ടുവിൽ ആ രഹസ്യത്തിന്റെ ചുരുളഴിഞ്ഞിരിക്കുന്നു. ദീർഘകാലം ഒരു നുണയുമായി മുന്നോട്ടുപോകാനാവില്ലെന്ന് വ്യക്തമായതോടെ, സൗദി അറേബ്യ അത് സമ്മതിച്ചു. മുതിർന്ന മാധ്യപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടു. ഒക്ടോബർ രണ്ടിന് തുർക്കിയിലെ ഇസ്താംബുളിലുള്ള സൗദി എംബസിയിൽ ചോദ്യം ചെയ്യലിനിടെയുണ്ടായ കൈയാങ്കളിക്കിടെ ഖഷോഗി കൊല്ലപ്പെട്ടുവെന്നാണ് സൗദി അറ്റോണി ജനറൽ വാർത്താക്കുറിപ്പിൽ സമ്മതിച്ചത്.

മൃതദേഹം പിന്നീടെന്തുചെയ്തുവെന്നോ എവിടെ മറവുചെയ്തുവെന്നോ ഉൾപ്പെടെ, ഒരുപിടി ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കിട്ടാനുണ്ട്. അടുത്തിടെ സൗദി അറേബ്യ ഒരുവശത്തും സഖ്യകക്ഷിയായ അമേരിക്ക ഉൾപ്പെടെ മറ്റുരാജ്യങ്ങൾ മറുവശത്തുമായി നിന്ന സംഭവമായിരുന്നു ഖഷോഗിയുടെ തിരോധാനം. റിയാദിൽ അടുത്തയാഴ്ച നടക്കുന്ന അന്താരാഷ്ട്ര വ്യവസായ സമ്മേളനത്തിൽനിന്ന് ലോകബാങ്കുൾപ്പെടെ, പ്രമുഖ സ്ഥാപനങ്ങൾ പിന്മാറുന്നതടക്കം നടപടികളിലേക്ക് ഈ തിരോധാനം വലിയ പ്രതിഷേധമുയർത്തിയിരുന്നു.

ആരാണ് ജമാൽ ഖഷോഗി?

സൗദി അറേബ്യയിലെ ഏറ്റവും പ്രശസ്തനായ മാധ്യമപ്രവർത്തകനായിരുന്നു ജമാൽ ഖഷോഗി. സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാൻ അധിനിവേശവും ഉസാമ ബിൻ ലാദന്റെ വളർച്ചയുമൊക്കെ ലോകത്തെ ആദ്യമറിയിച്ച പത്രപ്രവർത്തകൻ. സൗദിയിലെ വിവിധ മാധ്യമങ്ങൾക്കുവേണ്ടി പ്രവർത്തിച്ച അദ്ദേഹം കൊട്ടാരവുമായി ഏറ്റവും അടുപ്പം പുലർത്തിയിരുന്ന മാധ്യമപ്രവർത്തകനുമായിരുന്നു. ദശാബ്ദങ്ങളോളം തുടർന്ന അടുപ്പം പെട്ടെന്ന് ഇല്ലാതാവുകയായിരുന്നു. കിരീടാവകാശിയായി മുഹമ്മദ് ബിൻ സൽമാൻ വന്നതോടെയാണ് ഖഷോഗി സൗദി രാജകുടുംബത്തിന് അനഭിമതനായത്.

ഇതോടെ, സൗദി വിട്ട ഖഷോഗി അമേരിക്കയിൽ അഭയം തേടി. ഒരുവർഷമായി അവിടെ കഴിയുന്ന കാലയളവിൽ വാഷിങ്ടൺ പോസ്റ്റിൽ മാസത്തിലൊരു പംക്തി അദ്ദേഹം എഴുതിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ വിമർശിക്കുന്നതായിരുന്നു ഈ ലേഖനങ്ങളിലേറെയും. സൗദിയിൽ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ അഴിമതി വിരുദ്ധ പോരാട്ടത്തെയും അദ്ദേഹം വിമർശിച്ചു. വിമതരെയല്ല, സ്വതന്തമായി ചിന്തിക്കുന്ന മനസ്സുള്ളവരെയാണ് എംബിഎസ് അകത്താക്കിയതെന്നായിരുന്നു ഖഷോഗിയുടെ വിമർശനം.

എന്തിനാണ് ഖഷോഗി തുർക്കിയിൽ വന്നത്

അമേരിക്കയിൽവെച്ച് പരിചയപ്പെട്ട ഹാത്തിസ് സെൻഗിസിനെ വിവാഹം ചെയ്ത് തുർക്കിയിൽ സ്ഥിരതാമസമാക്കണമെന്നായിരുന്നു ഖഷോഗിയുടെ മോഹം. എന്നാൽ, ബഹുഭാര്യാത്വത്തിന് വിലക്കുള്ള തുർക്കിയിൽ, ഹാത്തിസിനെ വിവാഹം ചെയ്യുന്നതിന് ഖഷോഗിക്ക് ആദ്യഭാര്യയെ വിവാഹമോചനം ചെയ്തതിന്റെ രേഖകൾ ഹാജരാക്കേണ്ടിയിരുന്നു. ഇത് സംഘടിപ്പിക്കുന്നതിനായാണ് സെപ്റ്റംബർ 28-ന് അദ്ദേഹം കോൺസുലേറ്റിലെത്തിയത്. നാലുദിവസം കഴിഞ്ഞ് വരാനായിരുന്നു മറുപടി.

