രിദ്രനാരായണന്മാരുടെ രാജ്യമാണ് ഇന്ത്യയെന്ന് കരുതുന്നവർ ഇപ്പോഴുമുണ്ടാകും. എന്നാൽ, ലോകത്തേറ്റവും കൂടുതൽ വിദ്യാർത്ഥികൾ വിദേശത്ത് ഉന്നത പഠനം നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നതാണ് വാസ്തവം. 2018 ജൂലൈ വരെയുള്ള കണക്കനുസരിച്ച് വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ഏഴരലക്ഷമാണ്. ഇതിൽ 28 ശതമാനം അല്ലെങ്കിൽ 2.1 ലക്ഷം പേർ പഠിക്കുന്ന് അമേരിക്കയിലാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

പഠനനിലവാരത്തിലെ വ്യത്യാസവും മികവും മാത്രമല്ല അമേരിക്ക ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട രാജ്യമാക്കി മാറ്റുന്നത്. അമേരിക്കയിൽ ഉയർന്ന ജോലി സമ്പാദിക്കാനും അവിടെ താമസമുറപ്പിക്കാനുമുള്ള കുറുക്കുവഴികളിലൊന്നായാണ് അമേരിക്കൻ ബിരുദത്തെ പലരും കാണുന്നത്. വിസ നിയന്ത്രണത്തിൽ അമേരിക്കയിലെ ട്രംപ് ഭരണകൂടം കൊണ്ടുവന്ന നിയന്ത്രണങ്ങൾ അങ്ങോട്ടേയ്ക്കുള്ള യാത്ര കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കി മാറ്റിയിട്ടുണ്ടെങ്കിലും മറുവഴികൾ തേടുകയാണ് ഇന്ത്യൻ വിദ്യാർത്ഥിസമൂഹം.

ഇന്ത്യൻ ഐടി ജീവനക്കാരും മറ്റും ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന എച്ച്1-ബി വിസയ്്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അമേരിക്കയിൽ ഗ്രീൻകാർഡ് ലഭിക്കുക അത്ര എളുപ്പമല്ലാതാക്കി മാറ്റിയിട്ടുണ്ട്. മൂന്നുവർഷത്തെ കാലയളവിലേക്കാണ് എച്ച്1-ബി വിസ അനുവദിക്കുന്നത്. നോൺ-ഇമിഗ്രന്റ് വിഭാഗത്തിൽപ്പെടുന്ന ഈ വിസയിലെത്തുന്നവർക്ക് ജോലി മാറുന്നതിനും ശമ്പളമുൾപ്പെടയുള്ള ആവശ്യങ്ങൾ ഉന്നയിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്.

ഈ സാഹചര്യത്തിലാണ് ഇന്ത്യൻ വിദ്യാർത്ഥികൾ ഇബി-5 എന്ന വിസയിലൂടെ അമേരിക്കയിലേക്ക് കടക്കാൻ കൂടുതലായി താത്പര്യം കാട്ടുന്നത്. ഈ രീതിയിൽ അമേരിക്കയിലെത്തുന്ന വിദ്യാർത്ഥികൾക്ക് ഉപാധികളോടെ രണ്ടുവർഷത്തെ ഗ്രീൻകാർഡ് കിട്ടുമെന്നതാണ് ഇതിന്റെ ആകർഷണീയത. അമരിക്കയിൽ ഉന്നത പഠനം ആഗ്രഹിക്കുന്നവർക്ക് ഒട്ടേറെ പ്രയോജനം നൽകുന്നതാണ് ഇബി-5 വിസ. ഒരു ബിരുദകോഴ്‌സ് നേടാനാവശ്യമായ തുക നിക്ഷേപിക്കുന്നതിലൂടെയാണ് രണ്ടുവർഷത്തെ ഉപാധികളോടെയുള്ള ഗ്രീൻകാർഡ് ലഭിക്കു.

ഉപാധികൾ പൂർത്തിയാക്കാനായാൽ സ്ഥിരം ഗ്രീൻ കാർഡ് ലഭിക്കാനുള്ള വഴിതെളിയുമെന്നതാണ് ഇബി-5 വിസ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. രണ്ടുവർഷത്തെ സോപാധിക ഗ്രീൻ കാർഡ് കാലാവധിക്കുശേഷം വിദ്യാർത്ഥിക്ക് സ്ഥിരം ഗ്രീൻകാർഡിന് അപേക്ഷിക്കാനാകും. രണ്ടുവർഷം കൊണ്ട് പെർമനന്റ് റെസിഡൻസി കിട്ടാനുള്ള സാധ്യത വർധിക്കുന്നുവെന്നതും ഈ വിസയ എച്ച1-ബിയെക്കാൾ സ്വീകാര്യമാക്കുന്നു.