ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്നുള്ള കുടിയേറ്റം അനിയന്ത്രിതമായതോടെയാണ് ബ്രിട്ടൻ ബ്രെക്‌സിറ്റിലേക്ക് കടന്നത്. യൂറോപ്യൻ യൂണിയനകത്തെ രാജ്യങ്ങളിലെ പൗരന്മാർക്ക് യൂണിയനലിലെ ഏതുരാജ്യത്തേക്ക് കുടിയേറാനും ജോലിചെയ്യാനുമുള്ള സ്വാതന്ത്ര്യം വന്നതോടെ, അതിന്റെ തിക്തഫലം ഏറ്റവും കൂടുതൽ നേരിടേണ്ടിവന്നത് ബ്രിട്ടനാണ്. ഇതോടെയാണ് രാജ്യം ഹിതപരിശോധനയിലേക്ക് കടന്നതും കുടിയേറ്റം നിയന്ത്രിക്കാൻ ഹിതപരിശോധന നടത്തി ബ്രെക്‌സിറ്റ് തീരുമാനം പ്രഖ്യാപിച്ചതും.

അന്നത്തെ ബ്രെക്‌സിറ്റ് പക്ഷപാതികൾ ഉന്നയിച്ച കാര്യങ്ങൾ ശരിവെക്കുന്നതാണ് നാണഷൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട പോപ്പുലേഷൻ സർവേ. പത്തുവർഷം കൊണ്ട് ബ്രിട്ടനിലെത്തിയ യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ എണ്ണം ഇരട്ടിയിലധികം വർധിച്ചുവെന്ന് ഈ കണക്കുകൾ പറയുന്നു. 2007-ൽ 16 ലക്ഷമായിരുന്നു ബ്രിട്ടനിലുള്ള യൂറോപ്യന്മാരുടെ എണ്ണം. എന്നാൽ, 2017-ൽ അത് 38 ലക്ഷമായി വർധിച്ചു. യൂറോപ്യൻ യൂണിയൻ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി വികസിച്ചതും സഞ്ചാരസ്വാതന്ത്ര്യം നിലവിൽ വന്നതുമാണ് ഇതിന് കാരണം.

കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽനിന്നാണ് വൻതോതിൽ ഇക്കാലയളവിൽ കുടിയേറ്റമുണ്ടായത്. പോളണ്ടിൽനിന്നും റുമാനിയയിൽനിന്നുമൊക്കെ വലിയ തോതിൽ ജനങ്ങൾ ഒഴുകിയെത്തി. ഇന്ത്യക്കാരും പാക്കിസ്ഥാൻകാരുമടക്കം ഏഷ്യൻ വംശജരായിരുന്നു ബ്രിട്ടനിലെ കുടിയേറ്റക്കാരിലേറെയും. അവരുടെ സ്ഥാനത്തേക്് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നുള്ളവർ കടന്നുവരുന്നതിനാണ് കഴിഞ്ഞ പതിറ്റാണ്ട് സാക്ഷ്യം വഹിച്ചത്.

ജനന നിരക്ക് മരണനിരക്കിനേക്കാൾ കൂടിയതും ബ്രിട്ടൻ വിട്ട് പുറത്തേക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞതുമൊക്കെ ജനസംഖ്യ വർധിക്കുന്നതിൽ കാരണമായിട്ടുണ്ട്. കഴിഞ്ഞ 140 വർഷത്തിനിടെ, ബ്രിട്ടനിലെ ജനസംഖ്യ ഇരട്ടിയിലധികമായതായി നാഷണൽ സ്റ്റാറ്റിക്‌സറ്റിക്‌സ് ഓഫീസിലെ സെന്റർ ഫോർ എയ്ജിങ് ആൻഡ് ഡെമോഗ്രാഫിയിലെ സാറ കോട്‌സ് പറയുന്നു. 2017-ലെ ജനസംഖ്യ 6.6 കോടിയാണ്. 2041 ആകുമ്പോഴേക്കും അത് 7.3 കോടിയായി വർധിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.

നെറ്റ് ഇമിഗ്രേഷൻ ഒരുലക്ഷമായി നിയന്ത്രിക്കണമെന്നതാണ് ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനൊപ്പം സർക്കാർ ലക്ഷ്യമിട്ട കാര്യം. ബ്രിട്ടനിലേക്ക് വരുന്നവരും ബ്രിട്ടനിൽനിന്ന് പോകുന്നവരുടെയും എണ്ണത്തിലുള്ള വ്യത്യാസമാണ് നെറ്റ് ഇമിഗ്രേഷൻ. 2017-ലെ കണക്കനുസരിച്ച് നെറ്റ് ഇമിഗ്രേഷൻ 2,82,000 ആണ്. അതായത്, ബ്രിട്ടനിലേക്ക് ഏകദേശം 6,31,000 പേർ കുടിയേറിയപ്പോൾ, ബ്രിട്ടൻ വിട്ടുപോയത് 3,49,000 പേർ മാത്രം. ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടനിലേക്ക് വരുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എങ്കിലും ഇപ്പോൾ വർഷം 87,000 പേർവീതമെത്തുന്നുണ്ടെന്ന് കണക്കാക്കുന്നു.

വർധിക്കുന്നതിനൊപ്പം ജനങ്ങൾക്ക് പ്രായാധിക്യം ബാധിക്കുന്നതും ബ്രിട്ടീഷ് ജനസംഖ്യയെ ബാധിക്കുന്നുണ്ട്. അടുത്ത 50 വർഷത്തിനിടെ ബ്രിട്ടനിലെ ജനസംഖ്യയിൽ 25 ശതമാനത്തിലധികവും 65 വയസ്സ് പിന്നിട്ടവരായിരിക്കുമെന്നും കണക്കാക്കുന്നു.