രേസമയം ബ്രെക്‌സിറ്റ് അനുകൂലികളും ബ്രെക്‌സിറ്റ് വിരുദ്ധരും പിണങ്ങിയതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ഭാവി തുലാസിലായി. ബ്രെക്‌സിറ്റുമായി മുമ്പോട്ടുപോകാൻ കഴിയാത്ത സാഹചര്യം രൂപപ്പെട്ടതോടെ പ്രധാനമന്ത്രി പദവി രാജിവെക്കേണ്ടി വരുമെന്ന ഊഹാപോഹങ്ങൾ സജീവമായി. ബ്രെക്‌സിറ്റ് മായം ചേർത്തുവെന്നും വ്യവസ്ഥകൾ ലഘൂകരിക്കപ്പെട്ടു എന്നും ആരോപിച്ച് ബ്രെക്‌സിറ്റ് അനുകൂലികളും മറ്റൊരു റഫറണ്ടം കൂടി നടത്തണമെന്നാവശ്യപ്പെട്ട് ബ്രെക്‌സിറ്റ് വിരുദ്ധരും രംഗത്തിറങ്ങിയതോടെയാണ് ചർച്ചകൾ എല്ലാം പൊളിഞ്ഞത്. യൂറോപ്യൻ യൂണിയനുമായി ചർച്ചകളെല്ലാം പൂർത്തിയാക്കി കരാർ വ്യവസ്ഥകൾ കാബിനെറ്റിൽ അവതരിപ്പിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ട നിലയിലേക്ക് നീങ്ങിയത്.

ബ്രെക്‌സിറ്റ് കരാറിൽ വെള്ളം ചേർത്ത തെരേസയെ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബ്രെക്‌സിറ്റ് വാദികൾ കലഹമുയർത്തുന്നത്. ഇതിന്റെ ഭാഗമായാണ് ബ്രെക്‌സിറ്റ് സെക്രട്ടറിയടക്കം നാല് മന്ത്രിമാർ രാജിവെച്ചത്. ബ്രെക്‌സിറ്റ് സെക്രട്ടറി ഡൊമിനിക് റാബ്, ജൂനിയർ ബ്രെക്‌സിറ്റ് സെക്രട്ടറി സ്യൂവെല്ല ബ്രേവർമാൻ, ഇന്ത്യൻ വംശജയായ നോർത്തേൺ അയർലൻഡ് മന്ത്രി ശൈലേഷ് വാര, വർക്‌സ് ആൻഡ് പെൻഷൻസ് സെക്രട്ടറി എസ്തർ മക്‌വേ എന്നിവരാണ് രാജിവെച്ചത്. കൂടുതൽ മന്ത്രിമാർ രാജി സന്നദ്ധത അറിയിച്ചതായും സൂചനയുണ്ട്. ഇതോടെ, കൺസർവേറ്റീവ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സർക്കാർ കടുത്ത പ്രതിസന്ധിയിലായി.

കഴിഞ്ഞദിവസം ഒപ്പിട്ട ബ്രെക്‌സിറ്റ് കരാറിലെ വ്യവസ്ഥകളിൽ ചിലത് യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോവുകയെന്ന ബ്രിട്ടന്റെ ലക്ഷ്യത്തെ തകർക്കുന്നതാണെന്ന ആരോപിച്ചാണ് ഇവരുടെ രാജി. പ്രത്യേകിച്ചും വ്യാപാരബന്ധം സംബന്ധിച്ച് 2021 ഡിംബറിനുള്ളിൽ കരാറുണ്ടാക്കിയില്ലെങ്കിൽ ബ്രിട്ടനെ വീണ്ടും യൂറോപ്യൻ യൂണിയൻ കസ്റ്റംസ് യൂണിയനുകീഴിൽ നിലനിർത്താൻ യൂറോപ്യൻ യൂണിയന് അനുമതി നൽകുന്ന നിബന്ധനയെ എതിർത്താണ് ഇവർ രാജിവെച്ചത്. ബ്രിട്ടന്റെ പരമാധികാരത്തിനെതിരാണ് ഈ നിബന്ധനയെന്നും ബ്രെക്‌സിറ്റ് എന്ന ആശയത്തെ പൂർണമായും ഇല്ലാതാക്കുകയാണ് ഇതെന്നും അവർ പറയുന്നു.

ബ്രെക്‌സിറ്റ് കരാറിന് കഴിഞ്ഞദിവസം മന്ത്രിസഭയുടെ അനുമതി നേടിയെടുക്കാൻ തെരേസ മെയ്‌ക്ക് സാധിച്ചിരുന്നു. മന്ത്രിമാരിൽപലരും എതിർപ്പ് ഉന്നയിച്ചെങ്കിലും അനുമതി നേടുംവരെ അവരാരും രാജിവെക്കാതിരുന്നത് തെരേസയുടെ വിജയമായി വിലയിരുത്തപ്പെട്ടിരുന്നു. ഡിസംബറിൽ കരാർ പാർലമെന്റിൽ വരുമ്പോൾ അത് പാസ്സാക്കിയെടുക്കുന്ന തന്ത്രങ്ങളൊരുക്കാനും ചർച്ചകളിലേക്കും സർക്കാർ കടന്നിരുന്നു. എന്നാൽ, അതിനിടെയാണ് ബ്രെക്‌സിറ്റ് സെക്രട്ടറിയടക്കം നാല് മന്ത്രിമാരുടെ രാജി സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പുതിയ സംഭവവികാസങ്ങളോടെ കരാറിന് പാർലമെന്റിൽ കരകയറാനാകുമോ എന്നത് ഉറപ്പില്ലാത്ത കാര്യമായി.

