തെക്കൻ കാലബ്രിയയിലെ റിയാസ് എന്ന പട്ടണത്തിൽ ജീവിച്ചിരുന്നത് വെറും 1800 പേർ മാത്രമാണ്. കൂടുതൽ ജനങ്ങൾ താമസിക്കുകയും കൂടുതൽ മേഖലകളിൽ വികസനം നടക്കുകയും ചെയ്താൽ മാത്രമേ പട്ടണത്തിന് അഭിവൃദ്ധിയുണ്ടാകൂ എന്ന് മനസ്സിലാക്കിയ മേയർ ഡൊമിനിക്കോ ലുക്കാനോ അതിനായി ചെയ്തത് പട്ടണത്തിന്റെ കവാടങ്ങൾ കുടിയേറ്റക്കാർക്കായി തുറന്നിടുകയാണ്. ഇതോടെ, നൂറുകണക്കിന് കുടിയേറ്റക്കാർ റിയാസിലേക്കെത്തി. അവർക്കെല്ലാം അഭയവും തൊഴിലും നൽകി ലുക്കാനോ നല്ല ആതിഥേയനായി. റിയാസ് മാതൃകാ പട്ടണമായി വാർത്തകളിൽ നിറഞ്ഞുനിന്നു.

കുടിയേറ്റത്തിനിതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് അധികാരത്തിലേറിയ തീവ്ര വലതുപക്ഷ സർക്കാർ ആദ്യം ചെയ്തത് ലുക്കാനോയെ പൂട്ടുകയെന്നതായിരുന്നു. ലുക്കാനോയെ അറസ്റ്റ് ചെയ്ത സർക്കാർ, റിയാസിലെ കുടിയേറ്റപദ്ധതിയും അവസാനിപ്പിച്ചു. ലുക്കാനോയുടെ സഹായത്തോടെ പട്ടണത്തിൽ താമസമാക്കിയ 450-ഓളം വരുന്ന കുടിയേറ്റക്കാരെ പട്ടണത്തിൽനിന്ന് പുറത്താക്കുമെന്നും അവരെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും ആഭ്യന്തര മന്ത്രി മറ്റേയോ സാൽവിനി പറഞ്ഞു.

റിയാസിലെത്തിയ കുടിയേറ്റക്കാർക്ക് ഉപേക്ഷിക്കപ്പെട്ട വീടുകളും കുട്ടികൾക്ക് വിദ്യാഭ്യാസവും മുതിർന്നവർക്ക് ജോലിയുമൊക്കെ നൽകി മികച്ച പദ്ധതിയാണ് ലുക്കാനോ ആവിഷ്‌കരിച്ചത്. ലോകമെമ്പാടുംതന്നെ ഈ പദ്ധതി വലിയതോതിൽ അംഗീകരിക്കപ്പെട്ടു. ലുക്കാനോയും അതുവഴി പ്രശസ്തനായി. ഇതൊക്കെയാണ് ഇറ്റലിയിലെ പുതിയ കുടിയേറ്റ വിരുദ്ധ സർക്കാരിനെ ചൊടിപ്പിച്ച കാര്യങ്ങളും. കടുത്ത കുടിയേറ്റ നിയന്ത്രണങ്ങളാണ് പുതിയ സർക്കാർ ഇറ്റലിയിൽനിന്ന് എത്തുന്നത്. വടക്കനാഫ്രിക്കൻ രാജ്യങ്ങളിൽനിന്നെത്തുന്ന അഭയാർഥികളെ തുറമുഖത്ത് ഇറങ്ങാൻ അനുവദിക്കാതെ തിരിച്ചയക്കുന്ന നടപടിയും തുടങ്ങിയിട്ടുണ്ട്.

ലോകം മുഴുവൻ റിയാസിലെ കുടിയേറ്റ സൗഹൃദ പദ്ധതിയെയും ലുക്കാനോയെയും പ്രകീർത്തിക്കുന്നതിനിടെയാണ് സാമ്പത്തിക തിരിമറിയുൾപ്പെടെ മറ്റു കുറ്റങ്ങൾ ചുമത്തി ലുക്കാനോയെ സർക്കാർ അകത്താക്കിയത്. ഫോർച്യൂൺ മാസിക ലോകത്തെ മികച്ച 50 നേതാക്കളിലൊരാളായി ലുക്കാനോയെ 2016-ൽ തിരഞ്ഞെടുത്തിരുന്നു. അത്രയേറെ പ്രകീർത്തിക്കപ്പെട്ട ഒരു മാതൃകയെ സർക്കാരിന് ഒറ്റയടിക്ക് എങ്ങനെ ഇല്ലാതാക്കാനാകുമെന്ന് ജനങ്ങളും ചോദിക്കുന്നു.