ഡൽഹി: ഇന്ത്യയെ വളയാൻ വന്ന ചൈനയെ നേരിടാൻ എട്ടിന്റെ പണിയൊരുക്കി ഇന്ത്യ. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങളെയും അതിനോട് ചേർന്ന് കിടക്കുന്ന രാജ്യങ്ങളേയും കൂട്ടിയിണക്കി ഇന്ത്യയെ വളയാനുള്ള ചൈനയുടെ 'സ്ട്രിങ് ഓഫ് പേൾസ്' പദ്ധതിയെ പ്രതിരോധിക്കാൻ ഇന്ത്യ ഡയമണ്ട് നെക് ലേസ് എന്ന പേരിൽ പദ്ധതി രൂപപ്പെടുത്തുന്നതായിട്ടാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചൈനീസ് സാന്നിധ്യം വർധിക്കുന്നതിൽ അപകടം മനസ്സിലാക്കിയാണ് ചൈനയെ വളയാൻ ഇന്ത്യ പുതിയ പദ്ധതിക്ക് രൂപം കൊടുക്കുന്നത്. ഇപ്പോൾ ചൈന ഏറെ ഭയപ്പെടുന്നതും ഇന്ത്യയുടെ ഈ നീക്കങ്ങളെയാണെന്നാണ് യൂറേഷ്യൻ ടൈംസിന്റെ വിശകലനത്തിൽ പറയുന്നത്.

സീഷെൽസ്, ഒമാൻ, ഇറാൻ, ഇൻഡൊനീഷ്യ, സിങ്കപ്പുർ, വിയറ്റ്‌നാം, ജപ്പാൻ, മംഗോളിയ എന്നിവിടങ്ങളിൽ കൂടി ചൈനയെ പതിയെ പതിയെ ഇന്ത്യ വളഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് യുറേഷൻ ടൈംസ് പറയുന്നത്. സിങ്കപ്പൂർ, ഇൻഡൊനീഷ്യ,ഒമാൻ എന്നീ രാജ്യങ്ങളിലെ തന്ത്രപ്രധാനമായ നാവിക താവളങ്ങളിൽ ഇന്ത്യൻ നാവിക സേനയ്ക്ക് ഇപ്പോൾ പ്രവേശിക്കാനാകും. ഇതുവഴി മലാക്കാ കടലിടുക്കുവഴിയുള്ള ചൈനീസ് കപ്പലുകളുടെയും അന്തർവാഹിനികലുടെയും സഞ്ചാരം ഇന്ത്യയ്ക്ക് നിരീക്ഷിക്കാൻ സാധിക്കും. ഒമാനിലെ ദുഃഖാം വഴി ജിബൂട്ടിയിലെയും പാക്കിസ്ഥാനിലെ ഗദ്വാർ തുറമുകത്തിലെയും ചൈനീസ് നീക്കങ്ങൾ ഇന്ത്യയ്ക്ക് നിരീക്ഷിക്കാനാകും.

വിയറ്റ്‌നാമുമായി സഹകരിച്ചതോടെ ചൈന കുത്തകയാക്കി വെച്ചിരുന്ന ദക്ഷിണ ചൈനാ കടലിലേക്കും ഇന്ത്യൻ നാവിക സേനയ്ക്ക് പ്രവേശിക്കാനായി. ചൈനയുടെയും റഷ്യയുടെയും ഇടയിൽ ഒറ്റപ്പെട്ടിരുന്ന മംഗോളിയയെ സാമ്പത്തിക സഹായം നൽകി കൂടെ നിർത്താനുള്ള ഇന്ത്യൻ നീക്കങ്ങളും വിജയിക്കുമെന്നാണ് വിവരങ്ങൾ.ജപ്പാനുമായി തന്ത്രപ്രധാനമായ സഖ്യമാണ് ഇന്ത്യ വളർത്തിയെടുത്തിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ സാമ്പത്തിക- സൈനിക സഹകരണം ഇപ്പോൾ ദൃഢമാണ്.

