വംബറിലെ അഞ്ചാം തീയതി ബ്രിട്ടീഷുകാർക്ക് തീകൊണ്ടുള്ള കളിയുടെ ദിവസമാണ്. കോലം കത്തിച്ചും തീകൂട്ടിയും അവർ ബോൺഫയർ നൈറ്റ് ആഘോഷിക്കുന്നു. 1605-ലെ പാളിപ്പോയ അട്ടിമറിയുടെ സ്മരണയ്ക്കായാണ് ബോൺഫയർ ആഘോഷിക്കാൻ തുടങ്ങിയത്. ഗയ്‌സ് ഫോക്‌സ് നൈറ്റും എന്നറിയപ്പെടുന്ന ആഘോഷത്തിന് ഇക്കുറി രാഷ്ട്രീയസ്വഭാവം കൂടിയുണ്ടായിരുന്നു. പ്രധാനമന്ത്രി തെരേസ മേയുടെയും മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസന്റെയുമുൾപ്പെടെ കോലങ്ങൾ ആഘോഷങ്ങൾക്കിടെ എരിഞ്ഞുചാമ്പലായി.

പന്തം കൊളുത്തി പ്രകടനത്തിന്റെയും വെടിക്കെട്ടിന്റെയുമൊക്കെ അകമ്പടിയോടുകൂടിയ ഘോഷയാത്രയും കൂറ്റൻ കോലങ്ങളുമൊക്കെയാണ് ബോൺഫയർ രാത്രിയുടെ പ്രത്യേകതകൾ. മുമ്പും രാഷ്ട്രീയ നേതാക്കളുടെ കോലങ്ൾ ബോൺഫയറിൽ കത്തിച്ചിരുന്നു. നിഗൽ ഫരാജിന്റെയും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും കോലങ്ങൾ മുൻവർഷങ്ങളിൽ കത്തിച്ചിരുന്നു. ഇക്കുറി ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട പ്രമേയമാണ് കോലങ്ങളുടെ രൂപത്തിൽ വന്നതെന്നത് ശ്രദ്ധേയമായി.

മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസന്റെ അറുത്തെടുത്ത തല കൈയിൽ പിടിച്ചുകൊണ്ട് അട്ടഹസിക്കുന്ന തെരേസ മേയായിരുന്നു ഒരുകോലം. മറ്റൊന്ന് ബ്രെക്‌സിറ്റെന്ന ബസ് ഓടിച്ചുകൊണ്ട് പോകുന്ന തെരേസയും. ബസിന്റെ പിൻഭാഗത്ത് ബ്രെക്‌സിറ്റ് അനുകൂല നിലപാടെടുത്ത എംപി ജേക്കബ് റീസ മോഗ് പിടിച്ചുകൊണ്ടുനിൽക്കുന്നതുമായിരുന്നു മറ്റൊന്ന്. ഈസ്റ്റ് സസക്‌സിൽ നടക്കുന്ന ബോൺഫയർ ആഘോഷങ്ൾ എല്ലാവർവും ഒട്ടേറെ സഞ്ചാരികളെ ആകർഷിക്കാറുണ്ട്. ഇക്കൊല്ലം ഒരുലക്ഷത്തോളം പേരെത്തിയെന്നാണ് കണക്ക്.

ലൂയിസ് ബോറോ ബോൺഫയർ സൊസൈറ്റിയാണ് ഘോഷയാത്രയുടെ സംഘാടകർ. ലൂയിസ് ബോറോ അനുഭവിക്കുന്ന യാത്രക്ലേശങ്ങൾ വ്യക്തമാക്കുന്നതിനുള്ള ലൂയിസ് ഘോസ്റ്റ് ട്രെയിൻ എന്ന ടാബ്ലോയും സൊസൈറ്റി തയ്യാറാക്കിയിരുന്നു. സതേൺ റെയിൽവേയും അതിന്റെ മാതൃസ്ഥാപനമായ ഗോവിയ തെയിംസ്‌ലിങ്കും ലൂയിസ് ബോറോയോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരായ പ്രതിഷേധമായിരുന്നു ആവിയിൽ ഓടുന്ന എൻജിന്റെ രൂപത്തിലൂടെ സംഘാടകർ പ്രകടിപ്പിച്ചത്.

