അഹമ്മദാബാദ്: ഗുജറാത്തിൽ ഒരു ബലാത്സംഗത്തിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങൾ ഇതരസംസ്ഥാനത്തുനിന്നുള്ള തൊഴിലാളികളുടെ കൂട്ടതോടെയുള്ള പലായനത്തിന് കാരണമാകുന്നു. ഹിന്ദി സംസാരിക്കുന്ന എല്ലാവരെയും ഗുജറാത്തിൽനിന്ന് പുറത്താക്കുകയെന്ന മണ്ണിന്റെ മക്കൾവാദം ശക്തമായതോടെ, ബസ്സിലും ട്രെയിനിലുമൊക്കെയായി കുടുംബത്തോടെ നാടുവിടുകയാണ് തൊഴിലാളികൾ. ഉത്തർപ്രദേശിൽനിന്നും ബിഹാറിൽനിന്നും മധ്യപ്രദേശിൽനിന്നുമൊക്കെയെത്തി വർഷങ്ങളായി ഗുജറാത്തിൽ താമസിക്കുന്നവരാണ് ഒറ്റദിവസം കൊണ്ട് ശത്രുക്കളായതും നാടുവിടേണ്ടിവന്നതും.

തങ്ങളുടേതല്ലാത്ത കുറ്റത്തിന് നാടുവിടേണ്ടിവരുന്ന ദയനീയ അവസ്ഥയാണ് ഇതിൽ പലർക്കും പറയാനുള്ളത്. ഭാര്യയും രണ്ടുമക്കളുമായി വർഷങ്ങളായി വഡോദരയിൽ ജീവിച്ചിരുന്ന നിഷാദിന് കഴിഞ്ഞയാഴ്ചവരെ ജീവിതം സാധാരണനിലയിലായിരുന്നു. പ്രശ്‌നം തുടങ്ങിയതോട, ആദ്യം മക്കളെ സ്‌കൂളിൽവിടുന്നത് നിർത്തേണ്ടിവന്നു. ശനിയാഴ്ച കമ്പനിയിൽനിന്ന് മറ്റു സംസ്ഥാനക്കാർ സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ അവധിയെടുത്തുപോണമെന്ന അറിയിപ്പുവന്നു. യുപിക്കാരെയും ബീഹാറികളെയും തിരക്കി നാട്ടുകാർ എത്താൻ തുടങ്ങിയതോടെ, തിങ്കളാഴ്ച അർധരാത്രിക്കുള്ള സാബർമതി എക്സ്‌പ്രസിൽ യു.പി.യിലേക്ക് നിഷാദും കുടുംബവും മടങ്ങി.

ഒരു പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ടാണ് ഗുജറാത്തിൽ പ്രശ്‌നങ്ങങൾ തുടങ്ങിയത്. സെപ്റ്റംബർ 28-നാണ് ഈ സംഭവമുണ്ടായത്. തുടർന്ന് ഗുജറാത്തുകാർ സംഘടിച്ച് മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരെ ആക്രമിക്കാൻ തുടങ്ങിയതോടെ, ഹിന്ദി സംസാരിക്കുന്ന തൊഴിലാളികൾക്ക് നാടുവിടേണ്ട അവസ്ഥയുണ്ടാവുകയായിരുന്നു. അഹമ്മദാബാദ്, വഡോദര, ഹിമ്മത്‌നഗർ, മെഹ്‌സാന, ആനന്ദ്, പഞ്ച്മഹൽസ്, സാനന്ദ് തുടങ്ങിയ ഇടങ്ങളിൽനിന്നൊക്കെ ഹിന്ദി സംസാരിക്കുന്നവർ പലായനം ചെയ്തു.

ഇതുവരെ അമ്പതിനായിരത്തോളം പേരെങ്കിലും ഗുജറാത്തിൽനിന്ന് പോയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. പലരും മർദനമേറ്റവിവരം പൊലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തങ്ങൾ നിസ്സഹായരാണെന്നും എങ്ങോട്ടെങ്കിലും രക്ഷപ്പെടാനാണ് പൊലീസ് പറഞ്ഞതെങ്കിലും ബീഹാറിൽനിന്ന് അഹമ്മദാബാദിലെത്തി തൊഴിലെടുത്തിരുന്ന 19-കാരനായ സോനുകുമാർ പറയുന്നു. ഒകടോബർ 12-നുള്ളിൽ ഗുജറാത്ത് വിട്ടുപോകണമെന്നാവശ്യപ്പെട്ടാണ് തന്നെ ഒരുകൂട്ടം ആളുകൾ മർദിച്ചതെന്ന് മെഹ്‌സാനയിൽനിന്നും മടങ്ങിയ മുഹമ്മദ് കരീം എന്ന 37-കാരനും പറഞ്ഞു.

സംഘർഷത്തിന്റെ മറവിൽ വൻതോതിലുള്ള കൊള്ളയും നടന്നതായി ഗുജറാത്തിൽനിന്ന് ബീഹാറിലെ ഈസ്റ്റ് ചമ്പാരനിൽ മടങ്ങിയെത്തിയ ലാൽമുനി ദേവി പറയുന്നു. പ്രശ്‌നങ്ങൾ അവസാനിക്കുമ്പോൾ തിരികെ ഗുജറാത്തിലേക്ക് പോകാമെന്നാണ് പലരും കരുതുന്നത്. എന്നാൽ, ഇനി അവിടേക്കില്ലെന്ന് ലാൽമുനി പറയുന്നു. അ്ത്രയ്ക്കും ക്രൂരതകളാണ് അവിടെ നേരിടേണ്ടിവന്നത്. ഉണ്ടായിരുന്നതെല്ലാം അവർ കൊള്ളയടിക്കുകയും ചെയ്തുവെന്നും ഈ വീട്ടമ്മ പറയുന്നു.

ഇപ്പോഴുണ്ടായ പ്രശ്‌നങ്ങൾ ഗുജറാത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. കൊട്ടിഘോഷിക്കപ്പെട്ട നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡൽ വികസനത്തിനുതന്നെ തിരിച്ചടിയാണ് ഇതരസംസ്ഥാനക്കാർക്കുനേരെ നടന്ന അക്രമങ്ങളും അവരുടെ പലായനവും. പല ഫാക്ടറികളും പ്രവർത്തിച്ചിരുന്നത് മറുനാട്ടുകാരായ ഈ തൊഴിലാളികളെക്കൊണ്ടാണ്. അവർ മടങ്ങുന്നതോടെ, ഈ സ്ഥാപനങ്ങളുടെ പ്രവർത്തനവും നിലയ്ക്കും. ഇതരസംസ്ഥാന തൊഴിലാളികളുടെ ഭാവിയിലുള്ളവരവിനെയും ഇപ്പോഴത്തെ പ്രശ്‌നങ്ങൾ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.