താൻ നിയമപരമായി വിവാഹമോചനം നേടിയതാണെന്ന സർട്ടിഫിക്കറ്റിനുവേണ്ടി ഒക്ടോബർ രണ്ടിന് അദ്ദേഹം വീണ്ടുമെത്തി. ഹാത്തിസിനെ എംബസിക്ക് പുറത്തുനിർത്തിയശേഷം ഉച്ചയോടെ അകത്തേക്കുപോയ അദ്ദേഹം പിന്നീട് മടങ്ങിവന്നില്ല. വൈകുന്നേരമായിട്ടും ഖഷോഗിയെ കാണാത്തതിനെത്തുടർന്നാണ് ഹാത്തിസ് പൊലീസിൽ വിവരമറിയിക്കുന്നത്. തുർക്കിയിലെ എംബസിയിൽവെച്ച് തനിക്കെന്തെങ്കിലും സംഭവിക്കുമെന്ന് ഖഷോഗി കരുതിയിരുന്നില്ലെന്ന് പിന്നീട് വാഷിങ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ഹാത്തിസ് പറഞ്ഞു.

എന്താണ് കൊലപാതകത്തിൽ സൗദി ഭരണകൂടത്തിന്റെ പങ്ക്?

ഖഷോഗിയുടെ തിരോധാനവുമായി ബന്ധമില്ലെന്നായിരുന്നു തുടക്കം മുതൽക്കേ സൗദിയുടെ നിലപാട്. എന്നാൽ, രണ്ടാഴ്ചയ്ക്കുശേഷം അവർക്ക് ഖഷോഗി കൊല്ലപ്പെട്ടുവെന്നും അത് എംബസിക്കുള്ളിൽവച്ചാണെന്നും സ്ഥിരീകരികക്കേണ്ടിവന്നു. ഖഷോഗിയെ തിരിച്ചുകൊണ്ടുവരുന്നതിനായുള്ള ചർച്ചകൾക്കെത്തിയ സംഘവുമായുള്ള കൈയാങ്കളിയിൽ അദ്ദേഹം മരിച്ചുവെന്നാണ് സ്ഥിരീകരണം. അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാനായി സംഘത്തെ അയച്ചത് കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാനാണെന്ന് വ്യക്തമാണ്.

സൗദിയിൽനിന്നെത്തിയത് 15 അംഗ കൊലയാളി സംഘമാണെന്നാണ് മറ്റു രാജ്യങ്ങൾ ആരോപിക്കുന്നത്. ഒക്ടോബർ രണ്ടിന് രാവിലെ രണ്ട് പ്രത്യേക വിമാനങ്ങളിലായി എത്തിയ സംഘം കൃത്യം നടപ്പാക്കിയശേഷം വൈകിട്ട് മടങ്ങുകയും ചെയ്തു. സംഭവവവുമായി ബന്ധപ്പെട്ട് 18 പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ മുഹമ്മദ് ബിൻ സൽമാന്റെ വിശ്വസ്തരായ അനുചരന്മാരുമുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഫസ്റ്റ് ലെഫ്റ്റനന്റ് ധാർ ഘലീബ് ധാർ അൽ ഹർബി, സെർജന്റ് മേജർ വാലീദ് അബ്ദുള്ള അൽ ഷിഹ്‌റി, അബ്ദുൾ അസീസ് മുഹമ്മദ് മൂസ അൽ ഹാസാവി, മേജർ ജനറൽ മാഹിർ അബ്ദുൾ അസീസ് മുഹമ്മദ് മുത്രിബാ് എന്നിവരാണവർ.

കൊലപാതക വാർത്ത സ്ഥിരീകരിച്ചതിന് പിന്നാലെ, രഹസ്യാന്വേഷണവിഭാഗം ഉപമേധാവിയുൾപ്പെടെ പ്രമുഖരെ സൗദി പുറത്താക്കിയതും ഇതിന്റെ സൂചനയാണ്. ഡപ്യൂട്ടി ഇന്റലിജൻസ് മേധാവി അഹമ്മദ് അസീരി, റോയൽ കോടതിയുടെ ഉപദേഷ്ടാവ് സൗദ് അൽ ഖ്വാത്തമി, രഹസ്യാന്വേഷണവിഭാഗം പ്രസിഡന്റിന്റെ സഹായികളായ മുഹമ്മദ് ബിൻ സലേ അൽ റുമേയ, റച്ചാദ് ബിൻ ബഹമദ് അൽ മുഹമ്മദി തുടങ്ങിയവരും പുറത്തായവരിൽപ്പെടുന്നു.

