ലണ്ടൻ: ബാലചന്ദ്രൻ ശങ്കരപിള്ളയും ഭാര്യ ശാന്തിയും മകൻ പ്രണവനും പെൺമക്കളായ കാർത്തികയും സിന്ധുജയും കഴിഞ്ഞ അഞ്ചു വർഷമായി വിസയില്ലാതെ യുകെയിൽ കഴിയുകയാണ്. ഇവരഞ്ച് പേരും ഓസ്‌ട്രേലിയൻ പൗരത്വം ഉള്ള മലയാളികൾ ആണ്. എന്നിട്ടും എന്തുകൊണ്ട് ഇവർ വർക്ക് പെർമിറ്റും ടയർ വൺ വിസയും അപ്പീലും ഒക്കെയായി അഞ്ചു കൊല്ലം പിടിച്ചു നിൽക്കാൻ ശ്രമിച്ചു എന്നത് ദുരൂഹമാണ്. ഇന്നത്തെ ഡെയ്‌ലി മെയിൽ വിശദമായി ഇവരുടെ കഥ എഴുതിയപ്പോൾ ആകപ്പാടെ വിശ്വസിക്കാൻ വയ്യാത്ത അനേകം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

യുകെയിൽ പിടിച്ച് നിൽക്കാൻ ശ്രമിച്ച് എല്ലാ വാതിലുകളും അടഞ്ഞപ്പോൾ നാട് കടത്താൻ വേണ്ടി വിമാനത്തിൽ കയറ്റിയപ്പോൾ ബാലചന്ദ്രൻ രണ്ട് തവണ അസുഖം മൂലം വിമാനത്തിൽ നിന്നും തിരിച്ചിറങ്ങുകയായിരുന്നു. ഈ അവസ്ഥ ആവർത്തിക്കാതിരിക്കാൻ ഇപ്പോൾ നാല് ഡോക്ടർമാർക്കൊപ്പമാണ് ഹോം ഓഫീസ് ബാലചന്ദ്രനെയും കുടുംബത്തെയും നാട് കടത്താനൊരുങ്ങുന്നത്. വിമാനയാത്രക്കിടെ ഇദ്ദേഹത്തിന് സ്ട്രോക്ക് വന്നാൽ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഡോക്ടർമാർക്കൊപ്പം ബാലചന്ദ്രനെ വിമാനം കയറ്റി വിടുന്നത്. ഈ സംഭവം വൻ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

കഴിഞ്ഞ ആറ് വർഷത്തിനിടെ മൂന്ന് സ്ട്രോക്കുകളാണ് 60കാരനായ ബാലചന്ദ്രനെ വേട്ടയാടിയിരിക്കുന്നത്.2007ലായിരുന്നു അദ്ദേഹം യുകെയിലെത്തിയിരുന്നത്.ഇന്നലെ അദ്ദേഹത്തെയും കുടുംബത്തെയും നാടു കടത്തുന്നുവെന്ന വിധത്തിലാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. 27 മണിക്കൂറോളം നീളുന്ന വിമാനയാത്രക്കിടെ ബാലചന്ദ്രന്റെ അവസ്ഥ നിരീക്ഷിക്കുന്നതിനാണ് നാല് ഡോക്ടർമാർ തങ്ങൾക്കൊപ്പം അണിചേരുന്നതെന്നാണ് കുടുംബം വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ മുതൽ ഈ കുടുംബത്തെ ഹീത്രോ എയർപോർട്ടിനടുത്തുള്ള ഒരു ഹോട്ടലിലാണ് നാട് കടത്താൻ വേണ്ടി പാർപ്പിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബാലചന്ദ്രനെയും കുടുംബത്തെയും നാട് കടത്തുന്നതിനായി വിമാനത്തിൽ കയററിയിരുന്നുവെങ്കിലും ടേക്ക് ഓഫിന് മുമ്പ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് തിരിച്ചിറക്കുകയായിരുന്നു.അന്ന് വിമാനത്തിൽ കയറിയ അച്ഛൻ പതിവ് പോലെ പ്രതികരിക്കുന്നില്ലെന്ന് തങ്ങൾ തിരിച്ചറിയുകയും തിരിച്ചിറക്കുകയുമായിരുന്നുവെന്നാണ് 23 കാരനായ മകൻ പ്രണവൻ വെളിപ്പെടുത്തുന്നത്. അന്ന് വിമാനത്തിൽ കയറിയ ബാലചന്ദ്രന് അമിതമായി വിയർത്തിരുന്നു. മുമ്പ് സ്ട്രോക്ക് ഉണ്ടായപ്പോഴൊക്കെ ഈ ലക്ഷണം കണ്ടിരുന്നതിനാൽ മുൻകരുതലായി അദ്ദേഹത്തെ ഉടൻ വിമാനത്തിൽ നിന്നുമിറക്കുകയായിരുന്നുവെന്നാണ് മകൻ പറയുന്നത്.

