- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖഷോഗിയുടെ കൊലപാതകം ഹീനമെന്ന് സമ്മതിച്ച് സൗദി കിരീടാവകാശി; അഞ്ചു കൊല്ലത്തിനകം രാജ്യമാകെ മാറുമെന്ന് വാഗ്ദാനം; രാജകുമാരന്റെ കൈകളിലെ രക്തം മായില്ലെന്ന് മുന്നറിയിപ്പ് നൽകി തുർക്കി; എംബസ്സിയിൽ പരിശോധനയ്ക്ക് അനുമതി; കൊന്ന ശേഷം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചുവെന്ന് നിഗമനം; സൗദിക്കാരുടെ വിസ റദ്ദാക്കി അമേരിക്കയും
റിയാദ്: നീതീകരിക്കാനാവാത്ത, ഹീനമായ കുറ്റകൃത്യം. മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ച് ഒടുവിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രതികരിച്ചതിങ്ങനെ. കൊലപാതകത്തിന് പിന്നിൽ സൗദി രാജകുമാരനാണെന്ന ആരോപണം ശക്തമായി ഉയരുന്നതിനിടെയാണ് അത് ന്യായീകരിക്കാൻ പോലുമാകാത്ത കുറ്റകൃത്യമാണെന്ന പ്രതികരണം പുറത്തുവന്നതെന്നത് ശ്രദ്ധേയമായണ്. റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഇനിഷ്യേറ്റീവ് സമ്മിറ്റിലാണ് ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ചുള്ള മുഹമ്മദ് ബിൻ സൽമാന്റെ ആദ്യ പ്രതികരണമുണ്ടായത്. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങൾക്കും പൂർണ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു. തുർക്കി നടത്തുന്ന അന്വേഷണങ്ങളുമായി സൗദി സഹകരിക്കുന്നുണ്ടെന്നും ഈ സംഭവത്തിന്റെ പേരിൽ തുർക്കിയുമായുള്ള ബന്ധം ഉലയില്ലെന്നും സൗദി അറേബ്യയുടെ ഭരണാധികാരികൂടിയായ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. തുർക്കിയിൽ രജബ് തായിപ് ഉർദുഗനും സൗദിയിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഉള്ളിടത്തോളം കാലം ഇരുരാജ്യങ്ങളെയും അകറ്റാനാവി
റിയാദ്: നീതീകരിക്കാനാവാത്ത, ഹീനമായ കുറ്റകൃത്യം. മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ച് ഒടുവിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രതികരിച്ചതിങ്ങനെ. കൊലപാതകത്തിന് പിന്നിൽ സൗദി രാജകുമാരനാണെന്ന ആരോപണം ശക്തമായി ഉയരുന്നതിനിടെയാണ് അത് ന്യായീകരിക്കാൻ പോലുമാകാത്ത കുറ്റകൃത്യമാണെന്ന പ്രതികരണം പുറത്തുവന്നതെന്നത് ശ്രദ്ധേയമായണ്. റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഇനിഷ്യേറ്റീവ് സമ്മിറ്റിലാണ് ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ചുള്ള മുഹമ്മദ് ബിൻ സൽമാന്റെ ആദ്യ പ്രതികരണമുണ്ടായത്.
കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങൾക്കും പൂർണ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു. തുർക്കി നടത്തുന്ന അന്വേഷണങ്ങളുമായി സൗദി സഹകരിക്കുന്നുണ്ടെന്നും ഈ സംഭവത്തിന്റെ പേരിൽ തുർക്കിയുമായുള്ള ബന്ധം ഉലയില്ലെന്നും സൗദി അറേബ്യയുടെ ഭരണാധികാരികൂടിയായ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. തുർക്കിയിൽ രജബ് തായിപ് ഉർദുഗനും സൗദിയിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഉള്ളിടത്തോളം കാലം ഇരുരാജ്യങ്ങളെയും അകറ്റാനാവില്ലെന്നും മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
ഖഷോഗിയുടെ ശരീരം എവിടെയെന്നതു ദുരൂഹമായി തുടരുകയാണ്. കോൺസുലേറ്റിലും കോൺസൽ ജനറലിന്റെ വസതിയിലും വനമേഖലയിലും തുർക്കി സംഘം തിരച്ചിൽ നടത്തിയിരുന്നു. കോൺസുലേറ്റ് വളപ്പിലെ കിണറും പരിശോധിക്കും. കിണർ പരിശോധിക്കുന്നതു സൗദി ആദ്യം എതിർത്തുവെങ്കിലും പിന്നീടു വഴങ്ങി. ഖഷോഗിയെ കൊലപ്പെടുത്തിയശേഷം ശരീരം പലകഷണങ്ങളാക്കി ഉപേക്ഷിച്ചെന്നാണു പൊലീസിന്റെ നിഗമനം. മൃതദേഹം ഉപേക്ഷിക്കാൻ ഇസ്തംബുൾ സ്വദേശിയായ ആളെ ചുമതലപ്പെടുത്തിയെന്നാണു കഴിഞ്ഞ ശനിയാഴ്ച സൗദി അധികൃതർ വെളിപ്പെടുത്തിയത്.