തുർക്കി എന്തുകൊണ്ടാണ് അറസ്റ്റിന് മുതിരാത്തത്

ഖഷോഗിയുടെ കൊലപാതകം നടന്നത് സൗദി എംബസ്സിക്കുള്ളിൽവച്ചാണെന്നതാണ് തുർക്കിയെ ഇക്കാര്യത്തിൽ നിസ്സഹായരാക്കുന്നത്. ഖഷോഗിയെ കാണാതായ ദിവസം മുതൽ തുർക്കി ഇത് ആസൂത്രിത കൊലപാതകമാണെന്ന് ആരോപിച്ചിരുന്നു. ഖഷോദിയെ കൊലയാളിസംഘം പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം വെട്ടിനുറുക്കിയെന്നുമായിരുന്നു തുർക്കിയുടെ ആരോപണം. ഇത് സ്ഥിരീകരിക്കുന്ന വീഡിയോ, ഓഡിയോ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും തുർക്കി അവകാശപ്പെട്ടു. എന്നാൽ, ആ തെളിവുകൾ അവർ പുറത്തുവിട്ടിട്ടില്ല.

എംബസ്സിക്കുള്ളിൽവെച്ച് കൊലപാതകം നടത്തരുതെന്ന് കോൺസുൽ ജനറൽ മുഹമ്മദ് അൽ ഒത്തെയ്ബി ആവശ്യപ്പെട്ടതായി ഓഡിയോ ക്ലിപ്പിലുണ്ടെന്ന് തുർക്കിയിലെ യെനി സഫാക് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. നിങ്ങളെന്നെയും കുഴപ്പത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞതായാണ് ്ക്ലിപ്പിലുള്ളത്. എന്നാൽ, സൗദിയിൽ തിരിച്ചെത്തുമ്പോൾ ജീവനോടെയിരിക്കണമെങ്കിൽ മിണ്ടാതെയിരിക്കാൻ സംഘത്തിലുള്ള ഒരാൾ കോൺസുൽ ജനറലിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

സംഭവദിവസം കോൺസുലേറ്റിലെ തുർക്കിക്കാരായ ജീവനക്കാരോട് അവധിയെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ തെളിവുകൾ പൂർണമായും ഇ്ല്ലാതാക്കുവാനും സംഘത്തിനായി. എന്നാൽ, കഴിഞ്ഞദിവസം ഇവിടെ തുർക്കി പൊലീസ് ഒമ്പത് മണിക്കൂറോളം തിരച്ചിൽ നടത്തുകയും എംബസ്സിക്കുള്ളിൽ പുതിയ പെയിന്റ് അടിച്ചതായി കണ്ടെത്തുകയും ചെയ്തു. പൊലീസെത്തിയ ദിവസം കോൺസുൽ ജനറൽ റിയാദിലേക്ക് പോയതും സംശയം വർധിപ്പിക്കുന്നു.

അമേരിക്കയുടെ നിലപാട്

ഖഷോഗിയെ കാണാതായതുമുതൽ ശക്തമായി പ്രതികരിച്ചുവന്ന അമേരിക്ക കൊലപാതകം സൗദി സ്ഥിരീകരിച്ചതോടെ മലക്കം മറിയുകയാണുണ്ടായത്. വാഷിങ്ടൺ പോസ്റ്റിലെ പംക്തീകാരനായ ഖഷോഗിയുടെ തിരോധാനത്തിൽ വ്യക്തമായ ഉത്തരം നൽകാനായില്ലെങ്കിൽ സൗദി പ്രത്യാഘാതം നേരിടേണ്ടിവരുമെന്നായിരുന്നു ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തത്. തുടക്കം മുതൽക്കെ സൗദിയെ കുറ്റപ്പെടുത്തുന്ന നിലപാടാണ് ട്രംപ് ഭരണകൂടം ഇക്കാര്യത്തിൽ കൈക്കൊണ്ടിരുന്നതും. എന്നാൽ, ഇപ്പോഴത്തെ നിലപാട് അതിന് കടകവിരുദ്ധമാണ്.

കൊലപാതകം സ്ഥിരീകരിച്ചത് നല്ല നടപടിയാണെന്നും സൗദി നേതാക്കൾ തന്നോട് കള്ളം പറയുമെന്ന് കരുതുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനെ നേരിടുന്നതിന് സൗദി നിർണായക പങ്കാളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖഷോഗിയുടെ മരണത്തിൽ അമേരിക്ക ഖേദിക്കുന്നതായും ട്രംപിന്റെ പ്രസ് സെക്രട്ടറി സാറ സാൻഡേഴ്‌സ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സൗദി നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ഇതുസംബന്ധിച്ച് അന്താരാഷ്ട്ര ഏജൻസികൾ നടത്തുന്ന അന്വേഷണം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് അമേരിക്കയുടെ ഏറ്റവുമൊടുവിലത്തെ പ്രതികരണം.