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ സൈനികതലത്തിൽ 2 ഹോട്ട് ലൈനുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ 13 ,14 തീയതികളിൽ ചേരുന്ന പ്രതിരോധ സെക്രട്ടറിമാരുടെ യോഗം തീരുമാനമെടുക്കും. ഇന്ത്യ ചൈന അതിർത്തിയിലെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക പ്രതിനിധികളുടെ ചർച്ച 23 മുതൽ 3 ദിവസം നടക്കും.

രണ്ടു സൈനിക ആസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ഒരു ഹോട്ട് ലൈൻ. രണ്ടാമത്തെ ഹോട്ട്‌ ൈലൻ ചൈനീസ് സൈന്യത്തിന്റെ (പിഎൽഎ) പശ്ചിമ കമാൻഡിനെ ഇന്ത്യയുടെ ഒരു കമാൻഡറുമായി ബന്ധിപ്പിക്കും. ടിബറ്റും ഷിൻജിയാങും ഉൾപ്പെടെയുള്ള പ്രദേശത്തിന്റെ ചുമതല പിഎൽഎയുടെ പശ്ചിമ കമാൻഡിനാണ്. എന്നാൽ, ഇന്ത്യൻ സേനയിൽ വടക്ക്, മധ്യ, കിഴക്ക് കമാൻഡർമാർ മൂവരും ഈ മേഖലകളുടെ മേൽനോട്ടം വഹിക്കുന്നുണ്ട്. അവരിൽ ആരുമായാണ് ഹോട്ട്ലൈൻ ബന്ധം സ്ഥാപിക്കുകയെന്ന് തീരുമാനിച്ചിട്ടില്ല.

ഇതോടെ ആഗോള തലത്തിൽ ചൈനനടത്തുന്ന നീക്കങ്ങൾ ഏതാണ്ട് മിക്കതിലും ഇന്ത്യയുടെ കണ്ണുണ്ടാകുമെന്ന അവസ്ഥയിലെത്തിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇന്ത്യയുടെ നീക്കങ്ങളിൽ വിരണ്ട ചൈന ഇതിന് പ്രതിവിധിയായി പാക്കിസ്ഥാൻ, മ്യാന്മർ, തായ്‌ലന്റ് എന്നിവിടങ്ങളിൽ കൂടി ചരക്ക് നീക്കത്തിനും മറ്റും മറുപാത തെളിയിച്ചെങ്കിലും ഇന്ത്യയുടെ കണ്ണുവെട്ടിക്കാൻ സാധിക്കില്ല.

മംഗോളിയയുമായി ചങ്ങാത്തം കൂടിയ ഇന്ത്യയുടെ നടപടിയെ പലരും കൗതുകത്തോടെ നോക്കിയപ്പോൾ സംശയത്തോടെയാണ് ചൈന അതിനോട് പ്രതികരിച്ചത്. ഇന്ത്യയുടെ സഹായത്തോടെ നിർമ്മിക്കുന്ന മംഗോളിയയിലെ ആദ്യത്തെ എണ്ണ ശുദ്ധീകരണ ശാല 2022ൽ പൂർത്തിയാകുന്നതോടെ ഇന്ധന ആവശ്യത്തിന്റെ കാര്യത്തിൽ ആ രാജ്യം സ്വയംപര്യാപ്തമാകും. ഇവിടെ ഇത്തരത്തിലൊരു നീക്കം നടത്തിയതിന് പിന്നിൽ ഇന്ത്യയ്ക്ക് മറ്റ് ചില ആവശ്യങ്ങളുമുണ്ടെന്നാണ് യൂറേഷ്യൻ ടൈംസ് പറയുന്നത്. സീഷെൽസിലെ അസംപ്ഷൻ ദ്വീപിൽ നാവിക താവളം പണിയാനുള്ള ഇന്ത്യയുടെ നീക്കത്തിന് ചൈന തുരങ്കംവെച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സീഷെൽസിനെ ഇന്ത്യ വിടാതെ പിടികൂടിയിട്ടുണ്ടെന്നാണ് വിവരം.