ഒക്ടോബർ രണ്ടിനാണ് തുർക്കിയിലെ ഇസ്താംബുളിലുള്ള സൗദി അറേബ്യൻ കോൺസുലേറ്റിൽവെച്ച് ഖഷോഗി കൊല്ലപ്പെടുന്നത്. തന്റെ രണ്ടാം വിവാഹത്തിനാവശ്യമായ രേഖകൾ ശരിയാക്കുന്നതിനുവേണ്ടിയാണ് ഖഷോഗി തുർക്കിയിലെത്തിയത്. എംബസ്സിക്കുള്ളിലേക്ക് കയറിപ്പോയ ഖഷോഗി പിന്നീട് തിരിച്ചുവന്നില്ല. സൗദിയിൽനിന്നെത്തിയ 15 അംഗ കൊലയാളി സംഘം ഖഷോഗിയെ വകവരുത്തിയെന്ന് തുർക്കി ആരോപിച്ചിരുന്നു. രാജകൊട്ടാരത്തിന്റെ, പ്രത്യേകിച്ച് മുഹമ്മദ് ബിൻ സൽമാന്റെ കടുത്ത വിമർശകനായി അറിയപ്പെട്ടിരുന്ന ഖഷോഗിയെ രാജകൊട്ടാരത്തിൽനിന്നുള്ള കൊലയാളി സംഘം വകവരുത്തിയെന്നായിരുന്നു ആരോപണം.
തുടക്കംമുതൽ ആരോപണം നിഷേധിച്ച സൗദി അറേബ്യക്ക് തെളിവുകൾ ശക്തമായതോടെ കൊലപാതകം ഏറ്റെടുക്കുകയല്ലാതെ തരമില്ലാതായി. ഖഷോഗിയെ തിരിച്ചുകൊണ്ടുവരുന്നതിനായി ശ്രമിക്കാനാണ് 15 അംഗ സംഘം തുർക്കിയിലെത്തിയതെന്നും ഇതുസംബന്ധിച്ച ചർ്ച്ചകൾക്കിടെ വാക്കേറ്റമുണ്ടാവുകയും കൈയാങ്കളി ഖഷോഗിയുടെ മരണത്തിന് കാരണമാവുകയും ചെയ്തുവെന്നാണ് സൗദി സമ്മതിച്ചത്. കൊലപാതകത്തിന്റെ പേരിൽ 18 പേരെ അറസ്റ്റ് ചെയ്യുകയും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ പുറത്താക്കുകയും ചെയ്തിരുന്നു.
സൗദിയെയും തുർക്കിയെയും തെറ്റിക്കാനുള്ള മാർഗമായാണ് ഇതിനെ ചിലർ കാണുന്നതെന്നാണ് മുഹമ്മദ് ബിൻ സൽമാൻ പറയുന്നത്. വേദനാജനകമായ ഈ സംഭവത്തെ സൗദിക്കും തുർക്കിക്കുമിടയിൽ അകൽച്ച കൂട്ടാനായി ചിലർ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, അത് സൽമാൻ ബിൻ അബ്ദുളസീസ് രാജാവ് ഉള്ളിടത്തോളം നടക്കില്ല. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് ഇരുരാജ്യങ്ങളും യോജിച്ചുള്ള അന്വേഷണവും സഹകരണവും വഴിതെളിക്കുമെന്നും രാജകുമാരൻ പറഞ്ഞു.
എന്നാൽ, സൗദി രാജകുമാരനെതിരേ ശക്തമായ ആരോപണമാണ് ഖഷോഗിയുടെ കൊലപാതകത്തിൽ തുർക്കി ഉന്നയിക്കുന്നത്. മുഹമ്മദ് ബിൻ സൽമാന്റെ കൈകളിൽനിന്ന് ഖഷോഗിയുടെ രക്തം ഒരിക്കലും മായില്ലെന്ന് തുർക്കി പ്രസിഡന്റ് ഉർദുഗന്റെ മുഖ്യ ഉപദേഷ്ടാവ് ഇൽനർ സെവിക് പറഞ്ഞു. ഉർദുഗനുമായി നേരിട്ട് ബന്ധമുള്ള ഒരാളിൽനിന്ന് ഈ സംഭവത്തെക്കുറിച്ചുവരുന്ന ആദ്യ പ്രതികരണംകൂടിയാണിത്. തുടക്കം മുതൽ സൗദിയെ പ്രതിസ്ഥാനത്തുകണ്ടിരുന്ന രാജ്യമാണ് തുർക്കി.
മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് ഖഷോഗിയുടെ കൊലപാതകമെന്ന് ഉർദുഗൻ അഭിപ്രായപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച കൂടുതൽ തെളിവുകൾ പാർലമെന്റിൽ വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനിടെ, ഖഷോഗിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിന് ഇസ്താംബുളിലെ സൗദി എംബസ്സിക്കുള്ളിൽ പരിശോധന നടത്താൻ തുർക്കി പൊലീസിന് സൗദി അനുമതി നൽകി. നയതന്ത്ര കാര്യാലയമായതിനാൽ, സൗദിയുടെ അനുമതികൂടാതെ ഇവിടെ പരിശോധിക്കാൻ തുർക്കിക്കാവില്ല.
നേരത്തെ ഇതിനുള്ള അനുമതി തുർക്കി നൽകിയിരുന്നില്ല. കൊലപാതകം സ്ഥിരീകരിക്കേണ്ടിവന്നതും അതിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ യോജിച്ച് പ്രവർത്തിക്കുമെന്ന് സഹകരിച്ചതുമാണ് ഇപ്പോൾ തീരുമാനം മാറ്റാൻ കാരണം.
കടുത്ത നടപടിയുമായി അമേരിക്ക
ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 21 മുതിർന്ന സൗദി ഉദ്യോഗസ്ഥരുടെ വീസ യുഎസ് റദ്ദാക്കി. ഖഷോഗി കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് സൗദിക്കെതിരെ സ്വീകരിക്കുന്ന ആദ്യ നടപടിയാണിത്.അതിനിടെ, സുൽത്താൻഗസി ജില്ലയിലെ പാർക്കിങ് സ്ഥലത്തു കണ്ട സൗദി കോൺസുലേറ്റിന്റെ ഉപേക്ഷിക്കപ്പെട്ട കാറിൽനിന്ന് ഖഷോഗിയുടേതെന്നു സംശയിക്കുന്ന 2 സ്യൂട്കെയ്സുകളും കംപ്യൂട്ടറും ലഭിച്ചു. ഖഷോഗി കോൺസുലേറ്റിലേക്കു കയറിപ്പോകുന്ന ദൃശ്യങ്ങളിൽ അദ്ദേഹത്തിന്റെ കൈവശം ഒന്നുമുണ്ടായിരുന്നില്ലെന്നതു ദുരൂഹത വർധിപ്പിക്കുന്നു.
സൗദി അറേബ്യ ഏറ്റവും അടുത്ത സഖ്യകക്ഷിയാണെന്ന് ആവർത്തിക്കുമ്പോഴും ശക്തമായ വിമർശനമാണ് ഇന്നലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയത്. 'സൗദിയുടെ തീരുമാനം തെറ്റായിരുന്നു. അതു മോശമായി നടപ്പാക്കിയശേഷം അതിനീചമായ മൂടിവയ്ക്കലാണു നടത്തിയത്'- വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു. ഈ ആശയം ആരുടെ തലയിലുദിച്ചതാണെങ്കിലും അവർ കുഴപ്പത്തിലാണെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഖഷോഗിയുടെ കൊലപാതകത്തിൽ ഉൾപ്പെട്ട ചിലരെ യുഎസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 21 പേരുടെ വീസ റദ്ദാക്കിയെന്നും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വെളിപ്പെടുത്തി.
കൊലപാതകത്തെപ്പറ്റി സൗദി ഭരണാധികാരി സൽമാൻ രാജാവിനു മുന്നറിവുണ്ടായിരുന്നതായി കരുതുന്നില്ലെന്നു ട്രംപ് പ്രമുഖ യുഎസ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ, ഇതേക്കുറിച്ചു കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അറിയേണ്ടതാണ്. താഴെത്തട്ടിൽ നടന്ന സംഭവത്തിൽ തനിക്ക് പങ്കില്ലെന്നു അദ്ദേഹം പറഞ്ഞതായും പ്രസിഡന്റ് വെളിപ്പെടുത്തി.
അതേസമയം, അമേരിക്കയുടെ സംരക്ഷണമില്ലാതെ ഖഷോഗിയെ കൊലപ്പെടുത്താൻ സൗദി ധൈര്യപ്പെടില്ലെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പ്രതികരിച്ചു. നിഷ്ഠുരമായ കൊല നടത്തിയവരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് തുർക്കി പ്രസിഡ് തയ്യിപ് എർദോഗൻ ആവർത്തിച്ചു. 'ഒന്നും മൂടിവയ്ക്കാമെന്നു കരുതേണ്ട. കൊലയ്ക്ക് ഉത്തരവിട്ടവരും അതു നടപ്പാക്കിയവരും അടക്കം രക്ഷപ്പെടില്ല.' കൂടുതൽ തെളിവുകൾ ലഭ്യമാകുന്നതോടെ സംഭവത്തിന്റെ ചുരുളഴിയുമെന്നും അദ്ദേഹം പറഞ്ഞു.