പാക്കിസ്ഥാൻ ലോകത്തിന് ഉയർത്തുന്ന ഭീകരവാദ ഭീഷണി ഉയർത്തിക്കാട്ടി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ പുതിയ പഠന റിപ്പോർട്ട് പുറത്ത് വന്നു. ഇത് പ്രകാരം സിറിയയല്ല മറിച്ച് പാക്കിസ്ഥാനാണ് ലോകത്തിനേറ്റവും ഭീഷണിയെന്നാണ് ഈ പഠനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. സിറിയയിൽ നടക്കുന്നതിന്റെ മൂന്നിരട്ടി ഭീകര പരിശീലനം നടക്കുന്നത് പാക്കിസ്ഥാനിലാണെന്നും താലിബാൻ കഴിഞ്ഞാൽ ഏറ്റവും വലിയ ഭീകര സംഘടന കാശ്മീരിലെ ലെഷ്‌കർ ഇ തോയിബയാണെന്നും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പേകുന്നു. ദീർഘകാലമായി ഇന്ത്യ പാക്കിസ്ഥാനെതിരെ അന്താരാഷ്ട്ര വേദികളിൽ ഉന്നയിച്ച് കൊണ്ടിരിക്കുന്ന ആരോപണങ്ങളാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോർട്ട് ഉയർത്തിക്കാട്ടിയിരിക്കുന്നത്.

'ഹ്യൂമാനിറ്റി അറ്റ് റിസ്‌ക്-ഗ്ലോബൽ ടെറർ ത്രെട്ട് ഇൻഡിക്കേറ്റ്' അഥവാ ജിടിടി എന്ന ശീർഷകത്തിൽ ഓക്സ്ഫോർഡ് നടത്തിയ പഠനത്തിലാണ് പാക്കിസ്ഥാനെ ഏറ്റവും അപകടകാരിയായ ഭീകര രാജ്യമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ആൻഡ് സ്ട്രാറ്റജിക് ഫോർസൈറ്റ് ഗ്രൂപ്പ് (എസ്എഫ്ജി) ആണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഭീകരുടെ സുരക്ഷിത സ്ഥാനങ്ങളുടെയും ഭീകരുടെ ബേസുകളുടെയും കാര്യത്തിൽ പാക്കിസ്ഥാൻ ഏറ്റവും മുന്നിലാണെന്നാണ് ഈ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. പാക്കിസ്ഥാനിൽ ശക്തമായ അഫ്ഗാൻ താലിബാൻ, ലഷ്‌കർ-ഇ-തോയിബ എന്നിവ അന്താരാഷ്ട്ര സുരക്ഷിതത്വത്തിന് തന്നെ കടുത്ത ഭീഷണിയാണെന്നും ഈ പഠനം മുന്നറിയിപ്പേകുന്നു.

ആഗോള ഭീകരവാദത്തിന്റെ ഈറ്റില്ലമായി പാക്കിസ്ഥാൻ വർത്തിക്കുന്നുവെന്നും സിറിയയിലെ ഭീകരതയുമായി താരതമ്യപ്പെടുത്തുമ്പോൾ പാക്ക് ഭീകരത മനുഷ്യകുലത്തിന് മൂന്നിരട്ടി ഭീഷണിയുയർത്തുന്നുവെന്നും ജിടിടിഐ റിപ്പോർട്ട് മുന്നറിയിപ്പേകുന്നു. ഏറ്റവും അപകടകാരികളായ ടെററിസ്റ്റ് ഗ്രൂപ്പുകളിൽ ഭൂരിഭാഗത്തിനും പാക്കിസ്ഥാൻ ആതിഥേയത്വമോ അല്ലെങ്കിൽ സഹായമോ നൽകുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നുവെന്നും ഈ പഠനം എടുത്ത് കാട്ടുന്നു. കൂടാതെ അഫ്ഗാനിസ്ഥാനും ഇക്കാര്യത്തിൽ ഒട്ടും പുറകിലല്ലെന്നും ഈ ഗവേഷണത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാന്റെ പിന്തുണയോടെയാണ് അഫ്ഗാൻ ഭീകരസംഘടനളും പ്രവർത്തിക്കുന്നത്.

ഫെഡറലി അഡ്‌മിനിസ്ട്രേഡ് ട്രൈബൽ ഏരിയാസ് (എഫ്എടിഎ), ഖൈബർ പഖ്ടൻഖ്വാഹ്,പാക്ക് അധീന കാശ്മീർ, ക്യൂട്ട, കലാറ്റ്(ബലൂചിസ്ഥാൻ),പഞ്ചാബ്, സിന്ധ് എന്നിവിടങ്ങളിലാണ് പാക്കിസ്ഥാനിലെ ഭീകരസംഘടനകൾ തമ്പടിച്ചിരിക്കുന്നതെന്നും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പഠനം വെളിപ്പെടുത്തുന്നു.ഇവർക്ക് പാക്കിസ്ഥാനിലെ ലോ എൻഫോഴ്സ്മെന്റ് ഏജൻസികളുടെ ഒത്താശയുണ്ടെന്നും ഇതിനാൽ ഇവർക്ക് കടുത്ത ആക്രമണങ്ങൾ വ്യാപകമായി അനായാസം നടത്താനാവുന്നുവെന്നും എളുപ്പത്തിൽ ഫണ്ട് നേടാൻ സാധിക്കുന്നുവെന്നും ജിടിടിഐ റിപ്പോർട്ട് മുന്നറിയിപ്പേകുന്നു.ഈ പഠനം പുറത്ത് വന്നതോടെ പാക്കിസ്ഥാനെതിരെ ഇന്ത്യ കാലകാലങ്ങളായി ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്ന ആരോപണങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയേറിയിട്ടുണ്ട്.