ന്ത്യയിലെ സാമ്പത്തിക ഇടപാടുകളെല്ലാം ഡിജിറ്റലാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്ര സർക്കാർ മുന്നേറുന്നത്. ആ ലക്ഷ്യം അകലെയല്ലെന്ന് തെളിയിക്കുകയാണ് ഇന്ത്യയിലെ കുതിച്ചുകയറുന്ന ഡെബിറ്റ് കാർഡുകളുടെ എണ്ണം തെളിയിക്കുന്നത്. നൂറു കോടി ഡെബിറ്റ് കാർഡുകളെന്ന ലക്ഷ്യം അതിവേഗം ഇന്ത്യ കൈവരിക്കുമെന്നാണ് പ്രതീക്ഷ. പത്തുവർഷം മുമ്പ് ഇന്ത്യയിലെ ഡെബിറ്റ് കാർഡുടമകളുടെ എണ്ണം വെറും 8.4 കോടി മാത്രമായിരുന്നുവെന്ന് കണക്കാക്കണം.

കഴിഞ്ഞ നാലുവർഷത്തിനിടെ, ഡെബിറ്റ് കാർഡുകളുടെ എണ്ണത്തിൽ ഇരട്ടിയോളം വർധനയുണ്ടായതായാണ് കണക്കാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയും ജൻ ധൻ അക്കൗണ്ടുകളും സബ്‌സിഡികൾ ബാങ്ക അക്കൗണ്ടിലേക്കാക്കിയതുമൊക്കെ ഡെബിറ്റ് കാർഡ് ഉപയോക്താക്കളുടെ എണ്ണം വർധിക്കുന്നതിന് കാരണമായി.

ജൻ ധൻ അക്കൗണ്ടുകൾക്കൊപ്പം ആവിർഭവിച്ച റൂപേ കാർഡുകളാണ് ഈ രംഗത്ത് വിപ്ലവം കൊണ്ടുവന്നത്. 2012-ൽ കൊണ്ടുവന്ന റൂപേ കാർഡുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം 56 കോടിയോളം വരും. രണ്ടുവർഷത്തിനിടെ റൂപേ കാർഡുകളുടെ എണ്ണത്തിലും ഇരട്ടിയിലധികം വർധനവുണ്ടായി. രണ്ടുവർഷം മുമ്പ് റൂപേ കാർഡുകൾ ഉപയോഗിച്ചിരുന്നത് 23 കോടിയോളം പേർ മാത്രമായിരുന്നു.

ഡെബിറ്റ് കാർഡുകളുടെ എണ്ണത്തിനൊപ്പം ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളും വൻതോതിൽ വർധിച്ചു. 2013 ഓഗസ്റ്റിൽ 160 കോടി രൂപയ്ക്കുള്ള 60 കോടി ഇടപാടുകളാണ് നടന്നതെങ്കിൽ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഡെബിറ്റ് കാർഡുകളിലൂടെ നടന്ന ഇടപാടുകളുടെ എണ്ണം 116 കോടി കവിഞ്ഞു. ഇതിലൂടെ കൈമാറിയ പണം 3.24 ലക്ഷം കോടി രൂപയുടേതും.

ഇന്ത്യയിലെ സാധാരണക്കാർപോലും ഡെബിറ്റ് കാർഡുകളുടെ ഉപയോഗത്തിൽ സ്വയംപര്യാപ്തരായതായി ബാങ്കുകൾ പറയുന്നു. ഡെബിറ്റ് കാർഡുകളുടെ പിൻ നമ്പറുകൾ രഹസ്യമായി സൂക്ഷിക്കണമെന്നതും ഡെബിറ്റ് കാർഡ് ഉടമകൾക്ക് ആക്‌സിഡന്റ് പോളിസി ഉൾ്പപെടെയുള്ള ആനുകൂല്യങ്ങളെക്കുറിച്ചുമൊക്കെ അവർ ബോധവാന്മാരാണ്. സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചും സബ്‌സിഡിയടക്കമുള്ള ആനുകൂല്യങ്ങളെക്കുറിച്ചും അവർക്ക് വ്യക്തമായ ധാരണയുണ്ട്.

ഡെബിറ്റ് കാർഡിന്റെ ഉപയോഗരീതിയിലും മാറ്റം വന്നിട്ടുണ്ട്. മുമ്പ് എ.ടി.എ്മ്മുകളിൽനിന്ന് പണമെടുത്തശേഷം അത് കടകളിൽക്കൊണ്ടുപോയി ചെലവാക്കുന്നതായിരുന്നു ശീലമെങ്കിൽ ഇപ്പോൾ ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം വർധിച്ചു. 2013 ഓഗസ്റ്റിൽ 85 ശതമാനം ഡെബിറ്റ് കാർഡുടമകളും എടിഎമ്മുകളിൽനിന്ന് പണം പിൻവലിക്കുകയായിരുന്നുവെങ്കിൽ, ഇക്കഴിഞ്ഞ ഓഗസ്റ്റിൽ അവരുടെ എണ്ണം 69 ശതമാനമായി കുറഞ്ഞു. അതേസമയം, കാർഡുപയോഗിച്ച് സാധനം വാങ്ങുന്നവരുടെ എണ്ണം 31 ശതമാനം വർധിക്കുകയും ചെയ്തു.