318 പേരുട പിന്തുണയുണ്ടെങ്കിൽ മാത്രമേ കരാർ പാർലമെന്റിൽ പാസ്സാക്കാനാവൂ. ഭൂരിപക്ഷമില്ലാത്ത സർക്കാരിന് അത് സാധ്യമല്ല. നിലവിൽ 230 പേരുടെ പിന്തുണയാണ് തെരേസയ്ക്ക് ഉറപ്പിക്കാനായത്. ബ്രെക്‌സിറ്റിനെ എതിർക്കുന്നവർക്കൊപ്പം തന്റെ മന്ത്രിസഭയിലെ വിമതരും കൈകോർത്തതോടെ തെരേസ കടുത്ത പ്രതിസന്ധിയിലേക്കാണ് പോകുന്നത്. അയർലൻഡ് ഡമോക്രാറ്റിക് യൂണിയൻ (ഡി.യു.പി.) തന്നെ പിന്തുണയ്ക്കുമെന്ന തെരെസയുടെ പ്രതീക്ഷയ്ക്കും മങ്ങലേറ്റിട്ടുണ്ട്. നോർത്തേൺ അയർലൻഡിന്റെയും റിപ്പബ്ലിക്ക് ഓഫ് അയർലൻഡിന്റെയും അതിർത്തി സംബന്ധിച്ച് കരാറിൽ പൂർണ വ്യവസ്ഥയില്ലാത്തതാണ് ഡി.യു.പി.യുടെ പ്രതിഷേധത്തിനുകാരണം.

തെരേസയ്‌ക്കെതിരേ കടുത്ത പ്രതിഷേധവുമായി ടോറികൾ തന്നെ രംഗത്തുവന്നുതുടങ്ങിയിട്ടുണ്ട്. നോർത്ത് ഈസ്റ്റ് സോമർസെറ്റ് എംപി.യായ ജേക്കബ് റീസ്-മോഗ് തെരേസയുമായി പരസ്യമായി ഉടക്കുകയും പാർലമെന്റിനുപുറത്ത് പത്രസമ്മേളനം വിളിച്ച് തനിക്ക് പ്രധാനമന്ത്രിയിൽ വിശ്വാസമില്ലെന്ന് തുറന്നടിക്കുകയും ചെയ്തു. അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹവും 15 എംപിമാരും. അവിശ്വാസപ്രമേയത്തിന് നോട്ടീസ നൽകാൻ 48 എംപിമാരുടെ പിന്തുണയാവശ്യമാണ്. അത് സമാഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് ഈ എംപിമാർ പറഞ്ഞു.

ടോറികളിലെ മിതവാദികളിലാണ് തെരേസയുടെ പ്രതീക്ഷ. സർക്കാരിനെ താഴെവീഴ്‌ത്താനും തെരേസയെ പുറത്താക്കാനുമല്ല ഇവരുടെ ഉദ്ദേശ്യമെന്ന് അവർ പറഞ്ഞു. ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയാവും അത് ചെയ്യുക. ബ്രെക്‌സിറ്റ് നടപടികൾ പാതിവഴിക്ക് മുടക്കാനേ അതുപകരിക്കൂ എന്നും തെരേസയെ പിന്തുണയ്ക്കുന്ന എംപിമാർ പറയുന്നു. അവിശ്വാസപ്രമേയവുമായി വിമതർ മുന്നോട്ടുപോവുകയാണെങ്കിൽ സധൈര്യം അതിനെ നേരിടുമെന്ന് തെരേസ മെയ്‌ പ്രതികരിച്ചു. എന്നാൽ, കൂടുതൽ മന്ത്രിമാർ രാജിവെക്കാനൊരുങ്ങുകയാണെന്ന വാർത്ത തെരേസയെ വിഷമിപ്പിക്കുന്നുണ്ട്. മൈക്കൽ ഗോവ്, ക്രിസ് ഗ്രെയ്‌ലിങ്, പെന്നി മോർഡോന്റ് തുടങ്ങിയ മന്ത്രിമാർ രാജിവെക്കുമെന്നാണ് സൂചന. പുതിയ ബ്രെക്‌സിറ്റ് സെക്രട്ടറിയാകാനുള്ള തെരേസയുടെ ക്ഷണം നിരാകരിച്ചാണ് മൈക്കൽ ഗോവ് പിന്മാറാൻ ഒരുങ്ങുന്നത്.