ന്യൂയോർക്ക്: സൗദി അറേബ്യ ശ്വാസംമുട്ടിച്ചുകൊന്ന 'അറബ് വസന്ത'ത്തിൽ പ്രതീക്ഷയർപ്പിച്ചിരുന്ന അനേകരിൽ ഒരാളായിരുന്നു ജമാൽ ഖഷോഗി. ഖഷോഗിയുടെ മരണം സൗദിയെ ഏറെ വെട്ടിലാക്കിയിരുന്നു. അമേരിക്ക അടക്കമുള്ളവർ സൗദിയെ വിമർശിച്ചു. സൽമാൻ രാജകുമാരന് നേരെ അന്തർദേശീയ പ്രതിഷേധം ഉയരാതെ നോക്കാനായത് മാത്രമാണ് ഇക്കാര്യത്തിൽ സൗദിക്ക് ആശ്വാസമായത്. അതിനിടെ സൗദിയിൽനിന്നു 3 വർഷം മുൻപു യുഎസിലേക്കു കുടിയേറിയ സഹോദരിമാരുടെ ദുരൂഹമരണം ചർച്ചയാവുകയാണ്.

സൗദി സഹോദരിമാരുടെ മരണം കൊലപാതകമോ ആത്മഹത്യയോ എന്നു സ്ഥിരീകരിക്കാനാകാതെ പൊലീസും വലയുകയാണ്. സാഹചര്യങ്ങളാണ് ഇതിന് കാരണം. വെർജീനിയയിലെ ഫെയർഫാക്‌സിൽ താമസിച്ചിരുന്ന താല ഫാരിയ(16), റൊതാന ഫാരിയ (22) എന്നിവരുടെ മൃതദേഹങ്ങളാണു 400 കിലോമീറ്റർ അകലെ ന്യൂയോർക്കിലെ ഹഡ്‌സൺ നദിയിൽ കഴിഞ്ഞ 24നു കണ്ടെത്തിയത്. അരക്കെട്ടും ചെരിപ്പുകളും കൂട്ടിക്കെട്ടി ടേപ്പ് ഒട്ടിച്ചിരുന്നു. ഈ കുട്ടികളുടെ മരണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതിനിടെയാണ് അന്താരാഷ്ട്ര ഗൂഢാലോചന ആരോപിക്കുന്നതും.

യുഎസിൽ രാഷ്ട്രീയ അഭയം അഭ്യർത്ഥിച്ച് ഇരുവരും അടുത്തിടെ അപേക്ഷ നൽകിയിരുന്നു. പെൺകുട്ടികളുടെ മൃതദേഹം കിട്ടിയതിനു തലേന്ന്, കുടുംബത്തോടു നാട്ടിലേക്കു തിരികെപ്പോകാനാവശ്യപ്പെട്ടു സൗദി എംബസിയിൽനിന്നു ഫോൺ വിളിയെത്തിയിരുന്നതായി കുട്ടികളുടെ അമ്മ പറയുന്നു. ഇതാണ് സംശയത്തിന് കാരണം. രാഷ്ട്രീയ അഭയം തേടി അമേരിക്കയെ സമീപിച്ചത് പ്രകോപനമുണ്ടാക്കിയോ എന്നതാണ് ഉയരുന്ന ചോദ്യം. ഫെയർഫാക്‌സിലെ അഭയകേന്ദ്രത്തിൽനിന്ന് ഓഗസ്റ്റ് 24 മുതൽ മക്കളെ കാണാതായിരുന്നതായും വെളിപ്പെടുത്തി. ഇതിനുശേഷമുള്ള 2 മാസം സഹോദരിമാർക്ക് എന്തു സംഭവിച്ചെന്നാണു പൊലീസ് അന്വേഷിക്കുന്നത്. ഇവരുടെ സഹോദരൻ വാഷിങ്ടനിലുണ്ട്.

പെൺകുട്ടികൾ അമേരിക്കയിൽ രാഷ്ട്രീയ അഭയം തേടിയതു കൊണ്ടാണ് കുടുംബത്തോടെ നാട്ടിലേക്ക് മടങ്ങാൻ സൗദി ആവശ്യപ്പെട്ടത്. ഇതാണ് സംശയങ്ങൾക്ക് കാരണമാകുന്നത്. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. സഹോദരിമാർ പാലത്തിൽ നിന്ന് നദിയിലേക്ക് ചാടാനുള്ള സാധ്യതയാണ് ഇവർ സംശയിക്കുന്നത്. മൃതദേഹത്തിൽ മുറിവുകളില്ലാത്തതാണ് ഇതിന് കാരണം.