ഹരിയാന: ഇന്ത്യയിലെ ഏറ്റവും മികച്ച ബോക്‌സിങ് താരം ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമെയുള്ളു സാക്ഷാൽ വിജേന്ദർ സിങ്. അമച്വർ ബോക്‌സിങ് രംഗം വിട്ട് പ്രൊഫഷണൽ ബോക്‌സിങിൽ അപരാജിതനായി തുടരുന്ന വിജേന്ദറിന് രാജ്യത്തിനകത്തും പുറത്തും നിരവധി ആരാധകരുമുണ്ട്. ഹരിയാനയിലെ ഭിവാനിയിൽ വിജേന്ദ്‌റിന്റെ വീടിന് അടുത്തായി തന്നെ മറ്റൊരു താരം വളർന്ന് വരുന്നുണ്ട്. ലുക്ക എന്ന് ഏവരും സ്‌നേഹത്തോടെ വിളിക്കുന്ന രാജേഷ് കുമാർ കസാന. ഒരുനാൾ വിജന്ദറിനെപ്പോലെ ആകണം എന്ന് തന്നെയാണ് ആഗ്രഹം. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്ത ഇന്ത്യയിലെ മികച്ച ലൈറ്റ് വെയ്റ്റ് ബോക്‌സറായ രാജേഷ് ചായ വിൽപ്പന നടത്തിയാണ് ജീവിതത്തിനും ബോക്‌സിങിനും വേണ്ട പണം കണ്ടെത്തുന്നത് എന്നാണ്.

സഹോദരന്റെ ഒപ്പം ചായ വിൽപ്പന നടത്തിയാണ് രാജേഷ് ജീവിക്കുന്നത്. ജീവിതത്തിലെ കഷ്ടപ്പാടുകൾക്കിടയിലും തന്റെ ബോക്‌സിങ് കരിയറിനോടുള്ള പ്രിയം. രാവിലെ അഞ്ച് മണി മുതൽ രാജേഷ് ചായക്കച്ചവടം ആരംഭിക്കും ഉച്ചയ്ക്ക് ഒരുമണിയോടെ ഇത് അവസാനിപ്പിക്കും പിന്നീട് സഹോദരനാണ് കടയിലെ കാര്യങ്ങൾ നോക്കുന്നത്. ഉച്ച ഭക്ഷണത്തിന് ശേഷം വിശ്രമം, വൈകുന്നേരം ആറ് മണി മുതൽ ബോക്‌സിങ് പരിശീലനം ആരംഭിക്കും. പത്ത് രൂപയ്ക്ക് ചായയും പിന്നെ ചില പലഹാരങ്ഹലും വിൽക്കും ഇതാണ് എന്റെ ജീവിത സമ്പാദ്യം എന്നാണ് രാജേഷ് പറയുന്നത് എന്ന് ടൈംസ് ഓപ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ജീവിതത്തിൽ വലിയ പ്രാരാബ്ദങ്ങൾ ഉണ്ടെങ്കിലും അതൊന്നും തന്റെയും തന്റെ പിതാവിന്റെയും സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കുന്നതിന് ഒരു തടസ്സമാകില്ലെന്ന വിശ്വാസത്തിലാണ് ഈ ബോക്‌സർ. 2015ൽ ആണ് ആദ്യമായി ബോക്‌സിങ് റിങിൽ എത്തുന്നത്. 10 മത്സരങ്ങളിൽ ഒൻപതി വിജയവും ഒരു സമനിലയുമാണ് നേട്ടം.ലൈറ്റ് വെയ്റ്റ് പ്രൊഫഷണൽ ബോക്‌സർമാരുടെ പട്ടികയിൽ ഇന്ത്യയിൽ ഒന്നാമനാണ് രാജേഷ്. എന്നാൽ ജീവിതത്തിൽ എല്ലായിപ്പോഴും പ്രതിസന്ധികളെ നോക്കൗട്ട് ചെയ്ത് തന്നെയാണ് ഈ 24 കാരന്റെ മുന്നേറ്റം.

പ്രതിസന്ധികളും കഷ്ടപ്പാടും എന്നും രാജേഷിന്റെ കൂടപ്പിറപ്പായിരുന്നു. ഡ്രൈവറായിരുന്ന പിതാവ് ക്യാൻസർ ബാധിച്ച് മരിക്കുമ്പോൾ സ്‌കൂളിൽ പഠിക്കുകയായിരുന്നു. പിന്നീട് സഹോദരിക്കും ക്യാൻസർ ബാധിച്ചു. ഇതിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ വളരെ ബുദ്ധിമുട്ടിയെങ്കിലും സഹോദരിയെ രക്ഷിക്കാൻ കഴിഞ്ഞതുമില്ല. പാരമ്പര്യമായി കിട്ടിയ കുടുംബ സ്വത്തും ഇതിന് വേണ്ടി വിൽക്കുകയായിരുന്നു.കടുത്ത വിജേന്ദർ ആരാധകൻ കൂടിയായ രാജേഷിനോട് ഒരിക്കൽ ഒരു സുഹൃത്ത് നേരിട്ട് വിജേന്ദ്‌റിനെ കണ്ട സഹായം അഭ്യർത്ഥിക്കാൻ നിർദ്ദേശിച്ചെങ്കിലും അതിന് കഴിഞ്ഞില്ല.

വിജേന്ദറിന്റെ കടുത്ത ആരാധകനായ എനിക്ക് അദ്ദേഹം മത്സരിക്കുന്നത് നേരിട്ട് കാണാൻ ഭാഗ്യം ുണ്ടായിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ അമച്വർ ബോക്‌സിങ്ങിൽ ഞാൻ മത്സരിച്ചിട്ടില്ല. പ്രൊഫഷണൽ ബോക്‌സിങ്ങിനോട് തന്നെയാണ് പ്രിയം. അദ്ദേഹം എന്റെ ഹീറോയാണ്. എന്നെങ്കിലും അദ്ദേഹത്തെ പരിചയപ്പെടാൻ അവസരം ലഭിച്ചാൽ ഞാൻ എങ്ങനെയാണ് മികച്ച ബോക്‌സറാകേണ്ടത് എന്ന് അദ്ദേഹത്തോട് ചോദിക്കും രാജേഷ് പറയുന്നു