മൂന്ന് മാസങ്ങൾക്കിടെ ഇത് രണ്ടാം തവണയാണ് ഈ കുടുബം ഓസ്ട്രേലിയയിലേക്ക് മടങ്ങിപ്പോകാമെന്ന് സമ്മതിക്കുന്നത്.2017 ഡിസംബറിൽ ഈ കുടുംബത്തെ ഓസ്ട്രേലിയയിലേക്ക് നാട് കടത്താൻ എയർപോർട്ടിലേക്ക് കൊണ്ടു വരുന്ന വഴിയും ബാലചന്ദ്രന് സുഖമില്ലാതായതിനെ തുടർന്ന് യാത്ര റദ്ദാക്കാൻ നിർബന്ധിതമാവുകയായിരുന്നു. എന്നാൽ ബാലചന്ദ്രൻ അതിന് ശേഷം ഒരു സ്വതന്ത്ര മെഡിക്കൽ അസെസ്സ്മെന്റിന് വിധേയനായെന്നും നിലവിൽ അദ്ദേഹം വിമാനയാത്രക്ക് പ്രാപ്തനാണെന്ന് വ്യക്തമായതിനെ തുടർന്നാണ് ഇന്നലെ അദ്ദേഹത്തെ നാട് കടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നുമാണ് ഹോം ഓഫീസ് പറയുന്നത്.

യുകെയിലെ ലീവ് ടു റിമെയിൻ സ്റ്റാറ്റസ് ലഭ്യമാകാത്ത അവസ്ഥ ഈ കുടുംബത്തെ വല്ലാതെ സമ്മർദത്തിലാഴ്‌ത്തിയിരിക്കുന്നുവെന്നും അതിനാൽ അവർ ഓസ്ട്രേലിയയിലേക്ക് മടങ്ങിപ്പോകാൻ സമ്മതിക്കുകയായിരുന്നുവെന്നുമാണ് ഹോം ഓഫീസ് വക്താവ് വെളിപ്പെടുത്തുന്നത്.ഒരു കമ്പനിയിൽ എൻജിനീയറായിട്ടായിരുന്നു ബാലചന്ദ്രൻ 2007ൽ യുകെയിലെത്തിയത്. തുടർന്ന് 2012ൽ അദ്ദേഹത്തിന്റെ വർക്ക് പെർമിറ്റ് വിസ ക്യാൻസലാവുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തിന് ഗ്രാന്റ് എ ടയർ 1 (ഹൈലി സ്‌കിൽഡ്) മൈഗ്രന്റ് വിസ അനുവദിച്ചിരുന്നു.

ഇതിന് 2013 മാർച്ച് വരെയായിരുന്നു സാധുതയുണ്ടായിരുന്നത്. വർക്ക് വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം ഇൻഡെഫനിറ്റ് ലീവ് ടു റിമെയിനിനായി അപേക്ഷിച്ചിരുന്നു.ഇത് തുടക്കത്തിൽ ഹോം ഓഫീസ് 2013 ജൂണിൽ നിഷേധിക്കുകയും ചെയ്തിരുന്നു.തുടർന്ന് നൽകിയ അപ്പീലിലും 2015 ഏപ്രിലിൽ ഈ കുടുംബം പരാജയപ്പെടുകയായിരുന്നു. ഓസ്ട്രേലിയയിലേക്ക് മടങ്ങിപ്പോകാതിരിക്കാൻ കാരണമൊന്നും കാണിക്കാൻ ഇവർക്ക് സാധിക്കാത്തതിനെ തുടർന്നായിരുന്നു ഇത്.ബാലചന്ദ്രന്റെ ഭാര്യ ശാന്തി(53), പുത്രിമാരായ കാർത്തിക(30), സിന്ധുജ(28), പുത്രൻ പ്രണവ് എന്നിവർക്കും ഓസ്ട്രേലിയൻ പൗരത്വമുണ്ട്.

കാലിന്റെ എല്ല് പൊട്ടിയാൽ അത് വേഗം പരിഹരിക്കാമെന്നും എന്നാൽ വിമാനത്തിൽ നിന്നും സ്ട്രോക്കുണ്ടായാൽ എത്ര ഡോക്ടർമാരുണ്ടായിട്ടും കാര്യമില്ലെന്നും അതിന് ഹോസ്പിറ്റലിൽ തന്നെ പോകണമെന്നും പിന്നെ എന്ത് ധൈര്യത്തിലാണ് തന്റെ പിതാവിനെ നാല് ഡോക്ടർമാർക്കൊപ്പം കയറ്റി വിടാൻ ഹോം ഓഫീസ് ധൈര്യം കാട്ടിയതെന്നും പ്രണവൻ ധാർമിക രോഷത്തോടെ ചോദിക്കുന്നു. ഇവരെ ഇന്നലെ വിമാനം കയറ്റി വിട്ടിട്ടുണ്ടോയെന്നും അവർ ഓസ്ട്രേലിയയിൽ സുരക്ഷിതരായി എത്തിയോ എന്നുമുള്ള പുതിയ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.