ലണ്ടൻ: ഇന്ത്യൻ സംസ്‌കാരത്തെയും മൂല്യങ്ങളെയും ആദരിക്കുന്നയാൾ. ഒറ്റനോട്ടത്തിൽ സിമിയോൺ ഒ'ബ്രയനെ കണ്ടാൽ അങ്ങനെയേ തോന്നൂ. കഴുത്തിൽ ഓം എന്ന ലോക്കറ്റ് ധരിച്ചും നെറ്റിയിൽ കുറി തൊട്ടും നടക്കുന്ന സിമിയോണിന് പക്ഷേ, മദ്യം കിട്ടാതായപ്പോൾ സമനില തെറ്റി. മുംബൈയിൽനിന്ന് ഹീത്രൂവിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരെ തെറിയഭിഷേകം നടത്തുകയും മുഖത്ത് തുപ്പുകയും ചെയ്തതിന് അറസ്റ്റിലായ സിമിയോണിന് യാത്രാവിലക്ക് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവന്നേക്കും.

താനൊരു ഇന്റർനാഷണൽ ക്രിമിനൽ ലോയറാണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു നോർത്തേൺ അയർലൻഡിൽനിന്നുള്ള 50-കാരിയായ സിമിയോണിന്റെ പരാക്രമം. തെറിവിളിയും പരാക്രമവും അതിരുവിട്ടതോടെ ബിസിനസ് ക്ലാസിലെ മറ്റുയാത്രക്കാരും പരിഭ്രാന്തരായി. തികഞ്ഞ വർണവെറിയാണ് സിമിയോണിനെ ഇത്തരമൊരു പ്രകടനത്തിലേക്ക് നയിച്ചതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. വംശീയാധിക്ഷേപം വെളിപ്പെടുത്തുന്നതായിരുന്നു അവരുടെ ഓരോ വാക്കുകളും.

ഞാൻ നിങ്ങൾക്കുവേണ്ടി ജോലി ചെയ്യുന്നയാളാണ്. വൃത്തികെട്ട റോഹിങ്യകൾക്കുവേണ്ടിയും വൃത്തികെട്ട ഏഷ്യാക്കാർക്കുവേണ്ടിയുമൊക്കെ. ഞാനൊരു ഇന്റർനാഷണൽ ക്രിമിനൽ ലോയറാണെന്നോർക്കണം. പണം കിട്ടില്ലെന്ന കരുതിയാണോ ഒരു ഗ്ലാസ് വൈൻ പോലും തരാൻ നിങ്ങൾ തയ്യാറാകാത്തത്?...എന്നിങ്ങനെയായിരുന്നു ബെൽഫാസ്റ്റുകാരിയായ സിമിയോണിന്റെ അസഭ്യവർഷം. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. സിമിയോണിന്റെ അസഭ്യവർഷം ക്ഷമയോടെ സഹിച്ച വിമാനജീവനക്കാരുടെ പരാതിയെത്തുടന്ന് വിമാനം ലാൻഡ് ചെയ്തയുടൻ ഇവർ അറസ്റ്റിലായി.

ബ്രിട്ടനിൽ അഭിഭാഷകയായി പ്രവർത്തിക്കുന്ന സിമിയയോൺ വർഷങ്ങളോളം ഇന്റർനാഷണൽ ലോയറായി ഫലസ്തീനിൽ ജോലി ചെയ്തിട്ടുണ്ട്. രണ്ടുമാസമായി ഗോവയിൽ താമസിക്കുകയായിരുന്ന അവർ ബെൽഫാസ്റ്റിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. അമിതമായി മദ്യപിച്ച നിലയിലായിരുന്നു സിമിയോണെന്നും അതുകൊണ്ടാണ് കൂടുതൽ മദ്യം കൊടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നും വിമാനജീവനക്കാർ പറഞ്ഞു. സർവീസ് ഏരിയയിൽനിന്ന് ഇവർ ഒരുകുപ്പി മദ്യം മോഷ്ടിച്ചത് ജീവനക്കാർ കൈയോടെ പിടികൂടുകയും ചെയ്തു. ഇതോടെയാണ് ഇവർ പ്രകോപിതയായി ബഹളംവെക്കാൻ തുടങ്ങിയത്.

മദ്യം ലഭിക്കണമെന്ന വാശിയിൽ ബഹളം തുടർന്നുകൊണ്ടേയിരുന്ന സിമിയോൺ അടങ്ങിയത് പൈലറ്റിൽനിന്ന് കിട്ടിയ കർശന നിർദേശത്തെത്തുടർന്നാണ്. ജീവനക്കാർ വിമാനത്തിലെ നിയമങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അത് തെറ്റിക്കാനാവില്ലെന്നും പൈലറ്റ് വ്യക്തമാക്കി. ഹീത്രൂ വിമാനത്താവളത്തിലിറങ്ങിയ ഉടൻ മൂന്നുപൊലീസുകാരെത്തി ഇവരെ അറസ്റ്റ് ചെയ്തുകൊണ്ടുപോവുകയും ചെയ്തു.

എന്നാൽ, എയർ ഇന്ത്യ വിമാനത്തിലെ യാത്രയുമായി ബന്ധപ്പെട്ട് രണ്ടുദിവസമായി ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു സിമിയോൺ എന്ന വാദവും ഇതോടൊപ്പമുയരുന്നുണ്ട്. തീർത്തും അസ്വസ്ഥയായാണ് അവർ വിമാനത്തിൽ കയറിയത്. ട്യൂമർ ബാധിതയായ ഇവർ മൂക്കിന് മുകളിൽ ഒരു ബാൻഡേജും ധരിച്ചിരുന്നു. ഇതൊന്നും അവർ ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നില്ലെന്ന് സഹയാത്രികർ പറയുന്നു.

ഇന്റർനാഷണൽ ലോയറാണെന്നും ഗസ്സയിൽ ജോലി ചെയ്തിട്ടുണ്ടെന്നുമൊക്കെയായിരുന്നു അവരുടെ അവകാശവാദമെന്ന് യാത്രക്കാരിലൊരാൾ പറഞ്ഞു. തീർത്തും നിലവിട്ട അവസ്ഥയിലായിരുന്നു അവർ. എല്ലാവരെയും ജയിലിലടയ്ക്കുമെന്ന് അവർ ഭീഷണിപ്പെടുത്തി. ബഹളവും അസഭ്യവർഷവും തുടർന്നതോടെ മറ്റുയാത്രക്കാർക്ക് ഉറങ്ങാൻപോലും പറ്റാത്ത അവസ്ഥയായി. സ്ത്രീകളാകെ പരിഭ്രാന്തരായ അവസ്ഥയിലായിരുന്നുവെന്നും യാത്രക്കാരിലൊരാൾ പറഞ്ഞു. എന്നാൽ, സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ സിമിയോൺ തയ്യാറായിട്ടില്ല.