മോസ്‌കോ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് രണ്ട് യാത്രികരെയും വഹിച്ചുകൊണ്ട് യാത്രയായ സോയുസ് എം.എസ് 410 റോക്കറ്റിന്റെ എൻജിനുണ്ടായ തകരാറിനെക്കുറിച്ച് ക്രിമിനൽ അന്വേഷണം നടത്തുമെന്ന് റഷ്യ. അമേരിക്കക്കാരനായ നിക്ക് ഹേഗ്, റഷ്യക്കാരനായ അലക്‌സി വെച്‌നിൻ എന്നിവരുമായി പുറപപ്പെട്ട സോയുസ് പേടകം റോക്കറ്റിൽനിന്ന് വേർപെട്ടെങ്കിലും ഭ്രമണപഥത്തിൽ പ്രവേശിക്കാതെ ഭൂമിയുടെ ഗുരുത്വാകർഷണബലത്തിൽപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു.

മണിക്കൂറിൽ 4970 മൈൽ വേഗത്തിൽ താഴേക്ക് പതിച്ച്് കസാഖ്‌സ്താനിലെ സെസ്‌കസ്ഗാന് സമീപം പതിച്ച പേടകത്തിൽനിന്ന് രണ്ട് ബഹിരാരാശ സഞ്ചാരികളെയും ജീവനോടെ കണ്ടെത്താനായത് ആശ്വാസം പകർന്നെങ്കിലും ദൗത്യം പരാജയപ്പെട്ടത് പലവിധ സംശയങ്ങളുയർത്തുന്നുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള ശാസ്്ത്രജ്ഞരെ കൊണ്ടുപോകുന്ന പ്രധാന വാഹനമാണ് സോയുസ്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോമോസിന്റേതാണ് സോയുസ് റോക്കറ്റ്.

പേകടത്തിൽനിന്ന് ബൂസ്റ്റർ റോക്കറ്റുകൾ വേർപെട്ട് പേടകം ഭ്രമണപഥത്തിൽ പ്രവേശിക്കുകയായിരുന്നു വേണ്ടത്. ബൂസ്റ്റർ റോക്കറ്റുകൾ വേർപെട്ടെങ്കിലും പേടകം വേർപെട്ട് ഭൂമിയിലേക്ക് പതിച്ചു. 1,64,000 അടി മുകളിൽവച്ചാണ് പേടകം ഭൂമിയിലേക്ക് പതിച്ചത്. അതിവേഗത്തിലുള്ള പതനമായിരുന്നു അതെന്ന് ഒവ്ചിനിൻ പേടകത്തിൽനിന്ന് സ്ട്രീം ചെയ്ത വീഡിയോയിൽ പറഞ്ഞു. ഞങ്ങൾ സീറ്റ് ബെൽറ്റുകൾ മുറുക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പേടകം താഴേക്ക് പതിച്ചതോടെ, ഇരുവരുടെയും സുരക്ഷയിൽ ലോകം ആശങ്കപ്പെട്ടു. എന്നാൽ, അത്യന്തം സുരക്ഷാ സന്നാഹങ്ങളുള്ള പേടകം ഭൂമിയിൽ പതിച്ചെങ്കിലും ഇരുവരും രക്ഷപ്പെടുകയായിരുന്നു. സംഭവത്തെത്തുടർന്ന് സോയുസ് ബഹിരാകാശ വിമാനങ്ങളെല്ലാം നിലത്തിറക്കുമെന്ന് റഷ്യ അറിയിച്ചു. അടുത്തിടെ അന്താരാഷ്ട്ര ബഹിരാകാശ നിലയതത്തിൽ ഒരു തുള കണ്ടെത്തിയത് റഷ്യയെ ചൊടിപ്പിച്ചിരുന്നു. നാസ നടത്തിയ അട്ടിമറി ശ്രമമാണിതെന്നാണ് റഷ്യയുടെ ആരോപണം.

1986-ലുണ്ടായ ചാലഞ്ചർ ദുരന്തത്തിന് സമാനമായിരുന്നു ഈ സംഭവവും. ഏഴ് ബഹിരാകാശ സഞ്ചാരികളുടെ മരണത്തിനിടയാക്കിയ ദുരന്തമായിരുന്നു അത്. സോയുസ് റോക്കറ്റും രണ്ടുതവണ ദുരന്തത്തിൽപെട്ടിട്ടുണ്ട്. 1975-ൽ ഭൂമിയിൽനിന്ന് പുറപ്പെട്ട സോയുസ് പേടകം 90 മൈൽ മുകളിൽവെച്ച് റോക്കറ്റിൽനിന്ന് വേർപെട്ട് താഴേക്ക് പതിച്ചു. 1983-ൽ വിക്ഷേപണത്തറയിൽവെച്ച് റോക്കറ്റ് സ്‌ഫോടനത്തിൽ തകർന്നു. രണ്ടുസംഭവങ്ങളിലും ബഹിരാകാശ സഞ്ചാരി ജീവനോടെ രക്ഷപ്പെടുകയും ചെയ്തു.

1960-കളിലാണ് സോവിയറ്റ് യൂണിയൻ സോയുസ് റോക്കറ്റ് വികസിപ്പിച്ചത്. ഇതിനകം 745 തവണ ബഹിരാകാശ ദൗത്യങ്ങൾ നടത്തിയിട്ടുള്ള റോക്കറ്റിന്റെ ദൗത്യം പരാജയപ്പെട്ടിട്ടുള്ളത് 21 തവണ മാത്രമാണ്. ഇതിൽ 13 തവണ പരാജയപ്പെട്ടതും 2010-നുശേഷമാണെന്നത് റഷ്യയെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട്. കാലഹരണപ്പെട്ട സംവിധാനമാണ് സോയുസിന്റേതെന്ന ആരോപണവും റോസ്‌കോമോസ് നേരിടുന്നുണ്ട്.