1605-ൽ പാർലമെന്റിന് തീയിടുകയെന്ന ഉദ്ദേശത്തോടെ നടന്ന അട്ടിമറി ശ്രമത്തിന്റെ ഓർമയിലാണ് ഗയ് ഫോക്‌സ് നൈറ്റ് ആഘോഷിക്കപ്പെടുന്നത്. പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരനായിരുന്ന ജെയിംസ് ഒന്നാമൻ രാജാവിനെ വധിച്ച് ആ സ്ഥാനത്ത് ഒരു കത്തോലിക്കാ വിഭാഗക്കാരനെ അവരോധിക്കാനായാണ് അട്ടിമറി ശ്രമം നടത്തിയത്. കത്തോലിക്കാ സംഘത്തിന്റെ നേതാവായിരുന്ന ഗയ് ഫോക്‌സ് എന്നയാളുടെ പേരിലാണ് ഈ അട്ടിമറി ശ്രമം അറിയപ്പെടുന്നത്. റോബർട്ട് കാറ്റസ്ബി പ്രഭുവായിരുന്നു ഇതിന്റെ സൂത്രധാരനെന്നും ചരിത്രം പറയുന്നു.

പ്രൊട്ടസ്റ്റന്റ് ഡച്ചും കത്തോലിക്കാ സ്‌പെയിനുമായി നടന്ന 'എൺപതാണ്ട് യുദ്ധ'ത്തിൽ പങ്കെടുത്തിട്ടുള്ള ഗയ് ഫോക്‌സിന് വെടിക്കോപ്പുകളെക്കുറിച്ചും വെടിമരുന്നിന്റെ ഉപയോഗത്തെക്കുറിച്ചും നല്ല ധാരണയുണ്ടായിരുന്നു. കാറ്റസ്ബിയും ഫോക്‌സും വിൻടൂർ, തോമസ് പേഴ്‌സി എന്നിവരും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായി 1605 മാർച്ചിൽ അട്ടിമറിക്ക് കോപ്പുകൂട്ടി. വെസ്്റ്റ്മിൻസ്റ്റർ കൊട്ടാരത്തിന്റെ താഴേത്തട്ടിലുള്ള ഒരു സ്റ്റോർറൂം വാടകയ്‌ക്കെടുത്ത ഈ സംഘം അവിടേക്ക് 36 ബാരൽ വെടിമരുന്ന് എത്തിച്ചു. നവംബർ അഞ്ചിന് അട്ടിമറി നടത്താനായിരുന്നു പരിപാടി.

എന്നാൽ, ഒക്ടോബർ അവസാനം ലോർഡ് മോൺടീഗലിന് ലഭിച്ച ഊമക്കത്തിൽനിന്ന് വിവരം ചോർന്നു. സുരക്ഷയെക്കരുതി പാർലമെന്റിൽ പങ്കെടുക്കരുതെന്നായിരുന്നു കത്തിലെ ഉള്ളടക്കം. മോണ്ടീഗൽ ഈ കത്ത് രാജാവിന്റെ ചാരപ്പടയുടെ നേതാവ് റോബർട്ട് സെസിലിന് കൈമാറി. നവംബർ അഞ്ചിന് രാത്രി ഗയ് ഫോക്‌സിനെ സൈന്യം പിടികൂടി. വെടിമരുന്നും അത് കത്തിക്കാനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. രണ്ടുദിവസം നീണ്ട കൊടിയ പീഡനങ്ങൾക്കൊടുവിൽ ഗയ് ഫോക്‌സ് കുറ്റമേറ്റുപറഞ്ഞു. ഗയ് ഫോക്‌സിനെ തൂക്കിക്കൊല്ലാൻ രാജാവ് വിധിച്ചു.

1606 ജനുവരിയിൽ ശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാൽ, അതിനുമുമ്പ് കഴുത്തിൽ കുരുക്കിട്ട് ജനാലവഴി ചാടി ഗയ് ഫോക്‌സ് ജീവനൊടുക്കി. പരാജയപ്പെട്ട അട്ടിമറിയിലൂടെ ഗയ് ഫോക്‌സിന്റെ ഓർമ പുതുക്കാൻകൂടി വേണ്ടിയാണ് ബോൺഫയർദിനം ബ്രിട്ടീഷുകാർ ഇപ്പോഴും ആഘോഷിക്കുന്നത്.