയൽ കാർഡായ ആധാർ ആഫ്രിക്കയിലും പരീക്ഷിക്കുകയാണ് ഇന്ത്യൻ ലക്ഷ്യം. ഇന്ത്യയിലെ ഒട്ടുമിക്ക ആളുകളെയും ഒരു ദേശീയ ശൃംഖലയുമായി ബന്ധിപ്പിക്കാനും സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കളാക്കാനും ബാങ്കിങ് നെറ്റവർക്കുമായി ബന്ധിപ്പിക്കാനും ആധാറിലൂടെ സാധിച്ചു. സമാനമായ നേട്ടമാണ് ആഫ്രിക്കയിലും ഇന്ത്യ ലക്ഷ്യമിടുന്നത്.

ലോകത്തേറ്റവും കൂടുതൽ മേൽവിലാസമില്ലാത്തവരുടെ ഭൂഖണ്ഡമാണ് ആഫ്രിക്ക. അതുകൊണ്ടുതന്നെ ഇത്തരമൊരു സവിശേഷ തിരിച്ചറിയൽ കാർഡ് അവിടെ അത്യന്താപേക്ഷിതവുമാണ്. ലോകബാങ്കിന്റെ കണക്കനുസരിച്ച് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ അമ്പത് കോടിയിലേറെ ജനങ്ങൾ മേൽവിലാസമില്ലാത്തവരാണ്. ആഫ്രിക്കയിലെ ജനസംഖ്യയുടെ ഏതാണ് 40 ശതമാനത്തോളം വരുമിത്. സ്ത്രീകളുടെ കാര്യത്തിലാണ് ഈ ഐഡന്റിറ്റിയില്ലായ്മ രൂക്ഷം. വരുമാനംകുറഞ്ഞ രാജ്യങ്ങളിൽ ജനസംഖ്യയുടെ 45 ശതമാനം സ്ത്രീകൾക്കും ഐഡന്റിറ്റിയില്ല. പുരുഷന്മാരുടെ കാര്യത്തിൽ ഇത് 30 ശതമാനമേ വരൂ.

വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, ക്ഷേമം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളുടെ വിതരണത്തിലാണ് ഈ ഐഡന്റിറ്റിയില്ലായ്മ ഏറ്റവും വലിയ പ്രതിസന്ധിയായി മാറുന്നത്. ഇത്തരം കാര്യങ്ങൾ ഏറ്റവും കൂടുതൽ ആവശ്യമുള്ളവർക്ക് കിട്ടാതെപോകുന്ന അവസ്ഥയാണിതുണ്ടാക്കുന്നത്. മൊബൈൽ ഫോൺ നമ്പർ എടുക്കുന്നതിനോ, മൊബൈൽ അധിഷ്ഠിത സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോഴോ ഐഡന്റിറ്റി കാർഡ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിർബന്ധമാണ്. ബാങ്ക് അക്കൗണ്ട് എടുക്കുന്നതിനും ഇതേ മാനദണ്ഡമാണ്. ഫലത്തിൽ, ഐഡന്റിറ്റിയില്ലായ്മ മൂലം, ആഫ്രിക്കയിലെ പാതിയോളം വരുന്ന ജനങ്ങൾ ബാങ്ക് അക്കൗണ്ട് ഇല്ലാതെയാണ് കഴിയുന്നത്.

12 അക്ക സവിശേഷ നമ്പറിലൂടെ ഓരോ വ്യക്തിക്കും ഓരോ ഐഡന്റിറ്റി ഉണ്ടാക്കുന്നു എന്നതാണ് ആധാറിന്റെ പ്രത്യേകത. ബയോമെട്രിക് വിവരങ്ങളും മറ്റു വിശദാംശങ്ങളും ഉൾപ്പെടുത്തിയ ആധാർ, കൃത്യമായി പൗരന്മാരെ നിർണയിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ നടപ്പാക്കിയ ആധാർ രജിസ്‌ട്രേഷൻ ആഫ്രിക്കയിലും അനിവാര്യമാണെന്ന നിലപാടിലാണ് ലോകബാങ്ക്. ആഫ്രിക്കയിലെ മുഴുവൻ ജനങ്ങളെയും രജിസ്‌ട്രേഷനിൽ ഉൾപ്പെടുത്തുകയും അത് ഡിജിറ്റൽ ഐഡന്റിഫിക്കേഷൻ സംവിധാനമായി മാറ്റുകയും ചെയ്യുന്നത് 2030-ഓടെ പൂർത്തിയാക്കണമെന്നാണ് ലോകബാങ്കിന്റെ ലക്ഷ്യം.

യൂറോപ്പിലേക്കും ആഫ്രിക്കയിലെതന്നെ രാജ്യങ്ങളിലേക്കും യാതൊരു നിയന്ത്രണവുമില്ലാതെ കുടിയേറുന്ന ജനതയാണ് ആഫ്രിക്കയിലേത്. യാതൊരു ഐഡന്റിറ്റിയുമില്ലാത്ത ജനത പലപ്പോഴും ഇത്തരം കുടിയേറ്റശ്രമങ്ങൾക്കിടെ മനുഷ്യക്കടത്തിനും മറ്റും ഇരയാകുന്നു. വള്ളങ്ങളിൽ കുത്തിനിറച്ച് യാതൊരു സുരക്ഷയുമില്ലാതെ കടൽകടക്കുന്നതിനിടെ അപകടങ്ങളുണ്ടാകുന്നതും വലിയതോതിലുള്ള ആൾനാശമുണ്ടാകുന്നതും പതിവാണ്. പലപ്പോഴും ഇടനിലക്കാരുടെ ചൂഷണത്തിന് വിധേയരാകുന്നതും ഇത്തരം ഐഡന്റിറ്റിയില്ലായ്മ മൂലമാണ്. ഇതൊക്കെ ഒഴിവാക്കാൻ ആധാർ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.